Monday 01 July 2024 11:48 AM IST

‘നിനക്ക് ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കാൻ കഴിയില്ല’: നിറവയറോടെ ഇരിക്കുമ്പോഴും കുത്തുവാക്കുകൾ: ഒടുവിൽ മഞ്ജുവിന്റെ കൺമണി

Baiju Govind

Sub Editor Manorama Traveller

manju-and-binu

കർക്കടകത്തിലെ വിശാഖം നക്ഷത്രത്തിൽ ജനിച്ച പെൺമണിക്ക് അവന്തികയെന്നു പേരിടാനാണു മഞ്ജുവിന്റെയും വിനുവിന്റെയും തീരുമാനം. കുഞ്ഞു ദമ്പതികൾ ഗുരുവായൂരപ്പനെ മനസ്സിൽ ധ്യാനിച്ചു കണ്ടെത്തിയ പേരാണ് അവന്തിക.

‘‘വിനുവേട്ടന്റെ കല്യാണാലോചന വന്നപ്പോഴും ഞാ ൻ ഉള്ളുരുകി പ്രാർഥിച്ചിരുന്നു. വീണ്ടുവിചാരങ്ങൾക്കൊടുവിലാണു ഭഗവാൻ ഞങ്ങളെ കോർത്തിണക്കിയത്. അ വന്തികയുടെ കാതിൽ പേരു ചൊല്ലി വിളിക്കാനും അദ്ദേഹം ഞങ്ങളെ ആ തിരുനടയിലെത്തിക്കും, എനിക്കുറപ്പുണ്ട്.’’ മനസ്സു നിറഞ്ഞു ചിരിച്ചപ്പോഴും ആഹ്ലാദം അടക്കാനാവാതെ മഞ്ജുവിന്റെ കണ്ണുകൾ ഈറനണി‍ഞ്ഞു. ആ സന്തോഷത്തിൽ പങ്കുചേർന്നുകൊണ്ടു വിനു മകളുടെ കവിളിൽ തലോടി. അച്ഛന്റെ സ്പർശം അറിഞ്ഞിട്ടെന്ന പോലെ അവളുെട കുഞ്ഞിളം ചുണ്ടിലൊരു പുഞ്ചിരി വിടർന്നു.

വിനുവിന്റെ കൈപിടിച്ചു ജീവിതത്തിന്റെ ഉയരം കീഴടക്കിയ പാലക്കാട് സ്വദേശി മഞ്ജു രാഘവിന്‍റെ ചിത്രം ഒരുപാടു പേരുടെ മനസ്സിലുണ്ടാകും. പാരാലിംപിക്സിലെ വിജയം, ‘മൂന്നര’ എന്ന ഷോർട്ട് ഫിലിമില്‍ നായികാവേഷം ഒക്കെ മഞ്ജുവിെന പ്രശസ്തയാക്കി.

പിന്നീടായിരുന്നു വിനുവുമായുള്ള വിവാഹം. യാക്കര വിശ്വേശ്വര ക്ഷേത്രത്തില്‍ 2021 സെപ്റ്റംബർ എട്ടിന്. ഇ പ്പോഴിതാ വീണ്ടുമൊരു സന്തോഷവാര്‍ത്ത. മഞ്ജുവിനും വിനുവിനും നീർമാതളം പോലൊരു ഓമനക്കുഞ്ഞ്. 112 സെന്റി മീറ്റർ പൊക്കമുള്ള മഞ്ജുവിനു വിവാഹ ജീവി തം പോലും സാധ്യമല്ലെന്നു വിധിയെഴുതിയവർക്കു മുന്നിലേക്കു പൂർണ ആരോഗ്യമുള്ള കുഞ്ഞുമായാണ് ഇവര്‍ നടന്നു വരുന്നത്. ‘അവളെ കല്യാണം കഴിച്ചാൽ നിനക്കു ബാധ്യതയാകും’ എന്ന് ഉപദേശിച്ചവരോടു പോയി പണി നോക്കാൻ പറഞ്ഞു വിനുവും ഒപ്പമുണ്ട്.

