Wednesday 05 July 2023 12:37 PM IST

കല്യാണക്കുറിമാനം പ്രതീക്ഷിച്ച ബന്ധുക്കൾക്ക് കിട്ടിയത് കുഞ്ഞു ഡപ്പി! ഉള്ളിൽ വമ്പൻ സസ്പെൻസ്: കളറായി ഈ കല്യാണംവിളി

Binsha Muhammed

rafi-wedding-cover

കല്യാണമെന്നാൽ കളറാകണം. അതാണ് ന്യൂജനറേഷന്റെ നിലപാട്. കുത്തുബ് മിനാർ കണക്കെ പെണ്ണിന് ഗിഫ്റ്റ് ഹാംപർ കൊടുത്ത് കളർഫുൾ എൻഗേജ്മെന്റ്. അതായിരിക്കും തുടങ്ങം... സേവ് ദി ഡേറ്റിലേക്ക് എത്തുമ്പോൾ സംഭവം അടിമുടി മാറും. തീമുകളും വെറൈറ്റി കണ്ടന്റുകളും സമം പോലെ പരീക്ഷിച്ച് കല്യാണം വിളി പിള്ളേർ കളറാക്കും. വിവാഹ വേദിയിലേക്ക് എത്തുമ്പോഴേക്കും സംഗതി കുറച്ചൂടി കളറാകും. കല്യാണപ്പെണ്ണിന്റേയും ചെക്കന്റേയും റോയൽ എൻട്രി, വിവാഹ ഫൊട്ടോഗ്രഫിയിലെ പരീക്ഷണങ്ങൾ എന്നുവേണ്ട എല്ലാം കൊണ്ടും കല്യാണം അടിച്ചുപൊളിയായിരിക്കും. ‍

പരീക്ഷണങ്ങളുടെ കല്യാണക്കാലത്ത് ഇവിടെയിതാ അമ്പരപ്പിക്കുന്ന പരീക്ഷണവുമായി ഒരു കല്യാണ പയ്യൻ എത്തുകയാണ്. പുനലൂർ സ്വദേശിയായ മുഹമ്മദ് റാഫിയാണ് തന്റെ കല്യാണം വിളിയില്‍ കിടിലനൊരു പരീക്ഷണം പയറ്റിനോക്കിയത്. സംഗതി മേൽപ്പറഞ്ഞ പോലെ കളറായെന്നു മാത്രമല്ല ബന്ധുക്കൾ, നാട്ടുകാർ എന്നുവേണ്ട സോഷ്യൽ മീഡിയയിലടക്കം വൈറലായി.

കല്യാണക്കുറി പ്രതീക്ഷിച്ച ബന്ധുക്കൾക്ക് മുന്നിലേക്ക് പഴയ മോഡൽ ഫിലിം റോൾ ഡെപ്പി കൊടുത്തായിരുന്നു റാഫിയുടെ എൻട്രി. വിഡിയോ ഗ്രാഫർ കൂടിയായ റാഫി തന്നെ തന്നെ പറയുന്നു ആ ഫിലിം റോൾ കല്യാണക്കുറിമാനത്തിനു പിന്നിലുള്ള ചേതോവികാരത്തിന്റെയും പരീക്ഷണത്തിന്റെയും കഥ.

സേവ് ദി ഡേറ്റ് ഡബ്ബ

‘മാധ്യമപ്രവർത്തകനും യുവ സംരംഭകനുമായ ചേട്ടൻ ഷാഫിയുടെ കല്യാണ വിശേഷങ്ങളെല്ലാം കൂടി ഒരു മാഗസിനായി മാറുന്നത് കണ്ട് അമ്പരന്നിട്ടുണ്ട്. താലികെട്ട് ഉൾപ്പെടെയുള്ള ചടങ്ങുകളൊക്കെ കക്ഷി ഒരു മാഗസിന്‍ ഫീച്ചർ പോലെയാക്കി ചേട്ടൻ ഞെട്ടിച്ചു. അതോടെയാണ് എന്റെ കല്യാണക്കുറിയുടെ കാര്യത്തിലും എന്തെങ്കിലും വെറൈറ്റി വേണമെന്ന ആഗ്രഹം ഉദിക്കുന്നത്.’– മുഹമ്മദ് റാഫി പറഞ്ഞു തുടങ്ങുകയാണ്.

ക്യാമറാമാനായ കല്യാണ ചെറുക്കൻ എങ്ങനെ കല്യാണം വിളിക്കും എന്ന ചിന്തയാണ് തലയിൽ ഹൈ വോൾട്ടേജ് ബൾബ് മിന്നിച്ചത്. കാലങ്ങൾക്ക് മുൻപ് നമ്മൾ ഉപയോഗിച്ചിരുന്ന ഫിലിം നെഗറ്റീവ് റോളിന്റെ മാതൃകയിൽ കല്യാണ ക്ഷണക്കത്ത് ഒരുക്കിയാലോ എന്ന ഐഡിയയിൽ അങ്ങനെ എത്തിപ്പെട്ടു. ക്യാമറാമാൻമാരുടെയും ഫൊട്ടോ പ്രേമികളുടെയും നൊസ്റ്റാൾജിയയിലുള്ള ആ പഴയ കുഞ്ഞൻ ഫിലിം ഡബ്ബ അല്ലെങ്കിൽ ഡപ്പിയെ കൂട്ടു പിടിച്ചായിരുന്നു തുടക്കം. വിവാഹ ക്ഷണക്കത്തിലെ വിവരങ്ങളാകട്ടെ ഫിലിം റോളിലേക്ക് സന്നിവേഷിപ്പിച്ചു.

