Wednesday 10 August 2022 03:29 PM IST : By സ്വന്തം ലേഖകൻ

‘സുഹൃത്തേ.. സംശയിക്കേണ്ട മേയർ തന്നെയാണ്’; ചാറ്റ് ചെയ്യുന്നത് വിശ്വസിക്കാതെ പരാതിക്കാരന്‍, സെൽഫി അയച്ച് വിശ്വസിപ്പിച്ച് ആര്യ രാജേന്ദ്രൻ

arya-rajendd43356

വാട്സ്‍ആപ്പിൽ പരാതി അറിയിച്ച ആളിന് അപ്പോൾ തന്നെ മറുപടി നൽകി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഉടന്‍ പരാതിക്കാരനു സംശയം, തന്നോട് ചാറ്റ് ചെയ്യുന്നത് മേയർ തന്നെയാണോ അതോ സ്റ്റാഫാണോ?. ചാറ്റ് ചെയ്യുന്നത് താൻ തന്നെയാണെന്ന് ആര്യ വ്യക്തമാക്കിയെങ്കിലും പരാതിക്കാരന് വിശ്വാസം വന്നില്ല. വോയ്സ് മെസേജ് കേട്ടിട്ട് മേയറാണെന്ന് തോന്നുന്നുണ്ടെന്നു പരാതിക്കാരൻ പറഞ്ഞതോടെ സ്വന്തം സെൽഫി എടുത്ത് അയച്ചുകൊടുത്താണ് മേയർ വിശ്വസിപ്പിച്ചത്. 

ജനങ്ങളിലേക്ക് ഇറങ്ങുകയെന്നാൽ ഇതാണെന്നും പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിൽ നന്ദിയുണ്ടെന്നും പറഞ്ഞാണ് പരാതിക്കാരൻ ചാറ്റ് അവസാനിപ്പിച്ചത്. സംഭവം ഫെയ്സ്ബുക് കുറിപ്പിലൂടെ ആര്യ രാജേന്ദ്രൻ തന്നെയാണ് പങ്കുവച്ചത്. ചാറ്റിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.

മേയര്‍ പങ്കുവച്ച കുറിപ്പ് വായിക്കാം; 

സുഹൃത്തേ സംശയിക്കേണ്ട മേയർ തന്നെയാണ്. നിങ്ങളുടെ പരാതികൾ കൃത്യമായി പരിശോധിക്കുന്നുണ്ട്. 

ഇന്ന് വൈകുന്നേരം വാട്സ്ആപ്പിലും ഫെയ്സ്ബുക്കിലും പരാതി പരിശോധിക്കുന്ന സമയത്താണ്. മേലാം കോട് വാർഡിൽ നിന്ന് വാട്ട്സ്ആപ്പിൽ പരാതി നൽകിയയാളിന് ഇങ്ങിപ്പുറം മറുപടി നൽകുന്നത് മേയർ ആണോ എന്ന് സംശയം. അവസാനം സെൽഫി അയച്ച് കൊടുത്തപ്പോഴാണ് വിശ്വാസമായത്. 

സംശയിക്കേണ്ട പ്രത്യേക സമയം കണ്ടെത്തി ഓരോ പരാതികളും പരിശോധിക്കുന്നുണ്ട്. ഉടൻ പരിഹരിക്കാൻ കഴിയുന്നതിൽ അപ്പപ്പോൾ ഇടപെടുന്നുണ്ട്. ഫയലാക്കി നടപടിക്രമങ്ങൾ പാലിച്ച് പരിഹരിക്കേണ്ടവയിൽ ആ രീതിയിലും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ഇടപെടുന്നുണ്ട്. നിങ്ങൾ ഒപ്പമുണ്ടായിരുന്നാൽ മതി നമുക്ക് ഒരുമിച്ചു മുന്നേറാം.

Tags:
  • Spotlight
  • Social Media Viral