ദൈവം നൽകിയ ബോണസ്

മണ്ണാർക്കാട് ന്യൂഅൽമ ആശുപത്രിയുടെ മൂന്നാം നിലയിലെ 317–ാം മുറിയിൽ സിസേറിയൻ കഴിഞ്ഞു വിശ്രമത്തിലാണു മഞ്ജു. പാൽ കുടിച്ചു ചാഞ്ഞുറങ്ങുകയാണ് അവന്തിക. ഇത്തിരിപ്പോന്ന വയറിനുള്ളിൽ അവളെ കൊണ്ടു നടന്നതിന്റെ നൊമ്പരം ഓർത്തെടുക്കുമ്പോൾ മഞ്ജുവിന് ഒത്തിരി കാര്യങ്ങൾ പറയാനുണ്ട്.

‘‘വിവാഹം കഴിഞ്ഞ് എട്ടു മാസം പിന്നിട്ടപ്പോഴേക്കും അയൽക്കാരും പരിചയക്കാരും വിശേഷമൊന്നും ആയില്ലേ എന്നു ചോദിക്കാൻ തുടങ്ങി.’’ മഞ്ജു ഒാര്‍ക്കുന്നു.

‘‘എന്റെ കുഞ്ഞു ശരീരത്തിനു ഗർഭം ധരിക്കാനുള്ള പ്രാപ്തിയുണ്ടാകില്ലെന്ന പേടി കാരണം മറുപടി പറയാ ൻ തോന്നിയില്ല. ഈ വക ചോദ്യങ്ങൾ ഒ‍ഴിവാക്കാനായി വിനുവേട്ടന്റെ കടയിൽ ജോലിക്കു പോയിത്തുടങ്ങി. പാലക്കാട് ടൗണിനപ്പുറത്ത് കല്ലേക്കാട് ജംക്‌ഷനിൽ മൊബൈൽ ഫോൺ കട നടത്തുകയാണു വിനുവേട്ടൻ.

ഇടയ്ക്കു പ്രെഗ്‌നൻസി ടെസ്റ്റ് നടത്തി നോക്കും. പ ക്ഷേ, എല്ലാം െനഗറ്റീവ്. പാലക്കാടുള്ള ക്ലിനിക്കിൽ പോ യി ഡോക്ടറെ കണ്ടു. തൈറോയിഡ് കൂടുതലായതിനാ ൽ മരുന്നു കഴിച്ചു നിയന്ത്രിച്ച ശേഷം ഗർഭത്തെക്കുറിച്ചു ചിന്തിച്ചാൽ മതിയെന്ന് അദ്ദേഹം നിർദേശിച്ചു. പക്ഷേ, ആറു മാസം മരുന്നു കഴിച്ചിട്ടും തൈറോയിഡ് കുറഞ്ഞില്ല. പിന്നീട്, നിരവധി ഡോക്ടർമാരെ കണ്ടു. ഓരോരുത്തരും ഓരോ അഭിപ്രായങ്ങൾ പറഞ്ഞ് മരുന്നു നൽകി മടക്കി അയച്ചു. എനിക്കും വിനുവേട്ടനും ഒരേ പ്രായമാണ്, മുപ്പത്തെട്ടു കഴിഞ്ഞു. ഇനിയും വൈകിക്കണോ എന്ന ആശങ്കയിൽ കഴിയുന്ന സമയത്താണു മേഴ്സി കോളജിൽ എന്റെ സഹപാഠിയായിരുന്ന പ്രീതിയെ കണ്ടത്. അവൾ പറഞ്ഞതനുസരിച്ചു മണ്ണാർക്കാട് ന്യൂ അൽമ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. കമ്മാപ്പയുടെയടുത്ത് എത്തി. ഒരു ലക്ഷം പ്രസവമെടുത്ത പരിചയസമ്പന്നനായ ഡോക്ടറാണ് അദ്ദേഹം.

‘‘ധൈര്യമായി മുന്നോട്ടു നീങ്ങിക്കോളൂ. നിങ്ങളുടെ ആഗ്രഹം സാധിക്കും’’ അദ്ദേഹം പറഞ്ഞു. പിന്നീട് ഡോക്ടറുടെ മേൽനോട്ടത്തിലായിരുന്നു ചികിത്സയും മരുന്നും എല്ലാം. ഒരു ദിവസം, എന്‍റെ കുഞ്ഞു വയറിനുള്ളില്‍ ഒരു കുഞ്ഞു ജീവന്‍ തുടിച്ചു തുടങ്ങി എന്നറിഞ്ഞ നിമിഷം ഒരിക്കലും മറക്കാനാവില്ല. എല്ലാവരെയും പോലെ ഗർഭകാല പ്രശ്നങ്ങളെക്കുറിച്ചായിരുന്നു ആശങ്ക. പക്ഷേ, പുളിച്ചു തികട്ടലോ ഛർദ്ദിയോ ഒന്നും ഉണ്ടായില്ല. അത്തരം ബുദ്ധിമുട്ടുകള്‍ ബാധിക്കാതിരുന്നതു ജന്മനാ എനിക്കു കിട്ടിയ കുറവുകൾക്കു ദൈവം നൽകിയ ബോണസാണെന്നു ഞാൻ വിശ്വസിക്കുന്നു.

