മലയാള സിനിമ താരസംഘടനയായ അമ്മ പിളർപ്പിലേക്ക്. ഇരുപതോളം അംഗങ്ങള്‍ പുതിയ ട്രേഡ് യൂണിയന്‍ ഉണ്ടാക്കാന്‍ ഫെഫ്കയെ സമീപിച്ചതായി സൂചന. ‘അമ്മ’യിലെ നീക്കം സ്ഥിരീകരിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന്‍. ജനറല്‍ കൗണ്‍സിലിന്‍റെ അംഗീകാരം വേണമെന്ന് ഫെഫ്ക. സംഘടന രൂപീകരിച്ച് പേരുവിവരം സഹിതം എത്തിയാല്‍ പരിഗണിക്കാമെന്ന് ഫെഫ്ക.
അഞ്ഞൂറിലധികം അംഗങ്ങളാണ് അമ്മയിലുള്ളത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങളെ തുടർന്ന് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി രാജി വച്ചിരുന്നു. പുതിയ ട്രേഡ് യൂണിയൻ ആരംഭിക്കാനുള്ള സാധ്യതകളാണ് താരങ്ങൾ തേടിയത്.
ട്രേഡ് യൂണിയൻ രൂപീകരിക്കാൻ താരങ്ങൾ സമീപിച്ച കാര്യം ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. സംഘടന രൂപീകരിച്ച് പേരുവിവരം സഹിതം എത്തിയാൽ പരിഗണിക്കാമെന്ന് ഫെഫ്ക്ക നേതൃത്വം അറിയിച്ചു. അമ്മയുടെ സ്വത്വം നിലനിർത്തിയാണ് പുതിയ സംഘടനയെക്കുറിച്ച് ആലോചിക്കുന്നതെന്നും പിളർപ്പിലേക്ക് പോകുന്നു എന്നു പറയുന്നത് ശരിയല്ലെന്നും ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു. പലഘട്ടങ്ങളിലായാണ് താരങ്ങൾ ചർച്ച നടത്തിയത്. അംഗമായി ഫെഫ്ക്കയിലേക്ക് ചേരാൻ കഴിയുമോ എന്നാണ് ചോദിച്ചത്. ഫെഫ്ക്കയിൽ ഇപ്പോൾ 21 യൂണിയനുകളുണ്ട്. ബൈലോയും പ്രവർത്തനരീതിയും ബോധ്യപ്പെട്ടാലേ അംഗീകാരം നൽകാൻ കഴിയൂ എന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. രണ്ട് തരത്തിലുള്ള സംഘടനാ പ്രവർത്തനം സാധ്യമാണ്. അമ്മ ട്രേഡ് യൂണിയനല്ലെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
എന്നാല്‍ ‘അമ്മ’യില്‍ ട്രേഡ് യൂണിയന്‍ സാധ്യമാകാത്ത സ്വപ്നമെന്നും എക്സിക്യുട്ടീവ് അംഗങ്ങള്‍ ഈ ആവശ്യവുമായി ആരെയും സമീപിച്ചിട്ടില്ല അംഗങ്ങള്‍ ആരെങ്കിലും അങ്ങനെ ചെയ്തോ എന്നറിയില്ലെന്നും ജോയ് മാത്യുവും പ്രതികരിച്ചു.