Wednesday 27 March 2024 12:17 PM IST

അടച്ചു പൂട്ടിയ ഗുഡ്സ് വാഗണില്‍ ശ്വാസംകിട്ടാതെ മരിച്ചവർ... ആ ഓർമകളിൽ മിഴിനീരണിഞ്ഞ് 120കാരി കുഞ്ഞീത്തുമ്മ

Delna Sathyaretna

Sub Editor

kunjeerumma

മലപ്പുറം വളാഞ്ചേരിക്കടുത്തു പൂക്കാട്ടിരിയിൽ വഴിയരികിലെ തൊട്ടാവാടിക്കും തൊടികളിലെ െചറുചെടികള്‍ക്കും കണ്ടുമുട്ടുന്ന ആര്‍ക്കും കുഞ്ഞീരുമ്മയുടെ വീടു ചോദിച്ചാലറിയാം. കുഞ്ഞീത്തുമ്മയെന്നാണു രേഖകളിലെ പേരെങ്കിലും എല്ലാവരും സ്നേഹം കുറുക്കി കുഞ്ഞീരുമ്മയെന്നാണു വിളി. തിരിഞ്ഞും വളഞ്ഞും ഇടുങ്ങിയ വഴി നേരേ ചെല്ലുന്നതു വീടിന്റെ ഉമ്മറത്തേക്ക്. കലമ്പൻ തറവാടിനു പിന്നിലെ പാടത്തു നിന്നു കൊയ്തെടുത്ത നെല്ലെല്ലാം വെയിലിൽ പൊന്നുപോലെ മിന്നിത്തിളങ്ങി മുറ്റത്തുണ്ട്.

കുഞ്ഞീത്തുമ്മയുെട മുറിയിലെത്തി കസേര വലിച്ചിട്ടിരുന്ന ഫൊട്ടോഗ്രഫറെ കണ്ണ് പലതവണ അടച്ചും തുറന്നും േനാക്കി ലോകമുത്തശ്ശി പറഞ്ഞു, ‘എന്റെ ചെറിയ മോനല്ലേ... അത്.’ പറഞ്ഞതു ശരിയല്ലെങ്കിലും ‘അതേ‍, അതേ’ എന്നു പറഞ്ഞു മുറിയിലുണ്ടായിരുന്നവരെല്ലാം പലവട്ടം അതു ശരിവച്ചു. ലോകത്തെ ഏറ്റവും പ്രായമുള്ള അമ്മയ്ക്ക് എല്ലാവരും ചെറിയ മക്കൾ തന്നെ!

കുഞ്ഞീത്തുമ്മയുടെ ആധാർ കാർഡിലെ ജനനത്തീയതി ആയിരത്തി തൊള്ളായിരത്തി മൂന്ന് ജൂൺ രണ്ടാണ്. ഈ ഭൂമിയിൽ അതിനും മുൻപൊരു ദിവസത്തിനു സാക്ഷിയായ ആരും ജീവനോടെയുള്ളതായി രേഖകളില്ല. അഞ്ചു വർഷം മുൻപ് കൂഞ്ഞീത്തുമ്മയൊന്നു വീണ് എളിക്കു പൊട്ടലുണ്ടായി. അന്നു ചികിത്സിച്ച ഡോക്ടറാണ് ആധാര്‍ കാര്‍ഡിലെ ജനനത്തീയതി കണ്ടു െഞട്ടിയതും ആദ്യമായി വീഡിയോ ചിത്രീകരിച്ചു പോസ്റ്റു ചെയ്തതും. അതോടെ ഗിന്നസ് ബുക്കിലെ ഏറ്റവും പ്രായമുള്ള വ്യക്തി നൂറ്റിപ്പതിനാറുകാരി മരിയ ബ്രന്യാസിനെക്കാൾ നാലു വര്‍ഷം മുതിര്‍ന്ന ഉമ്മ നമ്മുടെ മലപ്പുറത്തുണ്ടെന്നു ലോകമറിഞ്ഞു. ഗിന്നസിൽ കുഞ്ഞീത്തുമ്മയുടെ പേര് ഉൾപ്പെടുത്താനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

കലമ്പന്‍ സെയ്ദാലി നിക്കാഹ് ചെയ്യുമ്പോൾ കുഞ്ഞീത്തുമ്മയ്ക്കു പ്രായം പതിനാറ്. പന്ത്രണ്ടു പ്രസവങ്ങളിലായി പതിമൂന്നു മക്കളെ കുഞ്ഞീത്തുമ്മ പരിപാലിച്ചു. ഏറ്റവും ഇളയവന്‍ മുഹമ്മദിനും ഭാര്യ ഹഫ്സയ്ക്കുമൊപ്പമാണ് ഇപ്പോൾ താമസം.

