Wednesday 22 November 2023 12:10 PM IST

ചോറ് കഴിക്കാറില്ല, മത്സ്യവും പയറും പ്രത്യേക രീതിയിൽ പാകം ചെയ്തു കഴിക്കും: രോഗങ്ങൾ തൊടാത്ത ജീവിതം, ഫാ. മാത്യുവിന്റെ ജീവിതരഹസ്യം

Asha Thomas

Senior Desk Editor, Manorama Arogyam

frst3434 ഡോ. ജോർജ് തയ്യിലും (ഇടത്) പി ടി ജോസഫ് പുതിയാപറമ്പിലും (വലത്) കുടുംബസമേതം ഫാ. മാത്യുവിനൊപ്പം

ചിലരുടെ കാര്യത്തിൽ പ്രായം വെറും അക്കം മാത്രമാണ്. 99 വയസ്സുകാരനായ ഫാ. മാത്യു പുളിങ്ങാത്തിലിന്റെ കാര്യത്തിൽ പ്രസരിപ്പും ചുറുചുറുക്കും മുൻപിലും പ്രായം ഒരുപടി പിന്നിലുമാണ്. അയർക്കുന്നത്തെ ഒരു സാധാരണ കർഷക കുടുംബത്തിൽ 1925 മേയ് 28നു ജനിച്ച മത്തച്ചൻ സലേഷ്യൻ സന്യാസസഭാംഗമായ ഫാ. മാത്യു പുളിങ്ങാത്തിൽ ആയിട്ട് ആറു പതിറ്റാണ്ടിലേറെയായി. ഡോൺബോസ്കോ സഭയുടെ നാഗാലാൻഡിലെ ദിമാപൂർ പ്രൊവിൻസിന്റെ ആദ്യ പ്രൊവിൻഷ്യാൾ കൂടിയാണ് അദ്ദേഹം. ഇപ്പോൾ ഷില്ലോങ്ങിലാണു താമസമെങ്കിലും എല്ലാ വർഷവും മുടങ്ങാതെ കേരളത്തിലേക്കു വരും, അതും ഫ്ളൈറ്റുകൾ മാറിക്കയറി, മണിക്കൂറുകൾ യാത്ര ചെയ്ത്.

എന്താണ് ഈ ഊർജത്തിന്റെ രഹസ്യമെന്നു ചോദിച്ചാൽ അങ്ങനെ പ്രത്യേകിച്ചു രഹസ്യമൊന്നുമില്ലെന്നാണ് മറുപടി. പക്ഷേ, അദ്ദേഹം സംസാരിച്ചു തുടങ്ങുമ്പോൾ ദീർഘായുസ്സിന്റെ പൊരുളുകൾ ഒാരോന്നായി വെളിപ്പെടും. ചിട്ടയായ ജീവിതവും ഭക്ഷണരീതിയിലെ പ്രത്യേകതകളും 99 വയസ്സിലും മുടങ്ങാത്ത വ്യായാമവും പിന്നെ ജീനുകളിൽ മുദ്രിതമായ ആയുർദൈർഘ്യവും - ഇങ്ങനെ സംഗ്രഹിക്കാം ഫാ. മാത്യുവിന്റെ ആയുരാരോഗ്യരഹസ്യം.

ചെറുപയറെന്ന സൂപ്പർ ഫൂഡ്

വെളുപ്പിനെ നാലരയ്ക്കു ഫാ. മാത്യുവിന്റെ ദിവസം തുടങ്ങും. കൃത്യസമയത്തു കഴിക്കുമെന്നതൊഴിച്ചാൽ മുൻപു ഭക്ഷണത്തിൽ പ്രത്യേകിച്ചു ചിട്ടകളൊന്നുമില്ലായിരുന്നു. ചോറ് കഴിക്കാറില്ലെന്നു മാത്രം. വേണ്ടിവന്നാൽ ചപ്പാത്തി മൂന്നുനേരവും കഴിക്കും. ഒരു പ്രാവശ്യം നാട്ടിൽ
വന്നപ്പോൾ പുതുപ്പള്ളിയിലെ ഒരു യാക്കോബായ അച്ചനെ സന്ദർശിച്ചു. അദ്ദേഹം മലബാറിൽ ആശുപത്രിയൊക്കെ നടത്തിയിട്ടുള്ളയാളാണ്. ചെറുപയർ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കുമെന്ന് അദ്ദേഹം നിർദേശിച്ചു. അന്നുമുതൽ ചെറുപയർ ഫാ. മാത്യുവിന്റെ മെനുവിലെ പതിവു വിഭവമായി. ചെറുപയർ മുളപ്പിച്ചോ കറിയായോ ഒന്നുമല്ല, പുഴുങ്ങി തന്നെ കഴിക്കും. രാവിലെ രണ്ടു ടോസ്റ്റും ഒരു ബൗൾ ചെറുപയറും. കൂടെ ഒാട്സ് കൊണ്ടുള്ള കുറുക്കും കാണും. ഉച്ചയ്ക്കും ചെറുപയർ. കൂടെ പച്ചക്കറികൾ സാലഡ് രൂപത്തിൽ. മത്സ്യം പ്രത്യേകരീതിയിൽ പുഴുങ്ങിയാണു കഴിക്കുക. ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ല, ലഭ്യമായവ കഴിക്കും. നാലു മണിക്ക് ചായ, കൂടെ ബ്രെഡും ജാമും. പ്രമേഹമില്ലാത്തതിനാൽ മധുരം കഴിക്കാൻ മടിയില്ല. ഇടയ്ക്ക് ഫ്രൂട്സും കഴിക്കും. റോബസ്റ്റ പഴമാണ് കൂടുതലും കഴിക്കാറ്. രാത്രി ഏഴരയ്ക്ക് ഒന്നോ രണ്ടോ ചപ്പാത്തി, കൂടെ വീണ്ടും ചെറുപയർ.

