Friday 15 September 2023 03:15 PM IST

ആപ് വഴി ലോൺ എടുത്താൽ ആപ്പിലാകുമോ?; ലോണ്‍ ആപ്: ഭയം വേണ്ട, ജാഗ്രത മതി

Roopa Thayabji

Sub Editor

loan-app-threats-precaution-cover

പണത്തിന് ആവശ്യമില്ലാത്ത ആരുമില്ല. അത്യാവശ്യത്തിനു പണം കിട്ടാത്ത അവസ്ഥയില്‍ ഒറ്റ ക്ലിക്കിൽ ലോൺ നൽകുന്ന ഇൻസ്റ്റന്റ് ലോൺ ആപ്പുകളുടെ കെണിയിൽ പെട്ടു ജീവനും മാനവും പോകുന്നവരെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ കേൾക്കുന്നത്. മാനക്കേട് ഓർത്തു പലരും കാര്യങ്ങൾ രഹസ്യമാക്കി വയ്ക്കുന്നതു കൊണ്ടു കണക്കുകൾ ചെറുതാണെങ്കിലും, ആശങ്ക അകലുന്നില്ല.

പണം കടം വാങ്ങിയാല്‍ തിരിച്ചടച്ചാല്‍ പോരേ എന്നാകും മിക്കവരുടെയും ചിന്ത. എന്നാൽ ഈ ആപ്ലിക്കേഷനിലൂടെ അറിയാതെ തന്നെ നമ്മൾ ‘ആപ്പിലാകുകയാണെ’ന്നു യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജരും (ടെക്നിക്കൽ) െടക്നോളജി വിദഗ്ധനുമായ വി.കെ. ആദർശ് പറയുന്നു.

‘‘വായ്പ നൽകാനായി രാജ്യത്ത് അനുമതിയുള്ളത് അംഗീകൃത പൊതുമേഖലാ ബാങ്കുകൾക്കും സ്വകാര്യ ബാങ്കുകൾക്കും സഹകരണ ബാങ്കുകൾക്കുമാണ്. അതു കൂടാതെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനി, എൻബിഎഫ്സി) ചെറുകിട പണയസ്ഥാപനങ്ങളും ഈ പട്ടികയിൽ പെടും. വായ്പയെടുക്കും മുൻപ് അത് അംഗീകൃത ആപ്പ് ആണെന്ന് 100 ശതമാനം ഉറപ്പുവരുത്തണം.

loan-app-threats-precaution-vkadarsh ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജരും (ടെക്നിക്കൽ) െടക്നോളജി വിദഗ്ധനുമായ വി.കെ. ആദർശ്

ലോൺ ആപ്പുകളുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്.

∙ ആപ്പിന് ഏതെങ്കിലും ഫിസിക്കൽ ഓഫീസ് എവിടെയെങ്കിലും ഉണ്ടോ എന്നും അന്വേഷിച്ച് ഉറപ്പാക്കണം. (ബ്രിക് ആൻഡ് മോട്ടോർ ഓഫീസ് എന്നാണ് ഇതിനു പറയുന്ന പേര്). ഭൗതികമായ സാന്നിധ്യം ഒരിക്കലെങ്കിലും കണ്ടിട്ടുള്ള സ്ഥാപനമാണെങ്കിൽ ഭാവിയിൽ പരാതിപ്പെടാനുള്ള സാധ്യതയെങ്കിലും തുറന്നു കിട്ടും.

∙ ആപ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുന്ന അവസരത്തിൽ അതിനായി ചില പെർമിഷനുകൾ നൽകാൻ അവർ ആവശ്യപ്പെടും. വായ്പയുമായി ബന്ധപ്പെട്ട പെർമിഷനുകൾ മാത്രമേ ഓൺ ചെയ്യാവൂ. മൊബൈൽ ഫോണിലെ കോണ്ടാക്സ് ലിസ്റ്റും ഫോൺ ഗാലറിയും മറ്റും ആക്സസ് ചെയ്യാനുള്ള പെർമിഷൻ നൽകാൻ ആവശ്യപ്പെടുകയോ ഇവയില്ലെങ്കിൽ പോലും നിങ്ങളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെടുകയോ ചെയ്താൽ സംശയിക്കണം. വളരെ സൂക്ഷിച്ചേ അവ ചെയ്യാവൂ.