manju-and-binu-2

എട്ടു മാസമായപ്പോൾ വയർ വലുതായി. ഇത്രയും ചെറിയ ശരീരത്തിലെ ഉദരത്തിൽ കുഞ്ഞു വളരുമ്പോഴുള്ള അ സ്വസ്ഥതകൾ ബാധിച്ചു. വയറിന്റെ ഭാരം കൂടിയതോടെ നടക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടും. വീഴാന്‍ പോകും. പിന്നെയുള്ള ദിവസങ്ങളിൽ വിനുവേട്ടനും അദ്ദേഹത്തിന്റെ അമ്മയും എന്റെ കട്ടിലിനരുകിൽ നിന്നു മാറിയിട്ടില്ല.

‘‘ടെൻഷൻ ഉണ്ടായിരുന്നു. കടയിൽ പോയാൽ അവിടെയും സമാധാനത്തോടെ ഇരിക്കാൻ കഴിഞ്ഞില്ല. കട്ടിലിൽ നിന്നിറങ്ങാൻ പോലും മഞ്ജുവിനു മറ്റൊരൊളുടെ സഹായം വേണം. ഒടുവിൽ കട അടച്ചിടാൻ തന്നെ തീരുമാനിച്ചു. പ്രസവം കഴിയുന്നതു വരെ കൂടെയിരിക്കാമെന്നു മഞ്ജുവിനോടു പറഞ്ഞു. അവൾക്ക് അതു വലിയ ആശ്വാസമായെന്നു പിന്നീട് മനസ്സിലായി.’’ കഴിഞ്ഞു പോയ ദിവസങ്ങളിൽ അനുഭവിച്ച മാനസിക സംഘർഷം വിനുവിന്റെ വാക്കുകളിൽ വ്യക്തമായിരുന്നു.

manju-and-vinu

വേദനിപ്പിച്ച അന്വേഷണങ്ങൾ

ഗർഭവിശേഷമറിയാന്‍ എന്നെ കാണാനെത്തിയ ചിലരുടെസമീപനവും വിഷമിപ്പിച്ചു. ചിലര്‍ക്കു കൗതുകമാണ്. ചിലര്‍ക്കു പരിഹാസം. കുറ്റപ്പെടുത്തിയവരും ഉണ്ട്. ചിലർ മുഖത്തു നോക്കി പറഞ്ഞു, ‘മഞ്ജുവിനു പൂർണ ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കാൻ കഴിയില്ല. കൂടുതല്‍ സൂക്ഷിക്കണം.’ അതു കേട്ടപ്പോൾ ഒരുപാടു വിഷമം തോന്നി. എ ന്നാൽ, അതിനുമപ്പുറം പ്രശ്നങ്ങളെ തരണം ചെയ്യാനുള്ള ശക്തി നേരത്തേ നേടിക്കഴിഞ്ഞിരുന്നു.

ഒരു രാത്രി പെട്ടെന്നു തളർച്ച തോന്നി. യൂറിനറി ഇൻഫക്‌ഷനായിരുന്നു കാരണം. ഉടനെ വണ്ടി വിളിച്ച് ആശുപത്രിയിലേക്കു പോയി. പാതിരാത്രി കഴിഞ്ഞാണ് അവിടെയെത്തുന്നത്. എങ്കിലും വിളിച്ചയുടന്‍ ഡോക്ടർ ഓടിയെത്തി. ഇത്തരം സാഹചര്യത്തിൽ ഡോക്ടറുടെ സാന്നിധ്യം നൽകുന്ന ആശ്വാസം എത്രയെന്ന് ഈ ഘട്ടത്തിലൂടെ കടന്നു പോയിട്ടുള്ള സ്ത്രീകൾക്കേ മനസ്സിലാകൂ.

