ADVERTISEMENT

ഒളിംപിക്സിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ആദ്യ പാക്കിസ്ഥാൻ താരമെന്ന റെക്കോർഡിലേക്ക് ജാവലിൻ പായിച്ച അർഷാദ് നദീം തനിക്ക് മകനേപ്പോലെയെന്ന് പറഞ്ഞ് ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്രയുടെ മാതാവ് സരോജ് ദേവി. നീരജിന് പാരിസിൽ ലഭിച്ചത് വെള്ളി മെഡലാണെങ്കിലും, അതിന് സ്വർണത്തിളക്കമുണ്ടെന്നാണ് തങ്ങൾ കരുതുന്നതെന്നും സരോജ് ദേവി പ്രതികരിച്ചു. 

പാരിസിൽ ഒളിംപിക്സിൽ ഇന്ത്യയുടെ സ്വര്‍ണ്ണ പ്രതീക്ഷയായിരുന്ന നീരജ് ചോപ്രയെ പിന്തള്ളിയാണ് പാക് താരം അർഷാദ് നദീം സ്വർണം നേടിയത്. തൊട്ടുപിന്നാലെയാണ് സരോജ് ദേവിയുടെ പ്രതികരണം. ‘‘ഈ വെള്ളിയിൽ ഞങ്ങൾക്കെല്ലാം അതിയായ സന്തോഷമുണ്ട്. ഇതിനെ സ്വർണമെഡലിനു തുല്യമായിട്ടാണ് ഞങ്ങൾ കാണുന്നത്. പരുക്കിന്റെ പിടിയിലായിരുന്നു അവൻ. അതിൽനിന്ന് തിരിച്ചുവന്നാണ് ഈ മെഡൽ നേട്ടം. തിരിച്ചെത്തുമ്പോൾ അവന് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ഉണ്ടാക്കിക്കൊടുക്കണം. സ്വർണം നേടിയ കുട്ടിയും ഞങ്ങളുടെ മകൻ തന്നെയാണ്.’- നീരജിന്റെ മാതാവ് പറഞ്ഞു.

ADVERTISEMENT

സ്വർണം നേടിയ അർഷാദ് നദീമിനെ നീരജ് ചോപ്രയും അഭിനന്ദിച്ചെത്തി. കഴിഞ്ഞ എട്ടു വർഷത്തിനിടെ ഇതാദ്യമായാണ് പാക് താരത്തോട് താൻ തോൽക്കുന്നതെന്നും, ഈ വിജയം അർഷാദ് നദീം അർഹിക്കുന്നുണ്ടെന്നും നീരജ് ചോപ്ര പറഞ്ഞു.

‘‘അർഷാദുമായി 2016 മുതൽ വിവിധ വേദികളിൽ ഞാൻ മത്സരിക്കുന്നതാണ്. ആദ്യമായിട്ടാണ് അദ്ദേഹത്തോടു തോൽക്കുന്നത്. പക്ഷേ, അർഷാദിന് ഈ വിജയത്തിന്റെ സമ്പൂർണ ക്രെഡിറ്റും നൽകിയേ തീരൂ. അദ്ദേഹം അത്രയ്ക്ക് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഈ രാത്രിയിൽ അർഷാദ് എന്നേക്കാൾ മികച്ചു നിൽക്കുകയും ചെയ്തു. അർഷാദിന് അഭിനന്ദനങ്ങൾ.ഞാൻ ജാവലിൻ ത്രോയിൽ പങ്കെടുക്കുമ്പോള്‍ 60- 70 ശതമാനം ശ്രദ്ധയും പരുക്കേൽക്കാതിരിക്കാനാണ് നൽകുന്നത്.

ADVERTISEMENT

ഇന്ന് എന്റെ റൺവേ അത്ര നന്നായില്ല. സ്പീഡും കുറവായിരുന്നു. ഈ പ്രശ്നമൊക്കെ വച്ചാണ് ഈ നേട്ടത്തിലെത്തിയത്. എനിക്ക് ശസ്ത്രക്രിയ നടത്താനുള്ള സമയമുണ്ടായിരുന്നില്ല. സ്വയം പ്രചോദിപ്പിച്ചാണ് ഞാൻ ഇവിടെയെത്തിയത്. ഇനിയും എനിക്ക് ഏറെ ചെയ്യാനുണ്ട്. അതെല്ലാം ചെയ്യണം. ഇനിയും കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനാകുമെന്ന ആത്മവിശ്വാസമുണ്ട്. അതു നേടാനായില്ലെങ്കിൽ എനിക്കു സമാധാനം കിട്ടില്ല.’’ -നീരജ് ചോപ്ര പ്രതികരിച്ചു.

ADVERTISEMENT
ADVERTISEMENT