Tuesday 03 May 2022 11:42 AM IST : By അനിൽ പി. ജോർജ്

വിവാഹബന്ധം വേർപിരിഞ്ഞതോടെ മകനെ വളർത്താൻ പണിയ്ക്കിറങ്ങി; 30 വർഷം കൊണ്ട് കുഞ്ഞിപ്പെണ്ണ് കുഴിച്ചത് അഞ്ഞൂറിലധികം കിണറുകൾ!

kunjipennu6677

30 വർഷം കൊണ്ട് കുഞ്ഞിപ്പെണ്ണ് കുഴിച്ചത് അഞ്ഞൂറിലധികം കിണറുകൾ. അറുപത്തിയെട്ടാം വയസ്സിലും കിണർ കുഴിച്ചുകൊണ്ടേയിരിക്കുകയാണ് അടൂർ ഏറാത്ത് ചരുവിള കിഴക്കേതിൽ കുഞ്ഞിപ്പെണ്ണ്. കുഞ്ഞിപ്പെണ്ണും മകനുമാണ് ഇപ്പോൾ കിണർ കുഴിക്കാൻ നേതൃത്വം നൽകുന്നത്. നിലവിൽ, നൂറനാട് മുകളുവിള അയണിവിള ഭദ്രകാളി ക്ഷേത്ര കിണറിന്റെ നിർമാണമാണ് നടക്കുന്നത്. 1980 ൽ തമിഴ്നാട് സ്വദേശിയുമായി വിവാഹം കഴിഞ്ഞ കുഞ്ഞിപ്പെണ്ണിന്  മകൻ ജനിച്ചു. മകന് ഒരു വയസ്സുള്ളപ്പോൾ കുഞ്ഞിപ്പെണ്ണിന്റെ വിവാഹബന്ധം വേർപിരിയുകയും ചെയ്തു. 

മകനെ വളർത്താൻ കഷ്ടപ്പെട്ട കു‍ഞ്ഞിപ്പെണ്ണ് മൈക്കാട് പണിക്ക് ഇറങ്ങി. പിന്നീടാണ് കിണർ കുഴിക്കുന്ന ജോലി തുടങ്ങിയത്. ആണുങ്ങൾ മാത്രം ചെയ്യുന്ന ജോലിയെന്നു പറഞ്ഞ് പലരും മാറ്റി നിർത്തിയതോടെയാണ് സ്വന്തം വീട്ടിൽ ഒറ്റയ്ക്ക് കിണർ കുഴിച്ച് പരീക്ഷിച്ചത്. ആദ്യത്തെ കിണർ 32 തൊടി എത്തിയപ്പോൾ വെള്ളം കണ്ടു. കുഞ്ഞിപ്പെണ്ണിന്റെ ജോലി കാണാനെത്തിയ അടൂരിലെ ഒരു പള്ളി വികാരി സ്വന്തം വീട്ടിലെ കിണർ നിർമിക്കാൻ ചുമതലപ്പെടുത്തി. 15 ദിവസം കൊണ്ട് 15 തൊടി നിർമിച്ചപ്പോൾ വെള്ളം കണ്ടു. ആദ്യം ഒറ്റയ്ക്കായിരുന്നു കിണർ കുഴിക്കൽ. ഇന്ന് സഹായിയായി 40 വയസ്സുകാരനായ മകൻ കിഷോറുമുണ്ട്. 

അടൂർ, പത്തനംതിട്ട, അഞ്ചൽ. കുളത്തുപ്പുഴ, ചവറ, കൊട്ടാരക്കര, കൊടുമൺ, വാളകം തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവർ നിർമിച്ച കിണറുകളിൽ അധികവും. കിണറിന് സ്ഥാനം കാണുന്നതും കുറ്റി അടിപ്പിക്കുന്നതും കുഞ്ഞിപ്പെണ്ണ് തന്നെയാണ്. ഇതുവരെ കുഴിച്ച ഒരു കിണർ പോലും വെള്ളം കാണാത്തതിന്റെ പേരിൽ ഉപേക്ഷിക്കേണ്ടി വന്നിട്ടില്ലെന്ന് ഇവർ പറയുന്നു. കൊടുമൺ മലയുടെ മുകളിൽ ഏഴ് സെന്റ് ഭൂമിയിൽ നിർമിക്കുന്ന വീടിനു മുന്നോടിയായി 9 സ്ഥലത്ത് പലർ കിണർ വെട്ടിയിട്ടും വെള്ളം കണ്ടില്ല. ഒടുവിൽ താൻ കുഴിച്ച പത്താമത്തെ കിണറിൽ ഒൻപതാമത്തെ തൊടിയിറക്കുന്നതിനിടയിൽ വെള്ളം കണ്ടുവെന്ന് കുഞ്ഞിപ്പെണ്ണ് പറയുന്നു.

Tags:
  • Spotlight
  • Motivational Story