Monday 21 August 2023 04:02 PM IST : By സ്വന്തം ലേഖകൻ

ഓണക്കാലത്ത് ദിവസവും 3,000 മുതല്‍ 4,500 രൂപ വരെ വരുമാനം; ജോലിയ്ക്കുള്ള യോഗ്യത ഒന്നു മാത്രം, നല്ല കുടവയർ വേണം!

maveli-josekutty-3

ഓണക്കാലത്ത് ദിവസവും 3,000 മുതല്‍ 4,500 രൂപ വരെ വരുമാനം ലഭിക്കുന്ന ഒരു ജോലിയുണ്ട്. യോഗ്യത ഒന്നു മാത്രം – നല്ല കുടവയർ വേണം. മാവേലിയുടെ വേഷമണിഞ്ഞ് എല്ലാവർക്കും അനുഗ്രഹം ചൊരിയലാണു ജോലി. സെൽഫി ഫോട്ടോകൾക്കു പോസ് ചെയ്യുകയും വേണം. വൻ മത്സരമുള്ള ഓണം വിപണിയിൽ ആളുകളെ ആകർഷിക്കാൻ വ്യാപാര സ്ഥാപനങ്ങളാണു ഇത്തവണയും മാവേലി വേഷക്കാരെ വൻ വേതനം നൽകി ആകർഷിച്ചു തുടങ്ങിയത്. ചില കമ്പനികൾ പരസ്യവുമായി നാടും നഗരവും മാവേലിയുമായി ചുറ്റാറുമുണ്ട്. 

ഓണം ഓഫറുകൾ കഴിയുന്നതുവരെയാണ് ഇവരുടെ മാവേലി ജോലി. വേഷവിധാനമില്ലാതെ ഇതിനു തയാറായി വരുന്നവർക്ക് ദിവസവും 3,000 രൂപ വരെയാണ് ഇപ്പോൾ നൽകുന്നത്. വേഷം കമ്പനികൾ നൽകും. തമ്പുരാന്റെ കിരീടമടങ്ങുന്ന വേഷവും പിരിച്ചു വച്ച മീശയും കാതിൽ വലിയ കമ്മലും കയ്യിൽ ഓലക്കുടയുമെല്ലാമായി നേരിട്ട് മാവേലിയായി വരുന്നവർക്കു ദിവസവും 4,500 രൂപ വരെയാണ് നൽകുന്നത്. 

സ്ഥാപനങ്ങൾക്കു മുൻപിൽ വരുന്നവർക്കെല്ലാം അനുഗ്രഹം നൽകുക മാത്രമല്ല, ഇവരുടെ ജോലി. വരുന്നവർക്കൊപ്പമെല്ലാം സെൽഫിയെടുക്കാൻ പോസ് ചെയ്യുകയും വേണമെന്നാണു കഴിഞ്ഞ 10 വർഷമായി ഓണക്കാലത്ത് മാവേലി വേഷമണിയുന്ന എം.എം.പുറത്തൂർ പറയുന്നത്. കുട്ടികൾ അടക്കമുള്ളവർ മാവേലിക്കൊപ്പം നിന്ന് സെൽഫിയെടുത്ത് ഏറെ സന്തോഷത്തോടെയാണ് മടങ്ങുന്നതെന്നും എം.എം.പുറത്തൂർ പറയുന്നു. ഇത്തവണ കോഴിക്കോടുള്ള ഒരു വലിയ സ്ഥാപനത്തിനു വേണ്ടിയാണ് എം.എം.പുറത്തൂർ മാവേലി വേഷം അണിഞ്ഞിട്ടുള്ളത്. 

സ്ഥിരമായി മാവേലി വേഷം കെട്ടുന്നവരെല്ലാം ഇപ്പോൾ തന്നെ തിരക്കിലായിട്ടുണ്ട്. ഇതോടെ വിവിധ സംഘടനകൾക്ക് ഓണാഘോഷത്തിനു മാവേലി വേഷം കെട്ടാൻ ആളില്ലാത്ത സ്ഥിതിയാണ്. കൂടുതൽ വേതനം വാഗ്ദാനം ചെയ്ത് കുടവയറുള്ളവർക്കായി കാത്തിരിക്കുകയാണ് പല സംഘടനകളും. വിദേശ രാജ്യങ്ങളിലേക്ക് മാവേലി വേഷം കെട്ടാനായി പോയവരുമുണ്ട്. 10 – 15 ദിവസത്തിനുള്ളിൽ വിവിധ പരിപാടികളിൽ പങ്കെടുത്ത് അവർ പരമാവധി വരുമാനം നേടി തിരിച്ചു വരും.

കൂടുതൽ വാർത്തകൾക്ക് 

Tags:
  • Spotlight