വിവാഹവും ജോലിയും കുട്ടിയുമൊക്കെയായി ‘സ്വസ്ഥ’ കുടുംബജീവിതം നയിക്കുന്നതിനിടയിലാണ് അങ്ങ് ഓസ്ട്രേലിയയിലിരുന്ന പാർവതി രവീന്ദ്രന്റെ തലയിൽ ഒരു മോഹമുദിച്ചത്, മിസിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്താലോ? ഭർത്താവ് വിനീതും മകൻ വിഹാനും കട്ടയ്ക്കു കൂടെ നിന്നതോടെ ആ സ്വപ്നത്തിലേക്കു പാർവതി റാംപ് വാക്ക് ചെയ്തു.
മഞ്ജു വാരിയർ സിനിമയിൽ ചോദിച്ച ആ ചോദ്യം ഓർമയില്ലേ, സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് ആരാണ് എക്സ്പയറി ഡേറ്റ് നിശ്ചയിക്കുന്നത്? കുടുംബവും ചുറ്റുപാടുകളും വിവാഹവും കെട്ടുപാടുകളും ചേർന്നു കെട്ടിയിടപ്പെട്ടു ജീവിച്ച സ്ത്രീകളുടെ അനുഭവങ്ങൾ ഇന്നത്തെ തലമുറയ്ക്ക് അദ്ഭുത കഥകളാണ്.
സ്വപ്നത്തിലേക്കു ചിറകു വിരിച്ചു പറക്കുന്ന പെ ൺകുട്ടികളുടെ കാലമാണിത്. മിസ് ഇന്ത്യ മത്സരത്തി ൽ പങ്കെടുക്കാൻ മോഹിച്ചിട്ടും അതു സാധിക്കാത്ത പാർവതി, മിസിസ് ഇന്ത്യ ക്യൂൻ ഓഫ് സബ്സ്റ്റൻസ് പട്ടം സ്വന്തമാക്കിയ കഥ കേൾക്കാം.
തിരുവനന്തപുരത്തെ കുട്ടി
നെടുമങ്ങാടാണു പാർവതി ജനിച്ചതും വളർന്നതും. അ ച്ഛൻ രവീന്ദ്രൻ നായർ നിയമസഭാ ഓവർസിയറായിരുന്നു. അച്ഛനും അമ്മ ശോഭനകുമാരിയും കൂടി ഒരു ബിസിനസും നടത്തിയിരുന്നു. പാർവതിയും അനിയൻ പ്രവീണും പഠിക്കാൻ മിടുമിടുക്കർ. ക്ലാസിക്കൽ ഡാൻസും സ്റ്റേജുമൊക്കെയായിരുന്നു പാർവതിയുടെ മറ്റ് ഇഷ്ടങ്ങൾ.
‘‘മൂന്നാം വയസ്സിൽ രമാദേവി ടീച്ചറിന്റെ കീഴിലാണു നൃത്തം അഭ്യസിച്ചു തുടങ്ങിയത്. പിന്നെ, താര കല്യാൺ ടീച്ചറിന്റെ അടുത്ത്. 25 വയസ്സു വരെ താര ടീച്ചറായിരുന്നു ഗുരു. മോഹിനിയാട്ടവും ഭരതനാട്യവുമാണ് ഇനങ്ങൾ. സ്കൂൾതലത്തിൽ കുറേ സമ്മാനങ്ങൾ കിട്ടിയെങ്കിലും പഠനത്തിലാണു കൂടുതൽ ശ്രദ്ധിച്ചത്.
സെന്റ് തോമസ് സെൻട്രൽ സ്കൂളിൽ നിന്നു പ്ലസ്ടു പാസ്സായ പിറകേ വെള്ളനാട് സാരാഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ബിടെക് ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് എൻജിനിയറിങ്ങിനു ചേർന്നു. മോഹൻദാസ് കോ ളജ് ഓഫ് എൻജിനീയറിങ്ങിൽ നിന്നാണു പവർ സിസ്റ്റംസിൽ എംടെക് പാസ്സായത്. അതിനു പിറകേ കല്യാണം കഴിഞ്ഞു. ഭർത്താവ് വിനീത് വേണു ഓസ്ട്രേലിയയിലെ കെമിക്കൽ കമ്പനിയിൽ ഐടി മാനേജരാണ്. അങ്ങനെ ഓസ്ട്രേലിയിലേക്കു പറന്നു. ഓസ്ട്രേലിയയിലെ ഷോൽഹെവൻ ഡിസ്ട്രിക്ട് മെമ്മോറിയൽ ഹോസ്പിറ്റലിൽ ക്ലിനിക്കൽ എൻജിനീയറായി ജോലി കിട്ടിയതാണ് ആദ്യ വഴിത്തിരിവ്. ഡിപ്പാർട്ട്മെന്റിലെ ആദ്യ വനിതയാണ് ഞാൻ. ആ നേട്ടം വലിയ ആത്മവിശ്വാസം തന്നു. രണ്ടാമത്തെ വഴിത്തിരിവു സംഭവിച്ചതു മകന്റെ ജനനശേഷമാണ്. 56 കിലോഗ്രാമായിരുന്ന ശരീരഭാരം പ്രസവം അടുത്തപ്പോഴേക്കും 95 ലെത്തി. പ്രസവശേഷം 70 കിലോയിൽ നിന്നു ഭാരം കുറഞ്ഞതേയില്ല.
