‘കണ്‍മുന്നില്‍ എരിഞ്ഞടങ്ങി അമ്മയും അനുജനും..’; ഉറ്റവരെ നഷ്ടപ്പെട്ടതിന്റെ വിറയൽ മാറാതെ അശ്വത്, കുതറിയോടാൻ കഴിഞ്ഞത് രക്ഷയായി...

Mail This Article
ഒരു രാത്രി കൊണ്ടാണ് അശ്വത് എന്ന പതിനൊന്നുകാരൻ അനാഥനായത്. ഭീതി പരത്തിയ തീയിൽ മാതാവും അനുജനും എരിഞ്ഞടങ്ങുന്നതു നേരിൽ കണ്ടതിന്റെ വിറയൽ ഇപ്പോഴും മാറിയില്ല. മാതാപിതാക്കളും ഏക സഹോദരനും മരിച്ചതോടെ ജീവിത യാത്രയിൽ ഏകനായി മാറി ഈ ബാലൻ. നെടുമ്പാശേരി പാറക്കടവ് പഞ്ചായത്തിലെ പുളിയനത്ത് കഴിഞ്ഞ ദിവസം യുവ ദമ്പതികളായ സനലും സുമിയും ഇളയ മകൻ ആസ്തികും മരണത്തിന് കീഴടങ്ങിയതോടെ കുടുംബത്തിൽ അവശേഷിച്ചത് അശ്വത് മാത്രമാണ്.
വാതിൽ തുറക്കാൻ വൈകിയിരുന്നെങ്കിൽ ഒരു പക്ഷേ അശ്വതും മരണത്തിന് കീഴടങ്ങേണ്ടി വന്നേനെ. ഉറക്കത്തിനിടെ ദേഹത്ത് തീ പാറിയെത്തിയതോടെ മുറിക്കകത്ത് നിന്ന് കുതറിയോടാൻ കഴിഞ്ഞതാണ് അശ്വതിന്റെ ജീവൻ രക്ഷിച്ചത്. അശ്വത് ഇപ്പോൾ മാതാവ് സുമിയുടെ ബന്ധുക്കളുടെ സംരക്ഷണയിലാണ്. ഇളയ സഹോദരൻ ആസ്തിക്കിനെയും പുറത്തിറക്കാനും ആശുപത്രിയിൽ എത്തിക്കാനും കഴിഞ്ഞിരുന്നു. അവസാന നിമിഷം ആസ്തികും മരണത്തിന് കീഴടങ്ങിയതോടെ അശ്വത് ഒറ്റപ്പെടുകയായിരുന്നു. മരിച്ച ആസ്തികിന്റെ സംസ്കാരം ഇന്നലെ നടത്തി.