തസ്ബീഹ് തൊട്ട്, ദിക്‌ര്‍ ചൊല്ലി...

‘‘ഉമ്മയ്ക്ക് ഏറെ നേരം എണീറ്റിരിക്കാൻ കയ്യൂല്ല. കുറച്ചു നേരം ഇരിക്കും. പിന്നെ കെടക്കണംന്നു പറയും. ഉറങ്ങാനും കയ്ക്കാനും ഒന്നിനും അങ്ങനെ നിർബന്ധോ ചിട്ടയോ ഇല്ല. ചെലേ ദീസം രാത്രി രണ്ടു മണിക്കൊക്കെ എണീറ്റിരുന്നു വർത്താനം പറയും. പണ്ടത്തെ കാര്യങ്ങളാണെല്ലാം. പാടത്തെ കാര്യോം പയ്ക്കൾടെ കാര്യോം ഒക്കെ പറയും. നല്ലോണം ഉറങ്ങണ ദീസം നേരത്തേ എണീക്കും.’’ ഹഫ്സ പറയുന്നു. കുഞ്ഞീത്തുമ്മയ്ക്കു മുടി കെട്ടിക്കൊടുത്തും കുളിപ്പിച്ചും ചിലപ്പോഴൊക്കെ ഭക്ഷണം വാരിക്കൊടുത്തും കുഞ്ഞുകുട്ടിയെപ്പോലെ പരിചരിക്കുന്നത് ഇപ്പോൾ ഹഫ്സയാണ്.

വീഴ്ചയ്ക്കു ശേഷം കുഞ്ഞീത്തുമ്മയ്ക്കു നടക്കാനൊക്കെ ബുദ്ധിമുട്ടാണ്. മറ്റു മുറികളിലേക്കോ ഉമ്മറത്തേക്കോ വരുന്നതു വീൽചെയറിലായി. പുറത്തേക്കു വരുമ്പോ മുടി മറഞ്ഞിരിക്കണമെന്ന് അന്നും ഇന്നും നിർബന്ധം. കയ്യുള്ള കുപ്പായവും കാച്ചിമുണ്ടും െവള്ളത്തുണിയുെട തട്ടവുമിട്ട് ഒരുങ്ങിയാണ് എപ്പോഴും ഇരുപ്പ്. കയ്യിൽ പ്രാർഥനയോടെ പിടിച്ച തസ്ബീഹ് മാലയും കാണും. അതില്‍ തൊട്ട് ദിക്‌ർ െചാല്ലും ഇടയ്ക്കിടയ്ക്ക്. പതിനാറാം വയസ്സിൽ മണവാട്ടിയായ നാൾ മുതല്‍ കാതിലിട്ട സ്വർണച്ചിറ്റുകൾ ഇപ്പോഴുമുണ്ട്.

kunjeerumma-2 മകന്‍ മുഹമ്മദ്, ഭാര്യ ഹഫ്സ, നസീജ (ചെറുമകൻ കമറുദീന്റെ ഭാര്യ) എന്നിവരോെടാപ്പം കുഞ്ഞീത്തുമ്മ

കുട്ടികളെക്കണ്ടാൽ ഏറെനേരം നോക്കിയിരിക്കും. മടിയിലിരിക്കാന്‍ വിളിക്കും. അവരെ നോക്കിച്ചിരിക്കുന്ന കുഞ്ഞീത്തുമ്മയുടെ മോണയ്ക്കു താങ്ങായി ചെറിയ വെള്ളത്തൂണുകൾ പോലെ പല്ലുകൾ മൂന്നെണ്ണം ബാക്കി.