ശരീരവും ആരോഗ്യവും നന്നായി നോക്കിയില്ലെങ്കിൽ ബാ ക്കിയെല്ലാം താറുമാറാകും എന്ന തിരിച്ചറിവ് വന്നതോടെ യോഗയും ഡയറ്റും കർശനമാക്കി. യോഗയും ഡയറ്റുമൊക്കെ കൊണ്ടു ശരീരഭാരം 54 കിലോയിലെത്തിയപ്പോഴാണ് ആ പഴയ മോഹം വീണ്ടും വന്നത്.’’
മിസ് ടു മിസിസ് ഇന്ത്യ
‘‘മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കണമെന്ന മോഹം പണ്ടു വീട്ടിൽ പറഞ്ഞിരുന്നെങ്കിലും പഠനം വിട്ടൊരു പരിപാടിക്കും ആരും പ്രോത്സാഹിപ്പിച്ചില്ല. അതേക്കുറിച്ച് അത്ര അറിവില്ലായിരുന്നു എന്നതാണു സത്യം. പക്ഷേ, മിസിസ് ഇന്ത്യ മോഹം കേട്ടപാടേ ഭർത്താവ് വിനീതും മോനും ആവേശത്തിലായി. വിനീത് നല്ല പാട്ടുകാരനാണ്, സിനിമയോടുള്ള ഇഷ്ടം കൊണ്ടു ഫെയറി ഫ്രെയിംസ് എന്ന സിനിമാ നിർമാണ കമ്പനിയും നടത്തുന്നുണ്ട്. ‘കീടം’ സിനിമയുടെ സഹനിർമാതാവാണ് വിനീത്.’’

ക്വീൻ ഓഫ് സബ്സ്റ്റൻസ്
‘‘എംടെകിനു പഠിക്കുമ്പോൾ അസാപ് പ്രോജക്ടിൽ സ്കി ൽ ട്രെയ്നറായി ജോലി ചെയ്തിട്ടുണ്ട്. ഒരുപാടു കുട്ടികളുടെ ജീവിതം അടുത്തറിയാനും അവരുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കാൻ ശ്രമിക്കാനും അന്ന് അവസരം കിട്ടി. ലൈഫ് ചെയ്ഞ്ചിങ് മൊമന്റ്സ് ഉണ്ടാക്കുക എന്നതാണു ജീവിതത്തിലെ ഏറ്റവും വലിയ കാര്യമെന്ന് അന്നേ തിരിച്ചറിഞ്ഞിരുന്നു. മിസിസ് ഇന്ത്യയ്ക്കു വേണ്ടി പരിശ്രമിക്കാനുള്ള പ്രചോദനവും അതാണ്.
കല്യാണം കഴിഞ്ഞു, ഇനി സ്വപ്നങ്ങളില്ല എന്നു ചിന്തിക്കുന്ന ഒരുപാടു പേരുണ്ട്. മറന്നു പോയ സ്വപ്നങ്ങളൊക്കെ നേടിയെടുക്കാൻ ഇനിയും സമയമുണ്ടെന്ന് അവരോടു പറയണമെന്നു തോന്നി.
കല്യാണം കഴിഞ്ഞ് ഓസ്ട്രേലിയയിൽ വന്ന പിറകേ ഞാൻ ഡാൻസ് സ്കൂൾ തുടങ്ങിയിരുന്നു. ക്ലാസ്സിക്കൽ ഡാൻസും ബോളിവുഡ് ഡാൻസ് അടക്കമുള്ള പെർഫോമൻസുകളും പഠിപ്പിക്കുന്നുണ്ട്. വിനീതിന്റെ ടെന്നീസ് ഭ്രമം കണ്ടു ഞാനും ടെന്നീസ് പഠിക്കാൻ തുടങ്ങി. ഇപ്പോൾ ഡിസ്ട്രിക്ട് അസോസിയേഷന്റെ കീഴിൽ പതിവായി മത്സരത്തിനിറങ്ങുന്നു.’’
