Friday 29 September 2023 12:40 PM IST

‘വിഷം കഴിച്ച അദ്ദേഹത്തിന്റെ മരണം എന്റെ മടിയിൽ കിടന്നായിരുന്നു’: 19–ാം വയസില്‍ വിധവ! ലത രവീന്ദ്രന്റെ ജീവിതം

Shyama

Sub Editor

latha-raveendran

എല്ലാം കൈവിട്ടു പോകുന്ന നിമിഷത്തി ൽ ചില മനുഷ്യർക്കു വരുന്നൊരു ക രുത്തുണ്ട്. ജീവിച്ചു കാണിച്ചിട്ടേയുള്ളൂ എന്ന ചിന്ത. കൂലിപ്പണി ചെയ്തും വയലിൽ പണിയെടുത്തും ട്യൂഷനെടുത്തും കാർഷിക യന്ത്രങ്ങൾ നന്നാക്കാൻ പഠിച്ചും പഠിപ്പിച്ചും ജൈവവ ളങ്ങളുണ്ടാക്കിയും ഒക്കെ ലത രവീന്ദ്രന്‍ ഒരായിരം പേരുടെ പണികൾ ചെയ്തു. ഒരു സമയത്ത് അൻപതോളം കുടുംബങ്ങൾക്കു വരെ വരുമാന മാർഗം നൽകി. സാമ്പത്തിക പ്രതിസന്ധി വന്നിട്ടും അമ്മ കിടപ്പിലായിട്ടും ഇന്നും 20 കുടുംബങ്ങൾക്കു ലത തുണയാണ്. ചില ലതകൾക്കു വേരിനോളം തന്നെ വ്യാപ്തിയുണ്ടാകും. ആഴത്തിലുള്ള വെട്ടുകൾ

‘‘തൃശ്ശൂര്‍ മുള്ളൂരാണു സ്വദേശം. 1992ൽ പത്തൊൻപതു വയസ്സാകുന്നതിനു മുന്നേയായിരുന്നു കല്യാണം. അന്ന് സംസ്കൃത ബിരുദം രണ്ടാം വർഷം പഠിക്കുന്നു. മാസം സ്റ്റൈഫന്റ് കിട്ടുന്നതു കൊണ്ടു പഠനം നടന്നു. കല്യാണം കഴിഞ്ഞ് ഏഴാം മാസം ഗർഭിണിയായി വീട്ടിലേക്കു വന്ന സമയത്താണു ഭർത്താവിന്റെ മരണം. ആ ത്മഹത്യയായിരുന്നു. വിഷം കഴിച്ച അദ്ദേഹത്തിന്റെ മ രണം എന്റെ മടിയിൽ കിടന്നായിരുന്നു.

നിലവിളി കേട്ട് ആളുകൾ വന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. കടുത്ത മാനസിക പ്രതിസന്ധികൾക്കിടെ മകന്റെ ജനനം. തലച്ചോറിൽ പഴുപ്പും മറ്റുമായി ആറുമാസത്തോളം ആശുപത്രി വാസം. നാലു വയസ്സു വരെ പല അസുഖങ്ങൾ. താഴെയുള്ള ഏട്ടനാണു മകന്റെ കാര്യങ്ങളൊക്കെ നോക്കാൻ സഹായമായത്. മോന് ആറുമാസമാകുമ്പോഴേക്കും എന്റെ അച്ഛനു കാൻസറാണെന്ന് അറിഞ്ഞു. ആദ്യം തരിച്ചിരുന്നു പിന്നെയോർത്തു, ജീവിക്കുക തന്നെ.

പാടത്തേക്ക് ഇറങ്ങി. ജോലിക്കു പോയില്ലായിരുന്നെങ്കിൽ സമനില തെറ്റിയേനേ. മോന്റെ പിറന്നാളിന്റെ അന്നായിരുന്നു അച്ഛന്റെ വേർപാട്. പിന്നീട് ഒരു കുറിക്കമ്പനിയിൽ ജോലി. രണ്ടു വർഷം കഴിഞ്ഞ് ആ കമ്പനി പൊളിഞ്ഞു. മുന്നോട്ടു പോകുക മാത്രമായിരുന്നു എനിക്കു മുന്നിലുള്ള വഴി. പലരും രണ്ടാമത് വിവാഹം കഴിക്കാൻ പറഞ്ഞിരുന്നു. പക്ഷേ, എനിക്ക് മകനായിരുന്നു എല്ലാം.’’

