വേനലിൽ നീരൊഴുക്ക് നിലച്ച പുഴയിൽ മൂന്നുപേർ മുങ്ങി മരിച്ച സംഭവം വിശ്വസിക്കാനാകാതെ ഞെട്ടലിൽ പൊയ്യ, കുന്നമംഗലം പെരുവഴിക്കടവ് ഭാഗത്തെ നാട്ടുകാർ. വൈകിട്ട് അഞ്ചോടെയാണ് ആദ്യം കുട്ടികളും പിന്നാലെ മുതിർന്നവരും അര കിലോമീറ്ററോളം അകലെ ചെറുപുഴയിലെ പുളിക്കമണ്ണിൽ കടവിലേക്ക് പോയതെന്ന് പരിസരവാസികൾ പറയുന്നു.
കുറ്റിക്കാടുകൾ താണ്ടി നടക്കാൻ മാത്രം കഴിയുന്ന വഴിയിലൂടെ പുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്ത് ആളുകൾ സ്ഥിരമായി അലക്കാനും കുളിക്കാനും എത്താറുണ്ട്. ഈ ഭാഗത്തിന് തൊട്ടു താഴെ ഭാഗത്ത് പുഴയിൽ വേനലിൽ പോലും രണ്ടാൾ പൊക്കത്തിൽ ആഴമുള്ള കയം ഉണ്ട്.
ആദ്യം വെള്ളത്തിൽ ഇറങ്ങിയ അദ്വൈത് വെള്ളം കുറഞ്ഞ ഭാഗത്ത് നിന്നു തെന്നി ആഴമുള്ള ഭാഗത്ത് മുങ്ങി താഴുന്നത് കണ്ട സഹോദരി അനൈഖ ബഹളം വച്ചതിനെ തുടർന്ന് ബന്ധുവായ സിന്ധുവും മകൾ ആതിരയും മാതാവ് സിനുജയും പുഴയിലേക്ക് എടുത്ത് ചാടി രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോയതാവാം എന്നാണ് നാട്ടുകാർ പറയുന്നത്.
പരിസരത്ത് ഉണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും വെള്ളിമാടുകുന്ന് നിന്ന് എത്തിയ അഗ്നിരക്ഷാ സേനയും പുഴയിൽ തിരച്ചിൽ നടത്തിയാണ് 4 പേരെയും പുറത്തെടുത്തത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും 3 പേരും മരണത്തിനു കീഴടങ്ങി.
സിനുജ കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ രാവിലെ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും.
പെരുവഴിക്കടവ് കാരിപ്പറമ്പത്ത് പരേതനായ സിദ്ധാർഥന്റെ ഭാര്യ മിനി എന്ന സിന്ധു(48), സിന്ധുവിന്റെ മകളും വയനാട് കാവുംമന്ദം രാജേഷിന്റെ ഭാര്യയുമായ ആതിര(26), സിന്ധുവിന്റെ ബന്ധുവും കുന്നമംഗലം പൊയ്യ കുഴിമണ്ണിൽ വീട്ടിൽ ഷൈജുവിന്റെ മകനുമായ അദ്വൈത്(13) എന്നിവരാണ് മരിച്ചത്. അദ്വൈത് ചെത്തുകടവിലെ കുന്നമംഗലം ഈസ്റ്റ് എയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.