ചക്ക വേണം.. ചക്ക

‘‘എല്ലാ ഭക്ഷണോം ഉമ്മ കയ്ക്കും. തന്നേ വാരി കയ്ക്കുമ്പോ കുറേയൊക്കെ വായിലോട്ടും കൊറച്ച് തറയിലോട്ടും പോകും. ചിറിയൊക്കെ വൃത്തികേടാകും. അതൊക്കെ ഞാൻ വൃത്തിയാക്കിക്കൊടുക്കും. ബാത്റൂമിലേക്കെത്തും മുൻപേ ചിലപ്പോ മൂത്രം പൊയ്പ്പോകും. അതൊക്കെ വൃത്തിയാക്കി മിടുക്കിയാക്കി ഇരുത്തിയാൽ ഉമ്മയ്ക്കു കുട്ടികളുടേതു പോലെ നല്ല മണമാണ് എപ്പോഴും.

പുളിയിഞ്ചി വലിയ ഇഷ്ടാണ്. കറികൾ കൊടുത്താൽ ചിലതൊക്കെയേ കാണൂ. കാണുന്നത് എടുത്തു കഴിച്ചോളും. ചിലത് തൊടാതെയിരിക്കും. അതു കൂടെ നിന്നു പറഞ്ഞു കഴിപ്പിക്കണം. രണ്ടു മൂന്നു ദീസം മുൻപു ചക്ക കഴിക്കണമെന്നു പെരുത്ത് ആശ പറഞ്ഞ്. പറമ്പീന്ന് ചക്കയെടുത്തു വച്ചു കൊടുത്തപ്പോ സന്തോഷായി.’’ഹഫ്സ കുഞ്ഞീത്തുമ്മയുടെ ഇഷ്ടങ്ങളും ആവശ്യങ്ങളും മനഃപാഠം പോലെയാണു പറയുന്നത്.

ഫോട്ടോയ്ക്കു പോസു ചെയ്യാനും എല്ലാവരെയും ക ണ്ടിരിക്കാനും ഈ പ്രായത്തിലും ഉത്സാഹമാണ്. കുറച്ചുനാളായി കേൾവി അൽപം പുറകോട്ടായിട്ടുണ്ട്. എന്തെങ്കിലും ചോദിക്കണമെങ്കില്‍ വീൽ ചെയറിന്റെ കയ്പിടിച്ചു കാതോളമെത്തണം. കണ്ണിൽ നോക്കി ചോദിച്ചാൽ കാര്യം നടക്കില്ല. ഒന്നു സഹായിക്കാമോയെന്നു ചെവിയോടു നേരിട്ടു തന്നെ ചോദിക്കണം. ‘ഫോട്ടോ എടുക്കുമ്പോ നന്നായി ചിരിക്കണേ...’ ലോകത്തിലെ ഏറ്റവും പ്രായമേറിയ ചെവിയോടു സ്വകാര്യം ഉച്ചത്തിൽത്തന്നെ പറഞ്ഞു. പക്ഷേ, പിന്നെയും വോൾട്ടേജ് മിന്നിയില്ല. ‘ചിറ്ക്ക് ഉമ്മാാ..’ ചെവികൾക്കു പരിചയമുള്ള വാക്കുകൾ കേട്ടതും മുഖം മിന്നി. ഒപ്പം ചിരിയും. ചിരി പോലെയാണു കുഞ്ഞീത്തുമ്മയ്ക്കു വർത്തമാനവും. ചിലപ്പോ മിന്നും. മറ്റു ചിലപ്പോ മറയും.

‘‘ഉമ്മ സ്കൂളില്‍ പോയിട്ടില്ല, ഒാത്തുപള്ളിയില്‍ പോയി ഖുറാന്‍ ഒാതാനൊക്കെ പഠിച്ചു. സഹോദരങ്ങളിൽ ആദ്യം നിക്കാഹ് കഴിഞ്ഞതും ഉമ്മയുടേതാണ്.’’ കുഞ്ഞീത്തുമ്മയുടെ പെൺമക്കളിൽ ഇളയവളായ ഫാത്തിമ പറയുന്നു. ‘‘ഉമ്മേടെ തറവാടും ഉപ്പേടെ തറവാടും അധികം ദൂരത്തിലല്ല. കുറച്ചു സമയം മതി അവിടേക്കെത്താൻ.