ആശ്രയമായ വൻമരം, കുടുംബശ്രീ

‘‘2000ത്തിലാണു കുടുംബശ്രീ ഇവിടെ രൂപീകരിച്ചത്. അ തിന്റെ മാസ്റ്റർ ട്രെയിനിങ്ങും മറ്റുമായി ചെറിയ വരുമാനം കിട്ടി. നാലു പഞ്ചായത്തുകളിൽ ക്ലാസെടുത്തു തുടക്കം. ആദ്യം സെക്രട്ടറിയും പിന്നീടു എഡിഎസ്സിന്റെ പ്രസിഡന്റുമായി. മെഴുകുതിരി നിർമാണം, കുട നിർമാണം, ബുക്ക് ബൈൻഡിങ് തുടങ്ങി പലതും പഠിച്ചു, പഠിപ്പിച്ചു. ആ സമയത്താണ് അന്നത്തെ കോർഡിനേറ്റർ ലത്തിഫ് സർ ആലപ്പുഴ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ കാർഷിക മെഷീനുകൾ തുരുമ്പു പിടിച്ചുകിടക്കുന്നു എന്നു പറയുന്നത്. അന്നത്തെ കാർഷിക മേധാവി ഡോ. ജയകുമാർ സാറിന്റെ നേതൃത്വത്തിൽ അവ നവീകരിച്ചു സ്ത്രീ കർഷകർക്കു നൽകാം എന്നു തീരുമാനിച്ചു. നടീൽ യന്ത്രങ്ങളാണ് ആദ്യം കൊണ്ടു വരുന്നത്. ഞങ്ങൾ പത്തു പേർ ഒത്തുചേർന്നു. ശേഷം ഒരു സ്ക്രൂഡ്രൈവർ പോലും പിടിച്ചിട്ടില്ലാത്ത ഞാൻ തൃശ്ശൂർ ജില്ലയിലെ ആദ്യ വനിത ട്രെയിനറായി. ആദ്യം കിട്ടിയ ട്രെയിനിങ് അത്ര വിജയകരമായിരുന്നില്ല. ഭാഗ്യത്തിന് ഇവിടുത്തെ സർവീസ് സഹകരണ ബാങ്ക് അൻപതു രൂപയ്ക്കു മൂന്നു മെഷീനുകൾ വാടകയ്ക്കു തന്നു. അടുത്തുള്ള ഏഴര ഏക്കർ പാടശേഖരത്തിന്റെ പണിയും തരപ്പെട്ടു. പുതിയ മെഷീനുകളായിരുന്നു അവ. അപ്പോഴും മെയിന്റനൻസോ റിപ്പയറിങ്ങോ ചെയ്യാനറിയില്ല.

കാറ്റലോഗ് നോക്കി പഠിച്ചാണു പലതും ശരിയാക്കിയത്. ഒരു കല്ല് ഇടയ്ക്കു പെട്ടാൽ പോലും അതു മാറ്റി മെഷീ ൻ പ്രവർത്തിപ്പിക്കാനറിയാത്തതു കുറേ നഷ്ടമുണ്ടാക്കി. ഏതൊരു പ്രവർത്തനവും ലാഭമാകുമ്പോൾ അത് ‘എല്ലാവരുടേതും’ നഷ്ടം വന്നാൽ അത് ‘നിങ്ങളുടെ മാത്ര’വുമാകും. ജോലിയിൽ പ്രതിസന്ധിയുള്ള സമയത്താണു ബന്ധുവായ മോഹനേട്ടൻ സഹായത്തിനെത്തുന്നത്.

