ADVERTISEMENT

ആവശ്യപ്പെട്ട പണം നൽകാത്തതിന്റെ വൈരാഗ്യത്തിൽ അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ കുണ്ടറ പൊലീസ് പിടികൂടി. പടപ്പക്കര പുഷ്പ വിലാസത്തിൽ അഖിൽ കുമാർ (25) ആണ് അറസ്റ്റിലായത്. സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ ശ്രീനഗറിൽ‍ ജോലിക്കു നിന്നിരുന്ന വീട്ടിൽ നിന്നാണ് പിടികൂടിയത്.കഴിഞ്ഞ ഓഗസ്റ്റ് 16നാണ് പടപ്പക്കര പുഷ്പ വിലാസത്തിൽ പുഷ്പലത (55), പുഷ്പലതയുടെ പിതാവ് ആന്റണി (77) എന്നിവരെ അഖിൽ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. ലഹരിക്ക് അടിമയായ അഖിൽ കുടുംബാംഗങ്ങളെ ആക്രമിക്കുന്നത് പതിവായിരുന്നു.

സംഭവ ദിവസം ഒരു ലക്ഷം രൂപ ചോദിച്ച് അഖിൽ വഴക്കിട്ടു. പുഷ്പലത പൊലീസ് കൺട്രോൾ റൂമിൽ പരാതി നൽകി. തുടർന്ന് പൊലീസ് എത്തി അഖിലിനെ താക്കീത് ചെയ്ത് വിട്ടു. ഇതിന്റെ വൈരാഗ്യത്തിലാണ് ചുറ്റിക കൊണ്ട് തലയിൽ അടിച്ചും ഉളി കൊണ്ട് കുത്തിയും ഇരുവരെയും കൊലപ്പെടുത്തിയത്.പിറ്റേന്ന് രാവിലെ 11.30ഓടെ ചണ്ഡിഗഡിൽ പഠിക്കുന്ന മകൾ അഖില പുഷ്പലതയെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനാൽ സമീപത്തെ ബന്ധുവിനെ വിളിച്ച് അറിയിച്ചു. തുടർന്ന് വീട്ടിൽ തിരക്കിയെത്തിയ ബന്ധുക്കളാണ് പുഷ്പലതയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സമീപത്തെ മുറിയിൽ തലയിലെ മുറിവിൽ നിന്ന് ചോര വാർന്ന് അവശനിലയിലായ ആന്റണിയെ ഉടൻ തന്നെ കുണ്ടറ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും‍ പ്രവേശിപ്പിച്ചെങ്കിലും 29ന് മരിച്ചു. ആക്രമണത്തിന് ശേഷം വീട്ടിൽ നിന്ന് പോയ അഖിൽ കൊട്ടിയത്തെ ഒരു‍ കടയിൽ പുഷ്പയുടെ മൊബൈൽ ഫോൺ 1500 രൂപയ്ക്ക് വിറ്റതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടർന്ന് ഓഗസ്റ്റ് 21ന് ദില്ലിയിൽ എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചതായി പൊലീസ് കണ്ടെത്തി. ആക്രമണത്തിന് ശേഷം പ്രതി സ്വന്തം മൊബൈൽ ഫോൺ ഓൺ ആക്കുകയോ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുകയോ ചെയ്യാതിരുന്നത്  പൊലീസിനെ കുഴക്കി.

കുളു, മനാലി തുടങ്ങിയ സ്ഥലങ്ങളിൽ കടകളിലും മറ്റും ജോലിക്ക് ചെയ്താണ് യാത്രയ്ക്കുള്ള പണം കണ്ടെത്തിയിരുന്നത്. കട ഉടമകളുടെ ഫോണിൽ നിന്ന് സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്കാണു ശമ്പളം അയച്ചിരുന്നത്. ആവശ്യമുള്ളപ്പോൾ അടുത്ത് നിൽക്കുന്നവർക്ക് സുഹൃത്തിനെ കൊണ്ട് ഗൂഗിൾ പേ ചെയ്ത ശേഷം അവരിൽ നിന്ന് പണമായി വാങ്ങും.ഇതിനിടെ രാജ്യത്തെ പ്രധാന ബാങ്കുകളുടെ ഹെഡ് ഓഫിസ് വഴി പ്രതിക്ക് ബാങ്ക് അക്കൗണ്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു. 25 ദിവസം മുൻപ് അഖിലിന്റെ യൂണിയൻ ബാങ്ക് അക്കൗണ്ടിൽ നിന്ന് ശ്രീനഗറിൽ നിന്ന് പണം പിൻവലിച്ച വിവരം പൊലീസിന് ലഭിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്രീനഗറിലെ ഒരു വീട്ടിൽ ജോലിക്ക് നിന്നിരുന്ന പ്രതിയെ പൊലീസ് പിടികൂടിയത്. ഇതിനിടെ ശ്രീനഗറിലുള്ള ഒരു മലയാളി യുവാവ് അഖിലിനെ തിരിച്ചറിയുകയും ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിപിഒയായ സുഹൃത്തിനെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് കുണ്ടറ എസ്എച്ച്ഒ വി. അനിൽകുമാർ, സിപിഒ അനീഷ്, ഹരിപ്പാട് സ്റ്റേഷനിലെ സിപിഒ നിഷാദ് എന്നിവർ ശ്രീനഗറിൽ എത്തി പ്രതിയെ പിടികൂടുകയായിരുന്നു.  ശ്രീനഗർ പൊലീസ് സ്റ്റേഷനിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി. പ്രതിയെ ഇന്നു വൈകിട്ടോടെ നാട്ടിലെത്തിക്കും.

ADVERTISEMENT
ADVERTISEMENT