മർദനമേറ്റ് ബോധരഹിതയായി വീണ രണ്ടര വയസ്സുകാരി ഫാത്തിമ നസ്റീനെ പിതാവ് ഫായിസും വീട്ടുകാരും ആശുപത്രിയിൽ കൊണ്ടുപോകാൻ കൂട്ടാക്കിയില്ലെന്ന് കൊടുംക്രൂരതയ്ക്ക് ദൃക്സാക്ഷിയായ മാതാവ് പറഞ്ഞു. 24ന് ഉച്ചയ്ക്ക് ഒന്നിന് ആണ് സംഭവത്തിനു തുടക്കം. കുഞ്ഞിന് ബലമായി കഞ്ഞികൊടുക്കാൻ ഫായിസ് ശ്രമിച്ചു. കഴിക്കാൻ കുഞ്ഞ് കൂട്ടാക്കിയില്ല. തുടർന്ന് ബലം പ്രയോഗിക്കുകയും ക്രൂരമായി അടിക്കുകയും ചെയ്തു. കുഞ്ഞ് വാവിട്ടു കരഞ്ഞു. ഫായിസിനെ തടയാൻ ശ്രമിച്ച തന്നെ കഴുത്തിനു പിടിച്ച് മുറിയിലേക്കു തള്ളിയെന്നും മാതാവ് പറയുന്നു. കുഞ്ഞിന്റെ കഴുത്തിൽ മുറിവേറ്റു. ഒടുവിൽ ഫായിസ് കുട്ടിയെ എടുത്തെറിഞ്ഞു.
അലമാരയിൽ തട്ടി കുട്ടി കട്ടിലിന്റെ പടിയിൽ തലയടിച്ചു വീണു. പിന്നെ കുഞ്ഞ് ശബ്ദിച്ചില്ല. വായിലും മൂക്കിലും കൂടി മഞ്ഞനിറമുള്ള ദ്രാവകം പുറത്തുവന്നു. ഫായിസിന്റെ മാതാവും സഹോദരിയും സംഭവം കണ്ടുനിൽക്കുകയായിരുന്നുവെന്നും തടയാൻ ശ്രമിച്ചില്ലെന്നും അവർ പറഞ്ഞു. മാത്രമല്ല കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാനും കൂട്ടാക്കിയില്ല. സമീപവാസികളാണ് കുട്ടിയെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
കൊണ്ടുപോയത് കൊല്ലുമെന്നു പറഞ്ഞ്
ഒരു മാസം മുൻപാണ് ഫായിസ്
മകളെയും കുട്ടികളെയും വീട്ടിലേക്കു കൊണ്ടുപോയത്. കുട്ടിയെ കൊല്ലുമെന്ന്
അപ്പോൾ ഭീഷണിപ്പെടുത്തിയതായി റംലത്ത് പറഞ്ഞു. പോകുമ്പോൾ വിവരങ്ങൾ
അറിയിക്കാൻ ഒരു ഫോൺ വാങ്ങി മകളെ ഏൽപിച്ചു. 100 രൂപ റീചാർജ് ചെയ്തു നൽകി.
എന്നാൽ വിളിയൊന്നും ഉണ്ടായില്ല. വിവരങ്ങൾ അറിയാൻ നോമ്പിന് മുൻപ് റംലത്തും
ബന്ധുക്കളും ഉദിരംപൊയിലിലെത്തി. ഫോൺ ഫായിസിന്റെ കൈവശമാണെന്നാണ് മകൾ
പറഞ്ഞത്. കുട്ടിയുടെ ദേഹത്ത് മർദനമേറ്റ പാടുകൾ കണ്ടപ്പോൾ ഫായിസിന്റെ
ഉമ്മയും സഹോദരിയും കുട്ടികൾ കളിച്ചപ്പോഴുണ്ടായതാണെന്ന പല്ലവി ആവർത്തിച്ചു.