എന്നാലും ഉമ്മാന്റെ തറവാട്ടിൽ പോയ അധികം ഓർമയൊന്നും ഞങ്ങൾക്കില്ല. അവിടെ തറവാട്ടിലും കുറേപ്പേരുണ്ടായിരുന്നു. അന്നൊക്കെ പെണ്ണുങ്ങളെ പുറത്തേക്കൊന്നും വിടൂല്ല. കെട്ടും കുട്ടികളും ഒക്കെയായാൽ എല്ലാം അടുപ്പിച്ചു കൊടുക്കും. പിന്നെ വീട്ടിനുള്ളിൽത്തന്നെയാണു ജീവിതം. 20 വർഷത്തോളമായി ഉപ്പ മരിച്ചിട്ട്. ഞങ്ങൾ മക്കളൊക്കെ വേറേ വീട് വച്ചു താമസം തുടങ്ങിയതില്‍ പിന്നെ, ഉമ്മ ഇടയ്ക്കു ഞങ്ങളോടൊപ്പം വന്നു നിക്കും. വീണ് എല്ലു പൊട്ടിയേപ്പിന്നെ അതില്ല.

kunjeerumma-3 കുഞ്ഞീത്തുമ്മയുെട 120 ാം പിറന്നാളിനു കുടുംബാംഗങ്ങള്‍ ഒത്തു കൂടിയപ്പോള്‍

ഉപ്പേടേം ഉമ്മേടേം നിക്കാഹിന്റെ കാലത്തൊക്കെ മണവാളനും മണവാട്ടീം പരസ്പരം കാണലു കൂടിയില്ല. പണ്ട് ഉപ്പാന്റെ ഉപ്പ, ഞങ്ങടെ ഉപ്പൂപ്പ എന്തോ ആവശ്യത്തിന് ഉമ്മാന്റെ തറവാട്ടിൽ പോയപ്പോ ഉമ്മാനെ കണ്ട് ഇഷ്ടായിട്ടു കല്യാണം ആലോചിച്ചതാണെന്നു കേട്ടിട്ടുണ്ട്. രാത്രിയായിരുന്നത്രേ നിക്കാഹ്. ഉമ്മ, ഉപ്പയെ ആദ്യായിട്ടു കാണുന്നതു നിക്കാഹ് കഴിഞ്ഞ് ഉപ്പാന്റെ വീട്ടിലെത്തിയപ്പോഴാണ്.

അവിടെ കൂട്ടുകുടുംബായിരുന്നു. നാത്തൂന്മാരും നിറയെ അമ്മായിമാരും പാടത്തും പറമ്പിലും നിറയെ പണിയും ഒക്കെയുണ്ട്. ഉമ്മ പണ്ടത്തെ കാര്യങ്ങൾ അധികം പറയണ ഓർമയില്ല. പറഞ്ഞിട്ടുള്ളപ്പോ ചെവികൊടുത്തിട്ടുമില്ല.’’

ഖിലാഫത്ത് പ്രസ്ഥാനം‍, മലബാര്‍ കലാപം, വാഗണ്‍ട്രാജഡി, സ്വാതന്ത്യസമരം എന്നൊക്കെ ചോദിച്ചപ്പോള്‍ കുഞ്ഞീത്തുമ്മ െചവി കൂര്‍പ്പിച്ചു േകട്ടിരുന്നു. ആ മനസ്സില്‍ കടലിരമ്പുകയാകാം. ബ്രിട്ടീഷുകാരുെട േതാക്കിനു മുന്നില്‍ പതറാതെ നിന്ന സഹോദരന്മാരെയോര്‍ത്തും അടച്ചു പൂട്ടിയ ഗുഡ്സ് വാഗണില്‍ ശ്വാസംകിട്ടാതെ മരിച്ചവരെക്കുറിച്ചോര്‍ത്തുമാകാം ഉമ്മയുെട കണ്ണുകള്‍ നിറഞ്ഞു.

എന്തോ സംസാരിക്കാൻ ശ്രമിച്ചെങ്കിലും നാവു കൂട്ടാക്കിയില്ല. തപ്പിത്തടഞ്ഞ് ‘ഖിലാഫത്തോ..ഓ ഓർക്കാൻ പറ്റണില്ല’ എന്നു പറഞ്ഞു ചുരുണ്ടു കിടപ്പായി. രണ്ടോ മൂന്നോ വാക്കുകള്‍ പറയുമ്പോഴേ നാവു തളരും. പിന്നെ വിശ്രമം വേണം.

