കടവരാന്തയിൽ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. കുട്ടിയുടെ വായ പൊത്തിപ്പിടിച്ചും കുടുംബത്തെ കത്തികാണിച്ചു മുൾമുനയിൽ നിർത്തിയുമായിരുന്നു യുവാവിന്റെ പരാക്രമം. ഇയാളെ നാട്ടുകാരില്‍ ചിലര്‍ കൈകാര്യം ചെയ്തതിനെത്തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ 2ന് മഞ്ചേരി ടിബി റോഡിലായിരുന്നു സംഭവം. അര നൂറ്റാണ്ടായി മഞ്ചേരിയിൽ ആക്രി ശേഖരിച്ചുവിൽക്കുന്ന തമിഴ്നാട് സേലം മാരിമുത്ത്, പിച്ചമ്മ ദമ്പതികളുടെ മകളെയാണ് തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തെക്കുറിച്ച് പിച്ചമ്മ നഗരസഭാംഗം പ്രേമ രാജീവിനോട് വിവരിച്ചത്: സ്വന്തമായി വീട് ഇല്ലാത്തതിനാൽ പുറമ്പോക്കിൽ ഷെഡ് കെട്ടിയും കട വരാന്തയിലുമാണ് കഴിയുന്നത്. രോഗിയായ അച്ഛൻ യാക്കൂബും അമ്മ മേരിയും ഒന്നിച്ചാണ് കഴിയുന്നത്. കുട്ടിയെ അങ്കണവാടിയിൽ വിട്ട ശേഷമാണ് ആക്രി ശേഖരിക്കാൻ പോകുന്നത്.
രാത്രിയായാൽ കട വരാന്തയിൽ ഒന്നിച്ചുറങ്ങും. സാരിത്തുമ്പ് അവളുടെ കയ്യിൽ കെട്ടിയാണ് കിടക്കുക. ഉറക്കത്തിലായതിനാല്‍ ഇന്നലെ കെട്ടഴിച്ചു മാറ്റിയത് അറിഞ്ഞില്ല. തുണി വലിഞ്ഞപ്പോഴാണ് അറിയുന്നത്. ഉണര്‍ന്നപ്പോള്‍ കുഞ്ഞിന്റെ വായ പൊത്തിയിരുന്നു. നിലവിളി കേട്ട് മറ്റുള്ളവര്‍ ഉണര്‍ന്നു. ബഹളവും കേട്ടെത്തിയവർ കീഴ്പ്പെടുത്തുകയായിരുന്നു. ഇന്നലെ പൊലീസ് സ്റ്റേഷനില്‍ പോയെങ്കിലും പരാതി നല്‍കിയില്ല.
പേടി കൊണ്ടാണ് പരാതി നൽകാത്തതെന്ന് പിച്ചമ്മ പറഞ്ഞു. പരാതി നൽകാൻ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരുടെ സഹകരണത്തോടെ വാടകവീട്ടിലേക്ക് മാറ്റാൻ ശ്രമം നടത്തുന്നുണ്ടെന്ന് പ്രേമ രാജീവ് പറഞ്ഞു.