പ്രത്യേക കസേരയിലിരുന്നു വ്യായാമം

സെമിനാരിയിൽ ചേർന്ന കാലത്ത് ബാസ്ക്കറ്റ് ബോളും ഫുട്ബോളും വോളിബോളും ഒക്കെയായി ഒന്ന്- ഒന്നര മണിക്കൂർ നല്ല വ്യായാമം ഉണ്ടായിരുന്നു. കൂട്ടംകൂടി കളിയിൽ മുഴുകുമ്പോൾ ശരീരത്തിനു മാത്രമല്ല മനസ്സിനും ഉണർവും ഉന്മേഷവും ലഭിക്കുമെന്നു ഫാദർ പറയുന്നു.

ദീർഘനേരം നിൽപും ഇരിപ്പുമൊക്കെയായപ്പോൾ കാലിലെ രക്തയോട്ടത്തിൽ ചില പ്രശ്നങ്ങൾ വന്നു. വെരിക്കോസ് വെയിനായി. അതിനു ചികിത്സ ചെയ്തത് ഒഴിച്ചാൽ ആശുപത്രിയിൽ പോയ സന്ദർഭങ്ങൾ വിരളം. തോളിനു വേദന വന്നപ്പോൾ ഇപ്പോൾ താമസിക്കുന്ന ടിൻസുക്യ എന്ന സ്ഥലത്തെ ഡോക്ടറെ കണ്ടു. അദ്ദേഹം ചില വ്യായാമങ്ങൾ 10 പ്രാവശ്യം ചെയ്യണം എന്നു നിർദേശിച്ചു. ഡോക്ടർ നിർദേശിച്ചതു കൂടാതെ സ്വന്തമായി കണ്ടെത്തിയ ചില വ്യായാമങ്ങളും ചേർത്ത് ഒരു സ്ട്രെച്ചിങ് പാക്കേജ് തന്നെ ഫാദർ ഇപ്പോൾ ചെയ്യുന്നുണ്ട്.

ഇരുന്നു വ്യായാമം ചെയ്യാനായി നല്ല ഉയരമുള്ള ഒരു കസേര പ്രത്യേകം പണിയിച്ചു. കാലിനും കൈക്കും തോളിനും കഴുത്തിനും ഉൾപ്പെടെ ശരീരം മുഴുവനും സ്ട്രെച്ചിങ് ചെയ്യും. വ്യായാമങ്ങൾ 100-120 തവണ ചെയ്യും. കസേരയിൽ ഇരുന്നു കാൽ ആട്ടുന്നത് ഉൾപ്പെടെ കാലിനു പ്രത്യേകമായ ചില വ്യായാമങ്ങളുണ്ട്. ദിവസവും അരമണിക്കൂർ വ്യായാമം ചെയ്യും. ഞായറാഴ്ചകളിൽ ഒരു മണിക്കൂർ വരെ ചെയ്യും.