അദ്ദേഹത്തിന്റെ വീട്ടിൽ വർക്‌ഷോപ്പും മറ്റുമുള്ളതുകൊണ്ടു കാർഷിക യന്ത്രത്തിൽ നിന്ന് ഓയിൽ ചോരുന്നതു പരിഹരിച്ചു തന്നു. മെഷീനുകൾ സർവീസ് ചെയ്യാൻ പഠിച്ചു. അതോടെ പ്രവർത്തനം ലാഭത്തിലായി. കാർഷിക യൂണിവേഴ്സിറ്റികളിലടക്കം ട്രെയിനിങ് നൽകാനുള്ള വിളി വന്നു. തിയറിയും പ്രാക്റ്റിക്കലും എടുക്കുന്ന മാസ്റ്റ ർ ട്രെയിനേഴ്സ് ആയി. പാടശേഖര സമിതികള്‍, പുതിയ ട്രെയിനിങ് ബാച്ചുകൾ എന്നിവര്‍ക്കായി ഏഴു വർഷത്തോളം പ്രവർത്തിച്ചു.

2002ൽ ആരംഭിച്ച മെഷിനറി മെക്കാനിക് ട്രെയിനിങ് കേരളത്തിൽ ഒരുവിധം എല്ലാ ജില്ലകളിലും കേരളത്തിനു പുറത്ത് ആന്ധ്രയിലും കർണാടകയിലും വരെ നടത്തിയിട്ടുണ്ട്. കുടുംബശ്രീയുടെ ഹരിത കർമ സേനയുടെ മുഴുവൻ മാസ്റ്റർ ട്രെയിനറും ഞാനായിരുന്നു. കൂടാതെ പണം മിച്ചം പിടിച്ച് കാർഷിക മെഷീനുകൾ വാങ്ങി.’’

latha-ravi-1

പ്രതിസന്ധിയിലും പടർന്ന്

‘‘ആദ്യത്തെ അവാർഡ് കിട്ടുന്നത് 2004ലാണ്. ശാസ്ത്രജ്ഞനും കാർഷിക വിദഗ്ധനുമായ എം.എസ്. സ്വാമിനാഥൻ സാറാണ് തൃശ്ശൂർ വെള്ളാണിക്കരയിൽ വച്ച് ഉപഹാരം നൽകി ആദരിക്കുകയും ‘കേരളത്തിലെ കൃഷിയുടെ ഝാൻസി റാണി’ എന്ന് വിളിച്ചതും.

ഇപ്പോൾ അന്യസംസ്ഥാന തൊഴിലാളികളുടെ വരവു കാരണം കുറച്ചു വർക്ക് കുറവാണ്. അമ്മയ്ക്കു സ്ട്രോക് വന്നു കിടപ്പിലായതു കൊണ്ടു കൂടുതൽ ജോലികൾ എടുത്തിട്ടില്ല. ഒൻപത് ഏക്കറിൽ നെൽക്കൃഷി ചെയ്യുന്നുണ്ട്. എട്ട് ഏക്കർ ലീസിന് ഒരേക്കർ സ്വന്തം. മകനെ പഠിപ്പിച്ചതും വീട്ടുകാര്യങ്ങൾ നോക്കിയതും പാടത്തും പറമ്പത്തും പണിയെടുത്ത് അധ്വാനിച്ചതിന്റെ ഫലമാണ്.

മകൻ വിശ്വജിത്ത് മറൈൻ എൻജിനീയറിങ് കഴിഞ്ഞു യുകെയിൽ ജോലി ചെയ്യുന്നു. നെൽകൃഷി കൂടാതെ പച്ചക്കറി, പോളിഹൗസ്, പശു വളർത്തൽ (വെച്ചൂർ പശു), മണ്ണിര കമ്പോസ്റ്റ്, ഫിഷ് അമിനോ ആസിഡ് നിര്‍മാണം ഒക്കെയുണ്ട്. ജൈവകൃഷി രീതിയാണു പിന്തുടരുന്നത്.