rafi-wedding-2

ഫിലിം റോൾ നിവർത്തുമ്പോള്‍ ആദ്യം കാണുന്നത് ഒരു ക്യാമറയുടെ ചിത്രമാണ്. രണ്ടാമതായി വരനായ എന്റെയും വധു ആഷ്നയുടെയും കലക്കന്‍ ചിത്രം. രണ്ട് പേരുടെയും കുടുംബ വിവരങ്ങളാണ് അടുത്തത്. കല്യാണ തീയതി സമയം സ്ഥലം എന്നിവ ഫിലിം റോളിൽ ഓരോ ഫിലിമായി തയ്യാറാക്കിയിട്ടുണ്ട്. കല്യാണ ചെക്കന്റെ ഉപ്പയ്ക്കും ഉമ്മയ്ക്കും ഇവിടെ സ്പേസ് നൽകിയിട്ടുണ്ട്.

ജ്യേഷ്ഠൻ മുഹമ്മദ് ഷാഫി നേതൃത്വം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ സഹകരണ മീഡിയ പ്രൊഡക്ഷൻ ഹൗസായ അയ്കൂപ്സിലെ അംഗങ്ങളും സുഹ്യത്തുക്കളും ചേർന്നാണ് ഫിലിം റോൾ കല്യാണ ഡബ്ബ തയ്യാറാക്കിയിരിക്കുന്നത്. ഡപ്പി കൊള്ളാല്ലോ? വെളിച്ചെണ്ണയും ഗുളിക ഇട്ട് വയ്ക്കാനുമൊക്കെ എടുക്കാല്ലോ ! എന്നൊക്കെ... കല്യാണം വിളിക്കാൻ പോകുമ്പോൾ സുഹ്യത്തുക്കളുടെയും ബന്ധുക്കളുടെയും ഇടയിൽ നിന്ന് രസകരമായ മറുപടികളാണ് ലഭിക്കുന്നുണ്ട്. എന്തായാലും സംഭവം വെറൈറ്റി ആയിട്ടുണ്ടെന്ന് പ്രായഭേദമന്യേ ഏവരും സാക്ഷ്യപ്പെടുത്തുന്നു.

rafi-wedding-3

സേവ് ദ ഡേറ്റിലും സസ്പെൻസ് ഒളിച്ചിരിപ്പുണ്ട്. കല്യാണത്തിന്റെ വീഡിയോയും ഫോട്ടോയും ക്ഷണക്കത്തുമെല്ലാം ഒരു തീമിലാണ് ചെയ്യുന്നത്. ജൂലൈ 30 ന് റിസപ്ഷൻ നടക്കുന്ന ഓഡിറ്റോറിയത്തിനു മുന്നിൽ ഫിലിം റോളുകളുടെ ഒരു വലിയ മാതൃകയും ക്യാമറാമാൻ ഒരു ക്യാമറയുമായി നിൽക്കുന്ന ക്യാമറാമാന്റെ നിശ്ചല രൂപവും ഉണ്ടാകും. 2023 ജൂലൈ 30 ന് കൊട്ടാരക്കര റോയൽ കൺവെൻഷൻ സെന്ററിലാണ് നിക്കാഹ് ചടങ്ങുകൾ നടക്കുന്നത്.’– മുഹമ്മദ് റാഫി പറയുന്നു.

കഴിഞ്ഞ ഒൻപത് വർഷമായി വിഡിയോ ജേർണലിസ്റ്റ്, കല്യാണ വീഡിയോഗ്രാഫറായി പ്രവർത്തിച്ചു വരികയാണ് റാഫി. എന്തായാലും ഭാവി വരന്റെ ഐഡിയ കല്യാണപ്പെണ്ണിനും നന്നേ ബോധിച്ചിട്ടുണ്ട്. കൊട്ടാരക്കര സ്വദേശിനിയാണ് എബിഎ ബിരുദധാരിയായ വധു ആഷ്ന സലിം.

ഓൺലൈൻ വഴി യഥാർത്ഥ ഫിലിമും ഡബ്ബയും ഓർഡർ ചെയ്യാൻ നോക്കിയപ്പോൾ ഫിലിം സ്റ്റോക്ക് തീർന്നിരിക്കുന്ന കാര്യമാണ് അറിഞ്ഞത്. അതുകൊണ്ടാണ് പിന്നീട് ഫിലിം നെഗറ്റീവിന്റെ മാതൃകയിലേക്ക് എത്തിയത്. ഫിലിം എന്താണെന്നുള്ളത് ഈ കാലത്തുള്ള കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം. പുതിയ ആശയങ്ങളിലൂടെ പഴമയിലെ സംഗതികളെ പുതിയ രൂപത്തിൽ എത്തിക്കാനും ശ്രമിക്കുകയാണ്. റാഫിയുടെ സഹാദരനും അയ്കൂപ്സിന്റെ പ്രസിഡന്റുമായ മുഹമ്മദ് ഷാഫിയും പറയുന്നു.

film-roll-wedding