മോഷണം നടത്തിയ രീതി കൂസലില്ലാതെ പൊലീസിനു മുന്നിൽ വിവരിച്ച് ബിഹാർ റോബിൻഹുഡ് മുഹമ്മദ് ഇർഫാൻ. മോഷണ ദിനത്തിലെ പ്രതിയുടെ പ്രവർത്തനങ്ങൾ പൂർണമായി പുനഃസൃഷ്ടിച്ചുള്ള തെളിവെടുപ്പുമായി പൊലീസ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് എറണാകുളം എസിപി പി. രാജ്കുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ പനമ്പിള്ളിനഗറിലെത്തിച്ചു തെളിവെടുത്തത്.
വെള്ളിയാഴ്ച ഉച്ചയോടെയാണു കൊച്ചിയിലെത്തിയതെന്നു പ്രതി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഓട്ടോക്കാരോടു ചോദിച്ചാണു നഗരത്തിൽ സമ്പന്നർ താമസിക്കുന്നതു പനമ്പിള്ളി നഗറിലാണെന്നു കണ്ടെത്തിയത്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ പനമ്പിള്ളിനഗറിലെത്തി ഏറെ നേരം ചുറ്റിക്കറങ്ങി. പ്രതി ഭക്ഷണം കഴിച്ച ‘തലപ്പാക്കട്ടി ബിരിയാണി’ റസ്റ്ററന്റിലായിരുന്നു തെളിവെടുപ്പിന് ആദ്യമെത്തിച്ചത്.
കൈവിലങ്ങണിയിച്ചു വൻ പൊലീസ് സംഘത്തിന്റെ സാന്നിധ്യത്തിലാണു പ്രതിയെ എത്തിച്ചത്. ഹിന്ദി സംസാരിക്കുന്ന പ്രതിയുമായി ആശയവിനിമയം നടത്താൻ ദ്വിഭാഷിയുൾപ്പെടെ സ്ഥലത്തെത്തി. റസ്റ്ററന്റിലെ വെയ്റ്ററായ പെൺകുട്ടി ഇർഫാനെ തിരിച്ചറിഞ്ഞു. മട്ടൻ ബിരിയാണിയാണു കഴിച്ചതെന്ന് ഇർഫാൻ പറഞ്ഞതു പെൺകുട്ടിയും ശരിവച്ചു. എന്നാൽ പണം നൽകിയതെങ്ങനെ എന്ന പൊലീസിന്റെ ചോദ്യത്തിനു പെൺകുട്ടിയുടെ മറുപടി തെറ്റി.
ഗൂഗിൾ പേ വഴിയാണു പണം നൽകിയതെന്നു പെൺകുട്ടി പറഞ്ഞപ്പോൾ ഇർഫാൻ ഇടഞ്ഞു. തനിക്കു ഗൂഗിൾ പേ ഇല്ലെന്നും 500 രൂപ നോട്ടാണു നൽകിയതെന്നും പ്രതി പൊലീസിനോടു പറഞ്ഞു. 356 രൂപ ബിൽ നൽകിയ ശേഷം ബാക്കി കിട്ടിയ തുകയിൽ 100 രൂപ താൻ എടുക്കുകയും 44 രൂപ ടിപ്പ് നൽകിയെന്നും വെളിപ്പെടുത്തി.
സംശയമുണ്ടെങ്കിൽ സിസിടിവി നോക്കാനും പ്രതി പൊലീസിനോട് ആവശ്യപ്പെട്ടു. കാറിനു പെട്രോളടിച്ച വളഞ്ഞമ്പലത്തെ പമ്പും പ്രതി പൊലീസിനു കാട്ടിക്കൊടുത്തു. പനമ്പിള്ളിനഗറിൽ ക്രോസ് റോഡ് 8നു സമീപം വാഹനം പാർക്ക് ചെയ്തു നടന്നാണു ജോഷിയുടെ വീടുള്ള ക്രോസ് റോഡ് 10 ബിയിലെ സ്ട്രീറ്റ് ബിയിലെത്തിയത്. ഇതിനു ശേഷം റോഡിന് എതിർവശത്തെ പാർക്കിൽ കയറി ടീ ഷർട്ട് മാറി. ഇതിന്റെ എതിർവശത്ത് ഈ സ്ട്രീറ്റിന്റെ അറ്റത്തുള്ള വ്യവസായി ജോർജ് അലക്സാണ്ടർ മുത്തൂറ്റിന്റെ വീടിന്റെ മതിൽചാടി ഉള്ളിൽക്കടന്നു.
മോഷണദിനത്തിൽ ചെയ്തതു പോലെ മതിൽചാടി പൊലീസിനു കാട്ടിക്കൊടുത്തു. മതിൽ ചാടാൻ ബുദ്ധിമുട്ടു കാട്ടിയപ്പോൾ ‘ഇപ്പോൾ ചാടാൻ എന്താണു പ്രശ്നം?’ എന്നു പൊലീസ് ചോദിച്ചപ്പോൾ ‘കയ്യിൽ വിലങ്ങിട്ട് എങ്ങനെ മതിൽചാടും’ എന്നായിരുന്നു പ്രതിയുടെ മറുചോദ്യം. തുടർന്നുള്ള രണ്ടു വീടുകളുടെ പിന്നാമ്പുറത്തേക്കു കൂടി പ്രതി മതിൽചാടി എത്തിയെങ്കിലും മോഷണം ശ്രമം വിജയിച്ചില്ല.
ഒടുവിലാണു സ്ട്രീറ്റിന്റെ അറ്റത്തുള്ള ജോഷിയുടെ വീടിന്റെ മതിൽ ചാടിയത്. ചെറിയൊരു സ്ക്രൂഡ്രൈവർ പ്രയോഗത്തിൽതന്നെ ജനാല തുറന്നു. അഴിയില്ലാത്ത ജനലിലൂടെ അകത്തു കടക്കുകയും ചെയ്തു. മുകളിലെ നിലയിലെത്തി രണ്ടു മുറികളിൽ കയറി. ഇതിൽ ഒരു മുറിയിലെ ഷെൽഫിൽ നിന്നാണ് ആഭരണങ്ങൾ കവർന്നത്. ആഭരണം സൂക്ഷിച്ചിരുന്ന ഷെൽഫ് പൂട്ടിയിരുന്നില്ല. ആഭരണങ്ങൾ അവിടെ നിന്നു തന്നെ കിട്ടിയ പെട്ടിയിലേക്കു മാറ്റിയ ശേഷം ഇതു ടെറസിലെ ഗാർഡനിൽ കൊണ്ടുവച്ചു. തുടർന്നു മറ്റു മുറികളിൽ കൂടി പരിശോധിച്ച ശേഷമാണു പെട്ടിയുമായി അടുക്കള ജനാല വഴി തന്നെ രക്ഷപ്പെട്ടത്.
വിരലടയാളം ഒഴിവാക്കാൻ സോക്സ് കയ്യിലണിഞ്ഞിരുന്നതായും ദൃശ്യങ്ങൾ പതിയാതിരിക്കാൻ സിസിടിവി ക്യാമറ തിരിച്ചു വച്ചതു സോക്സ് കയ്യിലണിഞ്ഞാണെന്നും പ്രതി വെളിപ്പെടുത്തി. ഇതെല്ലാം പൊലീസിനു മുന്നിൽ അതേപടി ഇർഫാൻ അവതരിപ്പിച്ചു കാണിച്ചു. മൂന്നു മണിക്കൂറിലേറെ നീണ്ട തെളിവെടുപ്പിനു ശേഷമാണു പ്രതിയെ തിരികെക്കൊണ്ടു പോയത്.