വെള്ളപ്പൊക്കം വന്ന്, 3000 വാഴകൾ രണ്ടു വർഷം കൊണ്ടു നശിച്ചു. വല്ലാത്തൊരു മാനസികാഘാതവും സാമ്പത്തിക ബാധ്യതയും വന്നു. ലീസിനെടുത്ത സ്ഥലത്തു പോളിഹൗസ് പണിതിരുന്നു. അഞ്ചു വർഷത്തേക്കാണു പറഞ്ഞിരുന്നതെങ്കിലും മൂന്നു വർഷം കഴിഞ്ഞു പെട്ടെന്ന് മാറ്റാൻ പറഞ്ഞിട്ടും മാറ്റാൻ പറ്റാതായപ്പോള്‍ അതു പൊളിച്ചു. അതോടെ കേസും പ്രശ്നങ്ങളുമായി. ഒൻപതു ലക്ഷം ലോൺ എടുത്തായിരുന്നു അതു ചെയ്തത്, പാതിയിൽ നിന്നു പോയതിന്റെ കടമുണ്ട്. എന്നിരുന്നാലും പണിയെടുത്ത് അതു വീട്ടാം എന്ന ആത്മവിശ്വാസത്തിലാണ്.’’

ചരിഞ്ഞേക്കാം, ഒടിയില്ല

‘‘ഇതുവരെ വന്നതിൽ ഏറ്റവും വലിയ വെല്ലുവിളി പോളിഹൗസ് പൊളിച്ചതു തന്നെ. നമ്മളെ ഉയർത്തിയ ആളുകൾ തന്നെ താഴ്ത്തിക്കെട്ടുന്ന കാഴ്ച കണ്ടു. ആദ്യമൊക്കെ അതെന്നെ ഉലച്ചു. ഇപ്പോ ഒന്നും ബാധിക്കാതെയായിട്ടുണ്ട്. എനിക്ക് സംസ്ഥാന സർക്കാരിന്റെ അവാർഡ് കിട്ടിയ ശേഷമാണു തോളൂർ പഞ്ചായത്തിന്റെ പേരു പുറത്തേക്ക് അറിയാൻ തുടങ്ങിയത്.

2015 – 2016 സംസ്ഥാന അവാർഡ് ലഭിച്ചതാണ് ഏറെ സന്തോഷം തന്നത്. കാർഷിക മേഖലയിൽ മറ്റുള്ളവർക്കു ചെയ്തു കൊടുക്കുന്ന ഉപകാരങ്ങൾ കണക്കിലെടുത്തു തരുന്ന ശ്രമംശക്തി വിഭാഗത്തിലായിരുന്നു അത്.

സ്കൂളുകളിൽ പുസ്തകങ്ങൾ കേന്ദ്രീകരിച്ചു പഠിപ്പിക്കുന്നതിനൊപ്പം മനുഷ്യനു ജീവിക്കാനാവശ്യമായ പ്രായോഗികമായ കാര്യങ്ങൾ കൂടി കുട്ടികളെ പഠിപ്പിക്കണം. ഞാൻ പാടത്തേക്ക് ഇറങ്ങാൻ കാരണം ഞങ്ങളുടെ ചുറ്റും പാടമായതു കൊണ്ടും അച്ഛൻ കൃഷിക്കാരനായതു കാരണവുമാണ്. ചില സ്കൂളുകളിൽ കൃഷി ചെയ്യിപ്പിക്കുന്നുണ്ട് – ഞാൻ തന്നെ ക്ലാസ്സുകൾ എടുക്കാനും ഗ്രോ ബാഗ് സെറ്റ് ചെയ്യാനും മറ്റും പോകാറുണ്ട്; നല്ല മാറ്റമാണ്. അത് എല്ലായിടത്തും വരണം.

കഴിക്കുന്നതൊക്കെ എങ്ങനെയുണ്ടാകുന്നു, എത്ര അ ധ്വാനം വേണം എന്നൊക്കെ ചെറുപ്പം തൊട്ടേ മനസ്സിലാകും, കുട്ടികൾ മണ്ണിനെ സ്നേഹിക്കും, ഭക്ഷണം പാഴാക്കുന്നത് കുറയും. അതോടൊപ്പം നിത്യോപയോഗ വസ്തുകൾ കേടായാൽ അവ നന്നാക്കാനുള്ള ക്ലാസുകളും കൊടുക്കുന്നത് നല്ലതാണ്.’’

ശ്യാമ

ഫോട്ടോ: സരുൺ മാത്യു