അവാർഡ് ഗോസ് ടു...
‘‘മിസ് പാജന്റ് പോലെയേയല്ല മിസിസ് പാജന്റ്. സൗന്ദര്യവും അഴകളവുകളും മാത്രമല്ല, ജീവിതത്തിൽ അച്ചീവേഴ്സ് ആണോ എന്നതിനാണു മുൻതൂക്കം നൽകുക. ചുറ്റുമുള്ളവർക്കു സ്വന്തം ജീവിതത്തിലൂടെ മോട്ടിവേഷൻ നൽകുന്നവർക്കാണു മാർക്ക് കൂടുതൽ കിട്ടുക. മിസിസ് ഇന്ത്യ മത്സരത്തിന് ഏതാണ്ട് ഒരു വർഷത്തെ തയാറെടുപ്പുകളുണ്ട്. നാട്ടിലുള്ളവരെ സംസ്ഥാന തലത്തിൽ ഓഡിഷൻ നടത്തി ഷോർട് ലിസ്റ്റ് ചെയ്യും. പക്ഷേ, ഞങ്ങൾ നാട്ടിൽ ഇല്ലാത്തതു കൊണ്ട് ഓൺലൈനായാണു ഓഡിഷൻ.
തിരഞ്ഞെടുക്കപ്പെട്ട പിറകേ റാംപ് വാക്ക് അടക്കമുള്ളവ പഠിക്കാൻ ചേർന്നു. പാജന്റ് കോച്ചിങ്ങിനു ശേഷം പ ല ഇന്റർവ്യൂ റൗണ്ടുകളും എഴുത്തു പരീക്ഷാ റൗണ്ടുകളും പാസ്സാകണം, എങ്കിലേ ഫൈനൽ ഷോർട് ലിസ്റ്റിലെത്തൂ.

ആ ഘട്ടത്തിൽ എല്ലാ ആഴ്ചയും ഒന്നോ രണ്ടോ ടാസ്ക് പൂർത്തിയാക്കണം. ഓൾഡ് ഏജ് ഹോം, ഓർഫനേജ് എന്നിവ സന്ദർശിച്ച് അവിടെ ഉള്ളവരോടൊപ്പം സമയം ചെലവഴിക്കാനൊക്കെ ആകും ടാസ്ക്. അതു വിഡിയോ ആക്കി അയയ്ക്കണം. ഡയറ്റ് ആണു മറ്റൊരു പ്രധാന ടാസ്ക്. ഓരോ നേരം കഴിക്കുന്ന ഭക്ഷണവും ലിസ്റ്റ് ചെയ്യണം.
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഡൽഹിയിലായിരുന്നു ഫൈനൽ മത്സരങ്ങൾ. 33 മത്സരാർഥികളിൽ നിന്നു മിസിസ് ഇന്ത്യ ക്യൂൻ ഓഫ് സബ്സ്റ്റൻസ് ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഓർത്തതു പഴയ മിസ് ഇന്ത്യ മോഹമാണ്. എ പ്പോഴും പോസിറ്റീവായി കാര്യങ്ങളെ നോക്കി കാണുന്നു എന്നതാണു ജഡ്ജസിൽ നിന്നു കിട്ടിയ അവാർഡിനേക്കാൾ വിലയുള്ള കമന്റ്.
2025ൽ ഫിലിപ്പീൻസിൽ വച്ചു നടക്കുന്ന മിസിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ഒപ്പം കുറച്ചധികം സാമൂഹ്യ ഉത്തരവാദിത്തങ്ങളുമുണ്ട്.
ജീവിതത്തിൽ കൂടുതൽ നേട്ടമുണ്ടാക്കിയ, ചുറ്റുമുള്ളവരെ നേട്ടത്തിലേക്ക് എത്തിക്കുന്നവരാണു ക്യൂൻ ഓഫ് സബ്സ്റ്റൻസ് എന്നാണു സങ്കൽപം. ആ കടമ ഇനിയും നിറവേറ്റണം. അച്ഛനും അമ്മയും ഭർത്താവും രണ്ടാം ക്ലാസ്സുകാരനായ മോനും ജർമനിയിൽ കമ്മിഷനിങ് എൻജിനീയറായ അനിയൻ പ്രവീണുമൊക്കെ കൂടെയുള്ളപ്പോൾ സ്വപ്നം കാണാൻ ഇനി ഇരട്ടി ഊർജമാണ്.’’
രൂപാ ദയാബ്ജി