Saturday 18 January 2025 11:14 AM IST : By സ്വന്തം ലേഖകൻ

‘ഇക്കാ എന്തിനീ ക്രൂരത ചെയ്തു’: എഴുതാൻ അറിയാത്ത നബീസയുടെ ആത്മഹത്യാ കുറിപ്പിൽ ട്വിസ്റ്റ്: വിധിയിൽ കൂസലില്ലാതെ പ്രതികൾ

nabeesa

ഭക്ഷണത്തിൽ വിഷം കലർത്തി നൽകി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ കൊച്ചുമകനും ഭാര്യയും കുറ്റക്കാർ. മണ്ണാർക്കാട് കരിമ്പുഴ തോട്ടര ഈങ്ങാക്കോടൻ മമ്മിയുടെ ഭാര്യ നബീസ (71) കൊല്ലപ്പെട്ട കേസിലാണ് നബീസയുടെ മകളുടെ മകൻ പടിഞ്ഞാറേതിൽ ബഷീർ, ഭാര്യ ഫസീല എന്നിവർ കുറ്റക്കാരാണെന്നു മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി കണ്ടെത്തിയത്. ശിക്ഷ ഇന്നു വിധിക്കും. 2016 ജൂൺ 24നു രാവിലെയാണു മണ്ണാർക്കാടിനടുത്ത് ആര്യമ്പാവ് ചെട്ടിക്കാട് ഭാഗത്ത് നബീസയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തെ സഞ്ചിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും സ്വിച്ച് ഓഫ് ചെയ്ത മൊബൈൽ ഫോണും കണ്ടെടുത്തിരുന്നു.

എഴുതാൻ അറിയാത്ത നബീസയുടെ ആത്മഹത്യാ കുറിപ്പാണു കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഫസീലയുടെ 43 പവൻ സ്വർണാഭരണം ദുരൂഹ സാഹചര്യത്തിൽ കാണാതായിരുന്നു. ഇതു നബീസ എടുത്തതാണെന്നാണു ഫലീസ പറഞ്ഞിരുന്നത്. അതേസമയം ഇതു ഫസീല തന്നെ ഒളിപ്പിച്ചതാണെന്നു ബന്ധുക്കൾ ആരോപിക്കുന്നു. ഒരു ബന്ധുവിന്റെ ആഭരണം നഷ്ടമായ സംഭവത്തിൽ ഫസീലയ്ക്ക് പങ്കുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. ഈ സംഭവങ്ങളെല്ലാം നബീസ പുറത്തുപറഞ്ഞതിനാലാണു നബീസയെ ഇല്ലാതാക്കാൻ ഫസീല തീരുമാനിച്ചത്.  നബീസയുടെ മരണത്തോടെ തന്റെ ചീത്തപ്പേരുകൾ മാറുമെന്ന കണക്കുകൂട്ടലിലാണു കൊലപാതകം ആസൂത്രണം ചെയ്തത്.

2016 ജൂൺ 21നു മണ്ണാർക്കാട് നൊട്ടന്മലയിലെ ബന്ധുവിന്റെ വീട്ടിലേക്കു പോയ നബീസയെ 22നു ബഷീർ താമസിക്കുന്ന മണ്ണാർക്കാട് നമ്പിയംകുന്നിലെ വാടകവീട്ടിലേക്കു കൊണ്ടുപോയി. അവിടെവച്ച് വിഷം നൽകി കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്. ഭക്ഷണത്തിലൂടെയും ബലമായും വിഷം നൽകി. ബലപ്രയോഗത്തിനിടെ നബീസയുടെ കൈക്കും തലയ്ക്കും പരുക്കേറ്റു. പുലർച്ചെയോടെ മരണം ഉറപ്പാക്കി. അന്നു മൃതദേഹം ബഷീറിന്റെ വീട്ടിൽ തന്നെ സൂക്ഷിച്ചു. 23നു പുലർച്ചെ ഒരു മണിയോടെ കാറിൽ ബഷീറും ഭാര്യ ഫസീലയും ചേർന്ന് മൃതദേഹം ആര്യമ്പാവിൽ ഉപേക്ഷിച്ചു.