രോഗങ്ങളെല്ലാം പടിക്കു പുറത്ത്

ഷില്ലോങ്ങിൽ രണ്ടാംനിലയിലെ മുറിയായിരുന്നു അച്ചന്റേത്. പ്രായമായ ആളല്ലേ, പടി കയറിയിറങ്ങി പ്രയാസപ്പെടേണ്ടെന്നു കരുതി അവിടുത്തെ റെക്ടർ അച്ചൻ താഴത്തെ നിലയിൽ ഒരു മുറി നൽകാമെന്നു പറഞ്ഞു. പക്ഷേ, മാത്യു അച്ചൻ സ്വതസിദ്ധമായ നർമത്തോടെ പറഞ്ഞു ‘‘വേണ്ട, ഇതു ദൈവം തന്ന അവസരമാണ്. ഞാൻ പടികയറിയില്ലെങ്കിൽ കൊളസ്ട്രോളൊക്കെ പടി കയറിവരും.’’ ഒടുവിൽ കോണിപ്പടിക്ക് ഒരു കൈവരി വച്ച് റെക്ടർ അച്ചനു സമാധാനപ്പെടേണ്ടി വന്നു. ദിവസവും പത്തു പന്ത്രണ്ടു തവണ ഫാ. മാത്യു പടികയറിയിറങ്ങുന്നു, ഇതുവരെ പ്രമേഹവും പ്രഷറും കൊളസ്ട്രോളുമൊന്നും ആ പടി കയറിയെത്തിയിട്ടേയില്ല.

ഒാർമയുടെ മൂർച്ച കൂട്ടും വായനയും എഴുത്തും

പണ്ട് അമയന്നൂരിലെ സ്കൂളിൽ നിന്ന് ഏഴാം തരം കഴിഞ്ഞു നിൽക്കുന്ന സമയത്ത് അപ്പൻ മത്തായിയാണ് ലൈബ്രറിയിൽ നിന്നു പുസ്തകങ്ങൾ എടുക്കാൻ പ്രേരിപ്പിച്ചു വായനയുടെ ലോകത്തേക്കു തിരിച്ചുവിട്ടത്. വൈദിക പഠനത്തിനു പോയപ്പോൾ വായന തീവ്രമായി, തത്വചിന്തയിലേക്കും ദൈവശാസ്ത്രത്തിലേക്കും വഴിമാറി. വായിച്ച പദ്യങ്ങളൊക്കെ ഹൃദിസ്ഥമാക്കി, എഴുതി സൂക്ഷിക്കുന്ന ശീലവുമുണ്ടായിരുന്നു. വൈദികപഠനത്തിനു തിരഞ്ഞെടുക്കപ്പെടാൻ സഹായിച്ച ഒരു പ്രധാന കാര്യം ഈ അദ്ഭുതകരമായ ഒാർമശക്തിയാണ്. 2016 ൽ ‘ഇൻ ഹിസ് നെയിം’ എന്ന പേരിൽ ഒരു ഒാർമക്കുറിപ്പ് തയാറാക്കാൻ അച്ചനെ സഹായിച്ചതും മൂർച്ചയുള്ള ആ ഒാർമ തന്നെ. 99 വയസ്സിലും ആ ഒാർമയ്ക്കു ലവലേശവും മങ്ങലേറ്റിട്ടില്ല.

വായന പോലെ വർഷങ്ങളായി മുടക്കാത്ത ശീലമാണ് ഡയറി എഴുത്ത്. എന്നും കിടക്കുന്നതിനു മുൻപ് അതാതു ദിവസത്തെ കാര്യങ്ങൾ ഡയറിയിൽ എഴുതും. മഴയോ വെയിലോ എന്നതു മുതൽ അന്നു നടന്ന ഒാരോ ചെറിയ കാര്യം പോലും കുറിയ്ക്കും. ഇത്തരം 25 ലധികം ഡയറികൾ സൂക്ഷിച്ചുവച്ചിട്ടുണ്ട്. മനസ്സും തലച്ചോറും സജീവമാക്കി വയ്ക്കുവാൻ ഈ ശീലം സഹായിക്കുമെന്നാണ് ഫാ. മാത്യുവിന്റെ പക്ഷം.

അയർക്കുന്നം പുളിങ്ങാത്തിൽ കുടുംബത്തിൽ മത്തായിക്കും എലിസബത്തിനും കൂടി അഞ്ച് ആൺമക്കളും മൂന്നു പെൺമക്കളുമാണ് ഉണ്ടായിരുന്നത്. അവരിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നത് ഫാ. മാത്യുവും ഏറ്റവും ഇളയ സഹോദരിയുമാണ്. അച്ഛൻ 72-ാം വയസ്സിൽ മരിച്ചു. അമ്മ മരിച്ചത് 95 വയസ്സിലാണ്. അമ്മയുടെ ജീനുകളിലെ ദീർഘായുസ്സിന്റെ വരം ഫാ. മാത്യുവിനും ലഭിച്ചിട്ടുണ്ടാകണം.

