ഭര്‍ത്താവില്‍ നിന്നുണ്ടായ അതിക്രൂരപീഡനം നേരിട്ടുവെന്ന് തുറന്നുപറഞ്ഞ് മലപ്പുറം വേങ്ങരയിലെ നവവധു. ഭർത്താവ് മുഹമ്മദ് ഫായിസ് എന്ന വ്യക്തി നടത്തിയ കണ്ണില്ലാത്ത ക്രൂരതയെക്കുറിച്ചാണ് പെൺകുട്ടിയുടെ തുറന്നു പറച്ചിൽ. ഭർത്താവ് ലഹരിക്ക് അടിമയാണെന്നും ചെവിക്കേറ്റ അടിമൂലം കേള്‍വിശക്തി പോലും കുറഞ്ഞു പോെയന്നും യുവതി ആരോപിക്കുന്നു. സംഭവം പൊലീസിന്റെയും വനിതാ കമ്മീഷന്റെയും ശ്രദ്ധയിൽപെടുത്തിയിട്ടും ഭർത്താവിനും കുടുംബത്തിനുമെതിരെ നടപടി എടുത്തില്ലെന്ന് പെൺകുട്ടി പറയുന്നു. പൊലീസിൽ നിന്നും നീതി കിട്ടാത്തതുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നതെന്നും പെൺകുട്ടി പറഞ്ഞു.
കഴിഞ്ഞ മെയ് രണ്ടിനായിരുന്നു വേങ്ങര ചുളളിപ്പറമ്പിലെ മുഹമ്മദ് ഫായിസുമായുളള പെൺകുട്ടിയുടെ വിവാഹം. നടന്നത്. പിന്നാലെ അതിക്രൂരമായ മര്‍ദ്ദനത്തിനാണ് പെണ്‍കുട്ടി ഇരയായത്. വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതല്‍ ആക്രമണം തുടങ്ങി. ലഹരി ഉപയോഗിച്ച് മണിക്കൂറുകളോളം ശുചിമുറിയില്‍ ഇരുന്ന ശേഷം പുറത്തിറങ്ങി വന്നാല്‍ പിന്നെ മര്‍ദ്ദനമാണ്. ഭര്‍ത്താവിന്‍റെ കുടുംബവും ആക്രമണത്തിന് സാക്ഷിയാണ്. മര്‍ദ്ദനമേറ്റ് ഗുരുതരമായി പരുക്കേറ്റതോടെ ഭര്‍തൃവീട്ടുകാര്‍ തന്നെ 4 വട്ടം ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. ചെവിക്കേറ്റ അടിമൂലം കേള്‍വിശക്തി പോലും കുറഞ്ഞു. മലപ്പുറം വനിത സെല്ലിന് ഒന്നര മാസം മുന്‍പ് വിവരങ്ങള്‍ കൈമാറിയതാണ്. വേങ്ങര പൊലീസും കേസ് അന്വേഷിച്ചു. ഇതിനിടെ പ്രതി മുഹമ്മദ് ഫായിസും പിതാവുമെല്ലാം വിദേശത്തേക്ക് കടന്നു.
മുഹമ്മദ് ഫായിസിന്‍റെ വീടിപ്പോള്‍ അടഞ്ഞു കിടക്കുകയാണ്. പൊലീസിന്‍റെ ജാഗ്രതക്കുറവുകൊണ്ടാണ് വിദേശത്തേക്ക് രക്ഷപ്പെടാനായതെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു.