Friday 09 June 2023 04:11 PM IST : By സ്വന്തം ലേഖകൻ

‘ജയിലില്‍ അയാളെ താമസിപ്പിക്കുന്ന മുറിയിൽ മകളുടെ ചിത്രങ്ങൾ വയ്ക്കണം; അതിലും വലിയ ശിക്ഷ കിട്ടാനില്ല’: അഭിലാഷ് പിള്ള പറയുന്നു

sreemahesh6677

ആറു വയസ്സുകാരി നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീമഹേഷിന് തക്കതായ ശിക്ഷ നല്‍കണമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ജയിലിൽ അയാളെ താമസിപ്പിക്കുന്ന മുറിയിൽ സ്വന്തം മകളുടെ ചിത്രങ്ങൾ വയ്ക്കണമെന്നും അതുകണ്ടുവേണം ഇനിയുള്ള കാലം അയാൾ ജീവിക്കാനെന്നും അഭിലാഷ് ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

അഭിലാഷ് പിള്ള പങ്കുവച്ച കുറിപ്പ് വായിക്കാം;

പെൺകുട്ടികൾക്ക് എന്നും അച്ഛന്മാരോട് ഇഷ്ടം കൂടുതലാണ് അവരുടെ കണ്ണ് ഒന്ന് നിറഞ്ഞാൽ സഹിക്കാൻ പറ്റില്ല, ഉറപ്പിച്ചു പറയാൻ കാരണം എനിക്കും രണ്ട് പെൺകുട്ടികളാണ്. ഇന്ന് കേട്ട ഈ വാർത്ത വല്ലാതെ വേദനിപ്പിച്ചു അച്ഛൻ സർപ്രൈസ് തരാം എന്ന് പറഞ്ഞപ്പോൾ കണ്ണടച്ച് ആ കുഞ്ഞു നിന്നതും ആഗ്രഹിച്ചതും അച്ഛൻ കയ്യിൽ വച്ച് തരാൻ പോകുന്ന സമ്മാനം ആയിരുന്നു. 

പിന്നിൽ നിന്നും കോടാലിക്കു വെട്ടി മരണം സമ്മാനിച്ച ആ അച്ഛനോട് അവൾക്കു ഒരിക്കലും ദേഷ്യം കാണില്ല കാരണം ആരു പറഞ്ഞാലും അവൾ വിശ്വസിക്കില്ല അച്ഛൻ അവളെ കൊന്നു എന്ന്. നക്ഷത്രയുടെ ആത്മാവിന് ശാന്തി കിട്ടാൻ പ്രാർത്ഥിക്കുന്നു. ജയിലിൽ അയാളെ താമസിപ്പിക്കുന്ന മുറിയിൽ ആ കുട്ടിയുടെ ചിത്രങ്ങൾ വയ്ക്കണം. അത് കണ്ടുവേണം ഇനിയുള്ള കാലം അയാൾ ജീവിക്കാൻ.. അതിലും വലിയ ശിക്ഷ കിട്ടാനില്ല.

ബുധനാഴ്ച രാത്രി ഏഴരയോടെയാണു നക്ഷത്ര കൊല്ലപ്പെട്ടത്. നക്ഷത്രയുടെ നിലവിളി കേട്ടു സമീപത്ത്  മകളുടെ വീട്ടിൽ താമസിക്കുന്ന ശ്രീമഹേഷിന്റെ അമ്മ സുനന്ദ (62) ഓടിയെത്തിയപ്പോൾ വെട്ടേറ്റ് കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. നിലവിളിച്ചു പുറത്തേക്കോടിയ സുനന്ദയെയും ശ്രീമഹേഷ് ആക്രമിച്ചു. സുനന്ദയുടെ കൈക്കും തലയ്ക്കും വെട്ടേറ്റു. തന്റെ സുഖജീവിതത്തിനു മകൾ തടസ്സമാകുമെന്ന ചിന്തയിലാണു ശ്രീമഹേഷ് നക്ഷത്രയെ കൊലപ്പെടുത്തിയതെന്നാണു പ്രാഥമിക നിഗമനം.

Tags:
  • Spotlight