എന്റെ അച്ഛൻ രാഘവൻ കോങ്ങാട് യുവക്ഷേത്ര സ്കൂളിൽ സെക്യൂരിറ്റി ജോലിക്കാരനാണ്. അമ്മ മരിച്ചതിനു ശേഷം ജ്യേഷ്ഠനേയും എന്നേയും അനിയത്തിയേയും അച്ഛനാണു നോക്കി വളർത്തിയത്. എത്രയൊക്കെ പുരോഗമിച്ചെന്നു പറഞ്ഞാലും നമ്മുടെ നാട്ടിൻപുറങ്ങളിൽ എന്നെപ്പോലൊരു മകൾ പിറന്നാൽ മാതാപിതാക്കൾ നേരിടേണ്ടി വരുന്ന സങ്കടം എത്രയെന്നു മറ്റുള്ളവർക്കു മനസ്സിലാകില്ല.

ജ്യേഷ്ഠന്റെയും അനിയത്തിയുടേയും വിവാഹം കഴിഞ്ഞതിനു ശേഷമാണ് എനിക്കു കല്യാണാലോചന വന്നത്. ഞാൻ കംപ്യൂട്ടർ കോഴ്സിനു പോയിരുന്ന സ്ഥലത്തെത്തിയ ഒരാൾ അദ്ദേഹത്തിന്റെ നാട്ടിലുള്ള ഒരാളുെട കാര്യം എന്നോടു പറഞ്ഞു, ‘വിനു എന്നാണ് പയ്യന്റെ പേര്. 145 സെന്റി മീറ്റർ ഉയരമേയുള്ളൂ. മഞ്ജുവിനു ചേരും.’

അദ്ദേഹം എന്റെ ഫോട്ടോ വാങ്ങിക്കൊണ്ടു പോയി. സത്യത്തില്‍ ഫോട്ടോ കണ്ടു വിനുവേട്ടന്റെ വീട്ടിലുള്ള ചിലര്‍ക്ക് ഈ ബന്ധത്തിൽ അത്ര താൽപര്യം തോന്നിയില്ല. എന്നെ പോലെ ഉയരം കുറഞ്ഞയാളെ സ്വീകരിക്കുന്നതിൽ ആര്‍ക്കും തോന്നാവുന്ന മനോവിഷമമായിരുന്നു അത്.

നാലഞ്ചു ദിവസം കഴിഞ്ഞ് എന്റെ ഫോണിലേക്കൊരു മെസേജ് വന്നു. ‘എനിക്ക് നിന്നെത്തന്നെ കല്യാണം കഴിച്ചാൽ മതി. വിനു’ എന്നു മാത്രം. പിന്നീട് കുറേ ദിവസം പരസ്പരം ഫോണിൽ സംസാരിച്ചു. ഞങ്ങൾക്കു കൂട്ടായി ഞങ്ങൾ മതിയെന്ന തീരുമാനത്തിലെത്തി.

പേരിടൽ ഗുരുവായൂരിൽ

വലുപ്പം കുറഞ്ഞ പെൺകുഞ്ഞിനെ പ്രസവിച്ചതിന്‍റെ േപരില്‍ എന്‍റമ്മ ഒരുപാട് വിഷമിച്ചിട്ടുണ്ട്. അവള്‍ക്കു ഭാവിയില്‍ എന്തു സംഭവിക്കുമെന്നോര്‍ത്തും വിഷമിച്ചും നൊമ്പരം സഹിക്കാനാകാതെയുമാണ് 45ാം വയസ്സിൽ അമ്മ ആത്മഹത്യ ചെയ്തത്. അന്നെനിക്കു പ്രായം പതിനാറ്. അനിയത്തി അഞ്ജുവിനു രണ്ടര വയസ്സേ ഉണ്ടായിരുന്നുള്ളൂ. അവിടെ നിന്ന് ഇതു വരെ ജീവിക്കാൻ ധൈര്യം നൽകിയ ഭഗവാന്റെ കാരുണ്യം ഇനിയും കൂടെയുണ്ടാകുമെന്നു വിശ്വാസമുണ്ട്. വിനുവേട്ടനെയും എന്നെയും ചേർത്തു വച്ചതും അവന്തികയെ സമ്മാനിച്ചതും ആ ശക്തിയാണ്.

ബൈജു ഗോവിന്ദ്

ഫോട്ടോ: സുധീഷ് ശലഭം