Wednesday 19 March 2025 11:06 AM IST : By സ്വന്തം ലേഖകൻ

‘ഒരിക്കലും യോജിച്ചു പോകാൻ പറ്റാത്തവരാണ് ഞങ്ങൾ, നേരിട്ടത് ജെൻഡർ അധിക്ഷേപം, തിരുത്താൻ ശ്രമിച്ചു, നടന്നില്ല’: കുറിപ്പുമായി സീമ വിനീത്

seema-vineeth

വിവാഹം എന്ന തീരുമാനം തെറ്റായിപ്പോയെന്ന് കുറിച്ച് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സീമ ഇക്കാര്യം അറിയിച്ചത്. മാസങ്ങള്‍ക്ക് മുൻപ് വിവാഹത്തിൽ നിന്ന് പിൻമാറുകയാണെന്ന് സീമ അറിയിച്ചിരുന്നു, തൊട്ടുപിന്നാലെ റജിസ്റ്റര്‍ വിവാഹത്തിന്റെ ചിത്രങ്ങളും പങ്കുവച്ചിരുന്നു. വീണ്ടും ഇങ്ങനെ കുറിക്കാൻ ഇടവരരുതെന്ന് ആഗ്രഹിച്ചിരുന്നു എന്ന മുഖവുരയോടെയാണ് സീമ കുറിപ്പ് പങ്കുവച്ചത്.

സീമ പങ്കുവച്ച കുറിപ്പ് വായിക്കാം;

ഈ കുറഞ്ഞ കാലയളവിൽ തന്നെ ഒരുപാട് അനുഭവിച്ചു. ഒരാളിൽ നിന്നും എന്ത് പരിഗണനയും ബഹുമാനവും ആഗ്രഹിച്ചിരുന്നോ അതൊന്നും ജീവിതത്തിലേക്കു കടന്നപ്പോള്‍ കിട്ടിയില്ലെന്നു മാത്രമല്ല, വ്യക്തിഹത്യയും ജെൻഡർ അധിക്ഷേപ വാക്കുകളും ഞാന്‍ എന്ന വ്യക്തിയെ തന്നെ ഇല്ലായ്മ ചെയ്യുന്ന തരത്തിലാണ് കിട്ടിയത്. 

ഒരുപാട് തവണ പറഞ്ഞു കൊടുത്തു. തിരുത്താൻ ശ്രമിച്ചു. നടന്നില്ല. മാതൃകാ ദമ്പതികളാണെന്ന് ഒരുപാട് തവണ മറ്റുള്ളവരുടെ മുന്‍പിൽ അഭിനയിച്ചു. നമുക്ക് യാതൊരു വിലയും നൽകാതിരിക്കുക. നമ്മുടെ തൊഴിലിനെയും വളർച്ചയെയും അധിക്ഷേപിക്കുന്നതു പോലെ സംസാരിക്കുക. പലപ്പോഴും ഒരുപാട് വലിയ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ നിശബ്ദത പാലിച്ചു. 

മനഃസമാധാനത്തോടെ ഉറങ്ങിയിട്ട് മാസങ്ങളായി. എന്റെ ദിനചര്യകളും ജോലിയും മനസ്സും ശരീരവുമൊക്കെ കൈവിട്ടു പോകുന്ന അവസ്ഥയിലേക്കാണ് ജീവിതം പോയിക്കൊണ്ടിരിക്കുന്നത്. ജീവിതത്തിൽ ഒന്നു മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. മനഃസമാധാനം. ഒരുപാട് കഷ്ടപ്പെട്ടാണ് ജീവിതത്തിൽ ഓരോന്നും നേടിയെടുത്തത്. അന്നൊന്നും ആരും കൂടെയുണ്ടായിട്ടില്ല. ഇപ്പോഴും എപ്പോഴും ഞാൻ ഞാനായി ഇരിക്കാൻ ആഗ്രഹിക്കുന്നു. എന്റെ മനഃസമാധാനം നഷ്ടപ്പെടുത്തുന്ന ഒന്നിനെയും എനിക്ക് അംഗീകരിക്കാൻ സാധിക്കുകയില്ല.

ഒരിക്കലും യോജിച്ചു പോകാൻ പറ്റാത്തവരാണ് ഞങ്ങൾ. പക്ഷേ, ഈ ഒരു യോജിപ്പില്ലായ്മയിൽ നിന്ന് പുറത്തുകടക്കാൻ ഭയമായിരുന്നു. മറ്റുള്ളവര്‍ എന്തുപറയും. എങ്ങനെ ഫേസ് ചെയ്യും. പക്ഷേ, അങ്ങനെ ചിന്തിച്ചിരുന്നാൽ ഇനിയും കാര്യങ്ങൾ കൈവിട്ടു പോകും. മുൻപൊരിക്കൽ ഒരു പോസ്റ്റിട്ടിരുന്നു. പിന്നെ അത് പിൻവലിക്കുകയും ചെയ്തു. അന്ന് ആ പിൻമാറ്റം സാഹചര്യങ്ങളുടെ സമ്മർദം മൂലമായിരുന്നു. ആ വ്യക്തിയിൽ നിന്നും അത്തരത്തിൽ ഒരു പെരുമാറ്റം ഇനി മേലിൽ ഉണ്ടാവില്ല എന്ന വാക്കിനുമേൽ ആയിരുന്നു ആ പോസ്റ്റ് പിൻവലിച്ചത്.

Tags:
  • Spotlight
  • Social Media Viral