നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിയതിനു പിന്നാലെ പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അപ്പീലുമായി മുന്നോട്ടു പോകുമെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ല. കേസുമായി ഏതറ്റംവരെയും മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നും മഞ്ജുഷ പറഞ്ഞു.
എസ്ഐടിയുടെ അന്വേഷണത്തില്‍ തൃപ്തിയില്ലാത്തതുകൊണ്ടാണു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഞങ്ങളുടെ ഭാഗം കോടതി വേണ്ടരീതിയില്‍ പരിഗണിച്ചില്ല എന്നതിന്റെ തെളിവാണ് ഈ വിധി. മരണവുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കേസുമായി ഏതറ്റംവരെയും മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതും മഞ്ജുഷ പറഞ്ഞു. ഉത്തരവ് തൃപ്തികരമല്ലെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. അപ്പീലുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി പകരം കണ്ണൂര്‍ ഡിഐജി അന്വേഷണത്തിനു മേൽനോട്ടം വഹിക്കണമെന്നാണ് ഉത്തരം . പ്രത്യേകാനേഷ്വണ സംഘം അന്വേഷണ പുരോഗതി സമയാസമയങ്ങളിൽ ഹർജിക്കാരെ അറിയിക്കണം. എസ്ഐടിയുടെ അന്തിമ റിപ്പോർട്ട് ഡിജിപിക്കു സമർപ്പിക്കുകയും അന്തിമ അനുമതി തേടുകയും വേണമെന്നും വ്യക്തമാക്കിക്കൊണ്ടാണു ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജി തീർപ്പാക്കിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണു കോടതി തീരുമാനം. നവീൻ ബാബുവിന്റെ മരണം കൊലപാതകമാണോ എന്നതടക്കം കുടുംബം ഉന്നയിക്കുന്ന കാര്യങ്ങളും പ്രത്യേകാന്വേഷണ സംഘം പരിശോധിക്കണമെന്നു കോടതി നിർദേശിച്ചിട്ടുണ്ട്.
2024 ഒക്‌ടോബർ 15നു രാവിലെയാണു നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.