Monday 22 July 2024 12:57 PM IST : By സ്വന്തം ലേഖകൻ

വീട്ടിലും അയൽവാസികളുമായും വഴക്കിട്ട് ഇമ്മാനുവൽ, ഇനി പ്രശ്നമുണ്ടാക്കിയാല്‍ ജീവനൊടുക്കുമെന്ന് മരിയ; ഭർത്താവിനെ പേടിപ്പിക്കാന്‍ തൂങ്ങി, ഒടുവില്‍...

emmanuel-mariya

ഭാര്യ ജീവനൊടുക്കിയതിൽ മനംനൊന്ത് സ്വകാര്യ ആശുപത്രിയുടെ എക്സ്റേ റൂമിൽ കയറി ഭർത്താവു തൂങ്ങി മരിച്ച സംഭവത്തിനു പിന്നിൽ കുടുംബ പ്രശ്നങ്ങളെന്നു സൂചന. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കൽ വീട്ടിൽ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവൽ (29) എന്നിവരാണു മരിച്ചത്. ഒന്നര വയസ്സുള്ള ഒരു കുട്ടിയും 28 ദിവസം പ്രായമുള്ള ഒരു കുട്ടിയും ഇവർക്കുണ്ട്.

പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. ഇമ്മാനുവൽ വീട്ടിലും അയൽവാസികളുമായും വഴക്കുണ്ടാക്കിരുന്നതായും മരിയയ്ക്ക് ഇതിൽ വിഷമം ഉണ്ടായിരുന്നതായും പൊലീസിനു വിവരം ലഭിച്ചു. വഴക്കുണ്ടാക്കിയാൽ ആത്മഹത്യ ചെയ്യുമെന്ന് മരിയ പറഞ്ഞിരുന്നു. ശനിയാഴ്ച വഴക്കുണ്ടായതിനെ തുടർന്ന് ഭർത്താവിനെ പേടിപ്പിക്കാനായാണ് മരിയ തൂങ്ങി മരിക്കാനൊരുങ്ങിയതെന്നാണ് ബന്ധുക്കളിൽനിന്ന് പൊലീസിനു ലഭിച്ച വിവരം. ശനിയാഴ്ച വൈകിട്ടാണു മരിയ വീടിനുള്ളിൽ ആത്മഹത്യയ്ക്കു ശ്രമിച്ചത്. 

ഇതു കണ്ടയുടൻ ഭർത്താവ് യുവതിയെ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി പത്തരയോടെ മരിച്ചു. ഇതറിഞ്ഞതോടെ യുവാവ് ആശുപത്രിയിലെ എക്സ്റേ റൂമിൽ കയറി തൂങ്ങിമരിക്കുകയായിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ചതിനാൽ മരിയയുടെ വീട്ടുകാർ സഹകരിച്ചിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. 3 വർഷം മുൻപായിരുന്നു വിവാഹം. ഇമ്മാനുവലിന് ഇന്റീരിയർ ഡെക്കറേഷൻ ജോലിയായിരുന്നു.

Tags:
  • Spotlight