‘‘പാടത്ത് ആടുകളെ മേയ്ക്കാന്‍ പോയപ്പോള്‍ െവടിയൊച്ച േകട്ടെന്നും കുന്തവുമായി വന്ന പട്ടാളക്കാരെ കണ്ട് ഒാടിയൊളിച്ചെന്നും ഒക്കെ പണ്ടു പറയുമായിരുന്നു.’’ ഫാത്തിമ്മ ഒാര്‍ക്കുന്നു. ‘‘ഖിലാഫത്ത് സമയത്ത് ഉപ്പൂപ്പാനെ പൊലീസ് പിടിച്ച് ആന്‍ഡമാനിലേക്ക് നാടു കടത്തി. പിന്നെ കുറേ ദീസം കഴിഞ്ഞു തിരിച്ചു വന്നു. കൂടുതലൊന്നും ഇതേക്കുറിച്ച് അറിയൂല്ല. അന്നത്തെക്കാലം അങ്ങനാണ്. ഒാരോ വീട്ടിലും മക്കളൊക്കെ കുറേയുണ്ടല്ലോ. നോക്കൊന്നും എല്ലാവരിലോട്ടും എത്തൂല. പോയാപ്പോയി, വന്നാ വന്നു. അങ്ങനൊക്കെ എങ്ങനേലും അങ്ങു ജീവിക്കും.’’

ന്നെ..പൊന്നു പോലെ നോക്കും

‘‘ബാ... മുടി കെട്ടിത്താ’’ ഹഫ്സയെ കുഞ്ഞീത്തുമ്മ സഹായത്തിനു വിളിച്ചു. രാവിലെ ഇളംചൂടുവെള്ളത്തിൽ കുളിപ്പിച്ചു സുന്ദരിയാക്കിയതാണ്. ഹഫ്സ അടുത്തെത്തിയപ്പോള്‍ സ്നേഹത്തോെട തൊട്ട് ഉമ്മ പറഞ്ഞു, ‘‘ഓളെന്നെ നല്ലോണം നോക്കും.’’കുഞ്ഞീത്തുമ്മയുടെ 13 മക്കളിൽ അഞ്ചു പേർ ചെറുപ്പത്തിലേ മരിച്ചു. വളർന്നു വലുതായ എട്ടു മക്കളിൽ നാലു പേരാണ് ഇപ്പോഴുള്ളത്. കുഞ്ഞീരിയയും ഫാത്തിമയും മൊയ്ദുവും മുഹമ്മദും. ഏറെക്കാലം ഗൾഫിലായിരുന്ന മുഹമ്മദ് ഇപ്പോള്‍ നാട്ടിലുണ്ട്.

െകാച്ചുമക്കളെക്കുറിച്ചു േചാദിക്കുമ്പോള്‍ അഞ്ചുതലമുറയുെട കളിചിരികള്‍ കണ്ട കണ്ണില്‍ തിളക്കം. മക്കളും മക്കളുെട മക്കളും അവരുെട മക്കളും കൊച്ചുമക്കളും എ ല്ലാം േചര്‍ന്ന് കുഞ്ഞീത്തുമ്മയുടെ നൂറ്റി ഇരുപതാം പിറന്നാള്‍ കഴിഞ്ഞ ജൂണില്‍ ആഘോഷമാക്കിയിരുന്നു. െപരുന്നാളുകള്‍ക്കും എല്ലാവരും ഒത്തുകൂടും. െെമലാഞ്ചിയിട്ട് ഒരുങ്ങുന്ന ഉമ്മയുടെ ചുറ്റും നിന്നു താളത്തില്‍ പാട്ടു പാടി അവർ ഒപ്പന കളിക്കും.

കുഞ്ഞീത്തുമ്മയ്ക്ക് ഈ പ്രായത്തിലും പ്രഷറും ഷുഗറും െകാളസ്ട്രോളുമൊന്നുമില്ല. നാടൻ മരുന്നുകളല്ലാതെ ഒന്നും കഴിക്കാറുമില്ല. എന്താണീ ആരോഗ്യരഹസ്യമെന്നു ചോദിക്കുമ്പോള്‍ മുഹമ്മദ് ചിരിയോെട പറഞ്ഞു, ‘മായം കലരാത്ത ശുദ്ധമായ ആഹാരം. പിന്നെ, കർഷക കുടുംബത്തില്‍ പിന്‍തുടര്‍ന്നു വന്ന വ്യായാമത്തെ വെല്ലുന്ന പണികളും. ‘മാഷാ അല്ലാഹ്...’

ഡെൽന സത്യരത്‍ന‌‌

ഫോട്ടോ: അസീം കോമാച്ചി