ചിരി മായാത്ത മുഖം, തെളിഞ്ഞ മനസ്സ്

ഷില്ലോങ്ങിലെത്തി ആദ്യം മൂന്നു നാലു കൊല്ലം ഷില്ലോങ്ങിലെ സേക്രട്ട് ഹാർട്ട് കോളജിൽ പഠിപ്പിച്ചു. പിന്നീട് റെക്ടറായി. അധികാരവും തിരക്കുകളും കൂടിവന്നപ്പോഴും മനസ്സിനെ അതൊന്നും സ്പർശിച്ചിട്ടേയില്ലെന്നു അച്ചൻ പറയുന്നു. ഒരു കാര്യത്തിലും ഉത്‌കണ്ഠയും ടെൻഷനുമില്ല. ‘‘എല്ലാവരും മനുഷ്യരാണ്. തെറ്റു പറ്റുക മനുഷ്യസഹജമാണ്. അതോർത്താൽ പിന്നെ ദേഷ്യം വരില്ല. ഞാൻ ഒരു കാര്യവും മനസ്സിൽ വച്ചു പെരുമാറില്ല. ആരോടും വലുതായി ദേഷ്യപ്പെടാറുമില്ല. എന്നാൽ കൊള്ളരുതാത്ത കാര്യം കണ്ടാൽ കണ്ണടച്ചു പോകില്ല, ഉള്ളതു നേരേ പറയും. ’’

കുട്ടികളെപ്പോലെ...

റിട്ടയറായ ശേഷം ടിൻസുക്യായിലെ സന്യാസഭവനത്തിൽ വിശ്രമ ജീവിതത്തിലാണ്. വിശ്രമമെന്നു പറയുന്നുവെന്നേയുള്ളൂ... നാലരയ്ക്ക് ഉണർന്നു വ്യായാമം കഴിഞ്ഞ് അഞ്ചരയോടെ പള്ളിയിലേക്കു പോകും. പകൽ സ്കൂളിനു ചുറ്റും നടക്കും, കുട്ടികളോടു കുശലം പറയും. നടപ്പിനിടയിൽ 8-10 തവണ ജപമാല ചൊല്ലും. വൈകുന്നേരം എട്ടേ മുക്കാലിനു പള്ളി പൂട്ടി താക്കോലുമായി മുറിയിലേക്കു വന്നാൽ ഒൻപതരയ്ക്ക് ഉറക്കം. ആറു മണിക്കൂർ നിർബന്ധമായും ഉറങ്ങും. പകൽ 20 മിനിറ്റു നേരം ചെറിയൊരു മയക്കം പതിവുണ്ട്.

നഴ്സറി മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികളുണ്ട് സ്കൂളിൽ. കൊച്ചുകുട്ടികൾക്കായി മുറിയിൽ പാത്രം നിറയെ മിഠായി വയ്ക്കും, ബാറ്റും ബോളും നൽകി കളികളിൽ കൂട്ടുചേരും...ഇങ്ങനെ കളിയും ചിരിയുമായി ഊർജസ്വലമായി ജീവിതസായാഹ്നം ചെലവിടുകയാണ് ഈ പുരോഹിതൻ- അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ ‘സ്വർഗ്ഗീയ ജീവിതം.’

father324324 .

ആയുസ്സിന്റെ രഹസ്യം

എല്ലാ വർഷവും നാട്ടിലെത്തുമ്പോൾ ഫാ. മാത്യു മുടങ്ങാതെ എത്തുന്ന ഒരിടമുണ്ട്. ഷില്ലോങ്ങിൽ തന്റെ വിദ്യാർഥിയായിരുന്ന പി ടി ജോസഫ് പുതിയാപറമ്പിലിന്റെ കൊച്ചിയിലുള്ള വീട്. അവിടെ ഫാ. മാത്യുവിനെ കാണാൻ ഹൃദ്രോഗവിദഗ്ധനായ ഡോ. ജോർജ് തയ്യിലുമെത്തി. അതോടെ ദീർഘായുസ്സിന്റെ വഴികളെക്കുറിച്ചായി സംസാരം. ലോകത്തു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ആളായ സ്പെയിനിലെ മറിയ ബ്രാനിയാസ് മെറ്റേ (116 വയസ്സ്) യുടെ ജീവിതശൈലിയിലെ ചില സവിശേഷതകൾ ഫാ. മാത്യു പുളിങ്ങാത്തിലിന്റെ ജീവിതപ്രയാണത്തിലും കാണാമെന്നു ഡോ. ജോർജ് തയ്യിൽ പറയുന്നു. ‘‘ മിതമായ ഭക്ഷണക്രമം, ഈ പ്രായത്തിലും സ്ഥിരമായി വ്യായാമം ചെയ്യുക, നല്ല ഉറക്കം, കുട്ടികളെപ്പോലെയുള്ള മനസ്സ്, പരാതികളോ സങ്കടങ്ങളോ ഇല്ലാത്ത മനോഭാവം, എപ്പോഴും സന്തോഷവും ശുഭാപ്തിവിശ്വാസവും - ഇതു തന്നെയാണ് ഫാ. മാത്യുവിന്റെ ആയുരാരോഗ്യരഹസ്യം’’ ഡോ. ജോർജ് തയ്യിൽ പറയുന്നു.

Tags:
  • Manorama Arogyam