Monday 02 December 2024 03:25 PM IST : By സ്വന്തം ലേഖകൻ

‘ഭാര്യ ഉറങ്ങിയ ശേഷം സഞ്ചികളിലാക്കി സ്വർണവും പണവും കടത്തി’; അന്വേഷണം നടക്കുമ്പോള്‍ പൊലീസിനെ കബളിപ്പിച്ച് അയൽപക്കത്തുതന്നെ ലിജീഷ്!

lijeesh

കണ്ണൂര്‍ വളപട്ടണത്ത് വീട് കുത്തിത്തുറന്ന് 267 പവനും 1.21 കോടി രൂപയും മോഷ്ടിച്ച സംഭവത്തിൽ പ്രതി ലിജീഷിന്റെ അറസ്റ്റിനു നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങളെന്ന് സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ. സിസിടിവി ദൃശ്യത്തിലൂടെയാണ് മോഷ്ടാവ് കഷണ്ടിയുള്ള ആളാണെന്ന് മനസ്സിലായത്. മോഷണത്തിന് എത്തിയപ്പോള്‍ തെളിവ് നശിപ്പിക്കാനായും ദൃശ്യങ്ങള്‍ പതിയാതിരിക്കാനും ഒരു ക്യാമറ ലിജീഷ് തിരിച്ചുവച്ചിരുന്നു. എന്നാൽ, മുറിയൂടെ ഉള്ളിലേക്കായിരുന്നു അബദ്ധത്തിൽ തിരിച്ചുവച്ചത്. മുറിയുടെ ഉള്ളിലേക്ക് തിരിച്ചുവച്ച ഈ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് അന്വേഷണത്തിൽ വഴിത്തിരിവായതെന്നും കമ്മിഷണർ വ്യക്തമാക്കി.

സഞ്ചികളിലാക്കിയാണ് ലിജീഷ് സ്വർണവും പണവും വീട്ടിൽനിന്ന് കൊണ്ടുപോയത്. പണവും സ്വർണവും ഉണ്ടെന്ന് അറിഞ്ഞു തന്നെയാണ് അഷ്റഫിന്റെ വീട്ടിൽ കയറിയതും. വീട്ടുകാരുമായി മോഷ്ടാവിനു വലിയ അടുപ്പമില്ല. 40 മിനിറ്റ് കൊണ്ട് മോഷണം നടത്തി. മാസ്ക് ധരിച്ചാണ് എത്തിയത്. മോഷണം നടന്നശേഷം വീട്ടിലെത്തി മാസ്കും വസ്ത്രവും കത്തിച്ചുകളഞ്ഞു.

മോഷ്ടിക്കാനായി വരുമ്പോൾ വീട്ടിൽ ലോക്കർ ഉണ്ടെന്ന് ലിജീഷിന് അറിയില്ലായിരുന്നു. അലമാര പരിശോധിച്ചപ്പോൾ ലോക്കറിന്റെ താക്കോൽ കണ്ടെത്തി. അങ്ങനെയാണു ലോക്കർ തുറന്നുള്ള മോഷണം നടന്നത്. ലോക്കർ സ്വന്തമായി ഉണ്ടാക്കാൻ കഴിവുള്ള ആളാണ് പ്രതി. പ്രത്യേക രീതിയിൽ മാത്രം തുറക്കാവുന്ന ലോക്കർ അതുകൊണ്ടുതന്നെ എളുപ്പത്തിൽ തുറന്നു. രാത്രി ഭാര്യ ഉറങ്ങിയ ശേഷമാണ് മോഷണ മുതലുമായി വീട്ടിലേക്ക് പോയതെന്നും ലിജീഷ് പൊലീസിനോട് പറഞ്ഞു.

വമ്പൻ മോഷണത്തിനു ശേഷം കവര്‍ച്ച നടത്താൻ ഉപയോഗിച്ച ഉളി തിരിച്ചെടുക്കാൻ വന്നിരുന്നെങ്കിലും കിട്ടിയില്ല. ഇത്തരത്തിൽ തിരിച്ചുവരുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് സിസി ടിവിയിൽ പതിഞ്ഞത്. ഉളി പിന്നീട് പൊലീസിനു സ്ഥലത്തുനിന്ന് കിട്ടി. ‌അഷ്റഫിന്റെ വീടിനു പിന്നിലാണ് ലിജീഷിന്റെ വീട്. ഡോഗ് സ്ക്വാഡ് റെയില്‍വെ ട്രാക്കിലൂടെ പോയി ലിജീഷിന്‍റെ വീടിനു സമീപം എത്തിയിരുന്നു. മോഷണം നടന്ന സമയത്തോ മറ്റോ പ്രതി റെയില്‍വെ ട്രാക്ക് വഴി പോയിരിക്കാമെന്നും പൊലീസ് പറഞ്ഞു. 

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് 20 അംഗ അന്വേഷണസംഘം 250 പേരെയാണ് ചോദ്യം ചെയ്തത്. 35 ലോഡ്ജുകളിൽ പരിശോധന നടത്തി. എന്നാൽ പൊലീസിനെ കബളിപ്പിച്ച് അയൽപക്കത്തുതന്നെ ലിജീഷുണ്ടായിരുന്നു. തെളിവുകള്‍ ശേഖരിച്ചശേഷം ശനിയാഴ്ച ചോദ്യം ചെയ്യാൻ ലിജീഷിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്.

Tags:
  • Spotlight