ADVERTISEMENT

യൂട്യൂബ് നോക്കി നൃത്തം പഠിച്ചു ദേശീയ കലാ ഉത്സവത്തിൽ നാടോടി നൃത്തത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ തമിഴ് ബാലൻ പി. മണി കോഴിക്കോട് പറയഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂളിന്റെ തിളക്കമാകുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സർവശിക്ഷാ പദ്ധതി മുഖേന ദേശീയതലത്തിൽ നടത്തുന്ന കലാ ഉത്സവത്തിൽ കേരളത്തിന്റെ സ്വന്തം നാഗകാളി തെയ്യത്തിന്റെ നൃത്തം അവതരിപ്പിച്ചാണു മണി ദേശീയതലത്തിൽ രണ്ടാം സ്ഥാനത്തെത്തിയത്. ന്യൂഡൽഹിയിൽ നടന്ന 12 ദിവസത്തെ പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ചയിലും മണി പങ്കെടുത്തു. 

തമിഴ്നാട്ടിൽ നിന്ന് റോഡ്പണിക്ക് കോഴിക്കോട്ടെത്തിയ പനീൽ സെൽവത്തിന്റെയും ചിന്നപൊന്നുവിന്റെയും മകനായ പി. മണി പഠനം നിർത്തി നഗരത്തിലെ വർക്‌ഷോപ്പിൽ ജോലിക്കു പോയിരുന്ന കുട്ടിയാണ്. 2 മാസത്തെ വർക്‌ഷോപ്പ് പണിക്കിടയിൽ മണിയുടെ പഠിക്കാനുള്ള ആഗ്രഹം മനസ്സിലാക്കി വർക്‌ഷോപ്പ് ഉടമയുടെ ഭാര്യയാണു പറയഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് എൻ.കെ. ജയശ്രീയോട് മണിയെക്കുറിച്ചു പറയുന്നത്. അങ്ങനെയാണ് മണി ഈ അധ്യായനവർഷത്തിന്റെ തുടക്കത്തിൽ ഇവിടെ പത്താം ക്ലാസിൽ ചേരുന്നത്.  

ADVERTISEMENT

എസ്എസ്കെ മുഖേനയുള്ള ദേശീയ കലാ ഉത്സവത്തിന്റെ ബിആർസി–ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്താണു മണി ദേശീയ തലത്തിൽ എത്തുന്നത്. സംസ്ഥാനതലത്തിൽ പങ്കെടുക്കാൻ ചെലവായ 50,000 രൂപ സ്കൂളിലെ അധ്യാപകരും മറ്റു ജീവനക്കാരുമെല്ലാം പിരിവെടുത്തു നൽകുകയായിരുന്നു. മണിയെ സഹായിക്കാൻ നർത്തകി അശ്വതി ശ്രീകാന്ത് മുന്നോട്ടു വന്നിട്ടുണ്ട്. മണിയെ സൗജന്യമായി അശ്വതിയുടെ നൃത്തവിദ്യാലയത്തിൽ പഠിപ്പിക്കും.

ADVERTISEMENT
ADVERTISEMENT