നബീസയെ കാണാനില്ലെന്നു പരാതിപ്പെടാനും മൃതദേഹം കണ്ടെത്തിയപ്പോൾ പൊലീസിനു മൊഴിനൽകാനും മുന്നിലുണ്ടായിരുന്നതു ബഷീറാണ്. ആത്മഹത്യാ കുറിപ്പും മൊബൈൽ ഫോണിലെ കോൾ ലിസ്റ്റും പരിശോധിച്ചാണു പൊലീസ് പ്രതികളിലേക്ക് എത്തിയത്. ബഷീർ ഒന്നാം പ്രതിയും ഫസീല രണ്ടാം പ്രതിയുമാണ്. കൊലപാതകം, തെളിവു നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളിൽ പ്രതികൾ കുറ്റക്കാരാണെന്നു ജഡ്ജി ജോമോൻ ജോൺ വിധിച്ചു. ശിക്ഷ വിധിക്കുന്നത് ഇന്നത്തേക്കു മാറ്റി.  ഒരു വർഷം നീണ്ട വിചാരണയ്ക്കു ശേഷമാണു വിധി പറയുന്നതെന്നു പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജയൻ പറഞ്ഞു.

വിധി വന്ന ശേഷം വിശദമായി പറയാമെന്ന് ഫസീല

മണ്ണാർക്കാട് ∙ തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ട കേസിൽ കുറ്റക്കാരിയാണെന്നു കണ്ടെത്തിയതിനു പിന്നാലെ, എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് ഫസീല പ്രതികരിച്ചത് ഇങ്ങനെ– ‘വിധി വന്ന ശേഷം വിശദമായി പറയാം’. കോടതി നടപടികൾ പൂർത്തിയാക്കി ജയിലിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു പ്രതികരണം. കേസിന്റെ വിധി കേൾക്കാൻ നബീസയുടെ മക്കളും പേരമക്കളും ഉൾപ്പെടെയുള്ള ബന്ധുക്കൾ എത്തിയിരുന്നു. ബഷീറിനെ കണ്ടപ്പോൾ ‘ഇക്കാ ഇങ്ങനെയൊക്കെ എന്തിനു ചെയ്തു, നിന്നെ അത്രമാത്രം നെഞ്ചിലേറ്റിയിരുന്നുവെന്ന്’ പറഞ്ഞു സഹോദരി വിങ്ങിപ്പൊട്ടി.

ഇവിടെ നിന്ന് ഇറങ്ങിയിട്ടു കാണിച്ചുതരാമെന്നായിരുന്നു ബഷീറിന്റെ മറുപടി. ഇതോടെ സഹോദരിയെ ഭീഷണിപ്പെടുത്തിയെന്നു ബന്ധുക്കൾ ബഷീറിനെതിരെ പരാതി നൽകി. കുറ്റക്കാരാണെന്നു കോടതി വിധിച്ചിട്ടും കൂസലില്ലാതെയാണ് ഇരുവരും പെരുമാറിയത്. കോടതി നടപടികൾ പൂർത്തിയാക്കി പൊലീസ് ജീപ്പിലേക്കു കൊണ്ടുപോകുന്നതിനിടെ കോടതി വരാന്തയിൽ മാധ്യമ പ്രവർത്തകരുടെ നേരെ ഫസീല കയ്യേറ്റ ശ്രമവും നടത്തി.

ഫസീലയ്ക്കെതിരെ വേറെയും കേസുകൾ

മണ്ണാർക്കാട് ∙ ഭർതൃപിതാവിനെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഫസീലയ്ക്ക് 5 വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും ഒറ്റപ്പാലം അഡീഷനൽ ജില്ലാ സെഷൻസ് കോടതി നേരത്തേ ശിക്ഷ വിധിച്ചിരുന്നു. ഈ കേസിന്റെ വിധിക്ക് എതിരെ അപ്പീൽ നൽകി കാത്തിരിക്കുകയാണ്. ഇതിനിടെയാണു ഭർതൃമാതാവിന്റെ ഉമ്മ കൊല്ലപ്പെട്ട കേസിൽ കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തിയിരിക്കുന്നത്.2024 ഫെബ്രുവരി 21നു തൃപ്പൂണിത്തുറയിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കയറി ജീവനക്കാരന്റെ മുഖത്തേക്ക് മുളകുവെള്ളം സ്പ്രേ ചെയ്ത് മർദിച്ച് കഴുത്തിലെ മാലയും മേശയിലുണ്ടായിരുന്ന 10,000 രൂപയും കവർന്ന സംഭവത്തിൽ ഫസീലയ്ക്കെതിരെ കേസുണ്ട്.