Monday 06 December 2021 11:58 AM IST : By സ്വന്തം ലേഖകൻ

‘അമ്മൂമ്മത്തിരി’യ്ക്ക് പിന്നിലെ കുസൃതിക്കരങ്ങൾ; ലക്ഷ്മി മേനോന്റെ മുത്തശ്ശി ഭവാനിയമ്മ ഓർമ്മയായി

bhavaniyamma5567788

ലക്ഷ്മി മേനോന്റെ ‘അമ്മൂമ്മത്തിരി’ എന്ന ആശയത്തിന് പിന്നിലെ കുസൃതിക്കരങ്ങളായ മലയാറ്റിൽ ഭവാനിയമ്മ (97) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച നാലിന് കുമാരമംഗലത്തെ വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ രാമചന്ദ്രൻ നായർ. മക്കൾ: ശ്രീദേവി നാരായണൻ (കാഞ്ഞിരമറ്റം), രമ ബാലചന്ദ്രൻ (പെരുമ്പാവൂർ), ശാന്ത രാമചന്ദ്രൻ (ആലുവ), ആർ.കെ.ദാസ് (മാനേജർ, എം.കെ.എൻ.എം.എച്ച്.എസ്.എസ്. കുമാരമംഗലം, വില്ലേജ് ഇന്റർനാഷണൽ സ്കൂൾ കുമാരമംഗലം). മരുമക്കൾ: പരേതനായ പി.കെ. നാരായണൻ (റബ്ബർ ബോർഡ്‌), എം.ജി.ബാലചന്ദ്രൻ (റയോൺസ്, പെരുമ്പാവൂർ), പി.രാമചന്ദ്രൻ (എ.ബി.ബി.വഡോദര), സുധ ദാസ്.  

അമേരിക്കയില്‍ ഡിസൈനറായ ലക്ഷ്മി മേനോൻ നാട്ടില്‍ വന്നശേഷം നിരവധി പ്രവർത്തനങ്ങളിൽ പങ്കാളിയായി. അതിനിടയിലാണ് സ്വന്തം അമ്മൂമ്മയായ ഭവാനി അമ്മയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘അമ്മൂമ്മത്തിരി’ എന്ന ആശയവുമായി ലക്ഷ്മി എത്തിയത്. ഓര്‍മ്മക്കുറവ് അലട്ടുന്ന സ്വന്തം അമ്മൂമ്മയ്ക്ക് വേണ്ടിയാണ് ലക്ഷ്മി ആദ്യം തിരി തിരിച്ചു തുടങ്ങിയത്. പ്രളയത്തിൽ നശിച്ച കൈത്തറി തുണിത്തരങ്ങൾക്കായുള്ള നൂലുകൾ ഉപയോഗിച്ചാണ് അമ്മൂമ്മത്തിരികൾ ഉണ്ടാക്കിയത്. കൈത്തറി മേഖലയുടെ പ്രളയാനന്തരമുള്ള പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി അമ്മൂമ്മത്തിരികൾ തെളിച്ചു. 

"മഴയുള്ള ഒരു ദിവസം അമ്മൂമ്മയെ അടക്കിയിരുത്താനായി കുറച്ചു തിരികൾ ഉണ്ടാക്കാൻ നൽകി. അമ്മൂമ്മ ഏകാഗ്രതയോടെയും പ്രാർഥനയോടെയും അതു ചെയ്യുന്നതു കണ്ടപ്പോൾ സന്തോഷം തോന്നി. അമ്മൂമ്മ തിരിച്ച തിരിയായതു കൊണ്ട് അമ്മൂമ്മത്തിരി എന്നു പേരിട്ട്, ചുമ്മാതിരിക്കാതെ ചുമ്മാ തിരിച്ചത് എന്ന് ടാഗ്‌ലൈനും കൊടുത്തു. ഒരിക്കൽ ഒരു വൃദ്ധസദനത്തിലെ സന്ദർശനത്തിനിടയിൽ അവിടത്തെ അമ്മൂമ്മമാർക്കും ചെറിയ സാമ്പത്തിക സാതന്ത്ര്യം നൽ‌‌കണമെന്ന ആഗ്രഹത്തിൽ നിന്ന് അത് വൃദ്ധസദനത്തിലെ അമ്മൂമ്മമാരിലേക്കും വ്യാപിപ്പിച്ചു."- അമ്മൂമ്മത്തിരി എന്ന ആശയത്തിന് പിന്നിലുള്ള കഥ ലക്ഷ്മി പറയുന്നു. 

lakkkamoommmm

വെള്ളപ്പൊക്കം വന്നപ്പോൾ ചേക്കുട്ടിയിലൂടെ ചേന്ദമങ്കലത്തെ നെയ്ത്തുകാർക്ക് ആശ്വാസം പകർന്നു, അമ്മൂമ്മത്തിരികൾ ഇറക്കി, വിത്തു പേനകൾ ഇറക്കി, കോവിഡ് കാലത്ത് ഉപയോഗശൂന്യമായി ബാക്കി വരുന്ന പിപിഇ കിറ്റിന്റെ തുന്നലവശിഷ്ടങ്ങൾ കൊണ്ട് ‘ശയ്യ’ കിടക്കകൾ ഇറക്കി... അങ്ങനെ എണ്ണം പറഞ്ഞാൽ തീരാത്തത്ര ആശയങ്ങൾ പ്രാവർത്തികമാക്കിയ ലക്ഷ്മി മേനോൻ വനിത വുമൺ ഓഫ് ദി ഇയർ പുരസ്കാര ജേതാവാണ്. ചേക്കുട്ടി പാവകളുടെ നിർമ്മാണം കൈത്തറി മേഖലയുടെ തിരിച്ചുവരവിന് ഒരു പരിധിവരെ സഹായകമായിരുന്നു. പാവകളുടെ വിറ്റുവരവിൽ നിന്നുള്ള മുഴുവൻ തുകയും കൈത്തറിയുടെ ഉന്നമനത്തിനായി ഉപയോഗിച്ചു. 

കഴിഞ്ഞ ഓണത്തിന് ‘ട്രാവേലി’ എന്ന ആശയവുമായി ലക്ഷ്മി മുന്നിട്ടിറങ്ങിയിരുന്നു. ലോക്കൽ മാർക്കറ്റുകളെ വളർത്തുക അവയ്ക്ക് കൂടുതൽ പ്രചാരം വരുത്തുക എന്ന മുഖ്യലക്ഷ്യത്തോടെയാണ് ‘ട്രാവേലി’ എന്ന യാത്ര സംഘടിപ്പിച്ചത്. ലക്ഷിയുടെ അച്ഛന്‍ പി.കെ. നാരായണന്‍ റബ്ബര്‍ ബോര്‍ഡ് മുന്‍ കമ്മിഷണറായിരുന്നു. അമ്മ ശ്രീദേവി. ചേട്ടന്‍ വാസുദേവ് അമേരിക്കയിലാണ്. ലക്ഷ്മിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബാംഗങ്ങള്‍ 'ഗുഡ് കര്‍മ്മ ഫൗണ്ടേഷന്‍' എന്നൊരു സംഘടനയും രൂപവത്കരിച്ചിട്ടുണ്ട്. 

Tags:
  • Spotlight