∙ അറിയാതെ ഇത്തരം ആപ്പുകളുടെ പിടിയിൽ പെട്ടുപോയാൽ ഫോട്ടോയും വിവരങ്ങളും ഉപയോഗിച്ചു വ്യക്തിഹത്യ ചെയ്യുമെന്നും അപകീർത്തി പെടുത്തുമെന്നുമൊക്കെയാകും അവർ ഭീഷണിപ്പെടുത്തുക. അങ്ങനെ വന്നാൽ ആദ്യം തന്നെ സൈബർ പൊലീസിൽ പരാതി നൽകുകയും പിന്നീടുള്ള ഭീഷണികൾക്കു മറുപടിയായി ഉറച്ച ശബ്ദത്തിൽ ഇക്കാര്യം അറിയിക്കുകയും വേണം. പേടിപ്പിക്കപ്പെട്ടു എന്ന തോന്നലുണ്ടായാൽ ഭീഷണി അടുത്ത തലത്തിലേക്കു കടക്കുമെന്നു മറക്കരുത്. മോശമായി പ്രചരിപ്പിക്കുന്ന ഫോട്ടോ ഉപയോഗിച്ചു തീർക്കാവുന്നതല്ല നിങ്ങളുടെ ജീവൻ എന്നോർക്കണം’’, വി.കെ. ആദർശ് പറയുന്നു.

കരുതൽ പ്രധാനം

loan-app-threats-precaution-ratheeshrmenon ടെക്നോളജി വിദഗ്ധനായ രതീഷ് ആർ. മേനോൻ

സാധാരണ ലോൺ കിട്ടണമെങ്കിൽ സാലറി സര്‍ട്ടിഫിക്കറ്റും കരമടച്ച രസീതും സിബില്‍ സ്കോറും വെരിഫിക്കേഷനും കമ്മിറ്റി കൂടി ലോൺ പാസ്സാക്കലുമൊക്കെയായി കുറേ കടമ്പകള്‍ കടക്കണം. എന്നാല്‍ പ്ലേ സ്റ്റോറില്‍ ഇൻസ്റ്റന്റ് ലോൺ എന്നു സെര്‍ച്ച് ചെയ്താല്‍ കിട്ടുന്ന നൂറുകണക്കിനു ആപ്പുകള്‍ വെറും അരമണിക്കൂര്‍ കൊണ്ട് ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും മാത്രം സ്വീകരിച്ച് പണം കടമായി നല്‍കുന്നുണ്ടെന്നും അവയ്ക്കെതിരേ കരുതൽ വേണമെന്നും ടെക് വിദഗ്ധനായ രതീഷ് ആർ. മേനോൻ പറയുന്നു. ‘‘പറഞ്ഞ സമയത്തിനുള്ളിൽ പണം തിരികെ അടച്ചില്ലെങ്കിൽ (ഭീമമായ പലിശ കൂടി ചേർത്ത്) നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ആക്കും, സിബില്‍ സ്കോര്‍ സീറോ ആക്കിക്കളയും, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും എന്നൊക്കെയാകും ആദ്യഘട്ടത്തിലെ ഭീഷണികൾ.

അടുത്ത ഘട്ടത്തിൽ ഭീഷണിയുടെ സ്വഭാവം മാറും. നിങ്ങള്‍ ലോണിന് അര്‍ഹനാണോ എന്നറിയാൻ വേണ്ടി എന്ന മട്ടിൽ നിങ്ങളുടെ ഫോണിലെ കോണ്ടാക്ട്, എസ്എംഎസ്, ഗ്യാലറി തുടങ്ങിയവയുടെ ആക്സസ് അവർ കൈവശപ്പെടുത്തിട്ടുണ്ടാകും. അതുപയോഗിച്ച് നിങ്ങളുടെ പരിചയക്കാരുടെ വാട്സാപ്പിലേക്കു ഫോട്ടോ സഹിതം മെസ്സേജു വിടും. പണവുമായി നിങ്ങൾ മുങ്ങി എന്നതു മുതൽ അശ്ലീല ഭാഷയിലുള്ള, അവഹേളിക്കുന്ന മെസേജുകൾ വരെ അതിൽ പെടും. സുഹൃത്തുക്കൾ ഇക്കാര്യം അന്വേഷിക്കുമ്പോഴാകും കടമെടുത്തവര്‍ മാനഹാനി ഭയന്ന് ഒളിച്ചോടുകയും ജീവനൊടുക്കുകയും ചെയ്യുന്നത്.

നിങ്ങളുടെ തിരിച്ചരിയൽ രേഖകളിൽ കൃത്രിമം വരുത്തി മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇത്തരം സംഭവങ്ങൾ ഇന്ത്യയിലൊട്ടാകെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലോണ്‍ എടുത്തുപോയവർ എപ്പോഴും കരുതിയിരിക്കുക. നിങ്ങളെ സോഷ്യല്‍ മീഡിയയിലൂടെയോ മറ്റോ അപമാനിക്കും എന്നു ഭീഷണിപ്പെടുത്തിയാൽ പേടിക്കരുത്. ഇവരാരും നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ അല്ലാത്തതിനാല്‍ നിങ്ങളുടെ ധൈര്യമാണ് ഇതിൽ നിന്നു തലയൂരാനുള്ള ഏകമാർഗം.’’