ഏക മകന്റെ വേർപാടിൽ മനംനൊന്ത് കഴിഞ്ഞിരുന്ന ദമ്പതികളെ മകന്റെ ഒന്നാം ഓർമദിനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുട്ടട അറപ്പുര ക്ഷേത്രത്തിനു സമീപം അറപ്പുര ലെയ്ൻ ഹൗസ് നമ്പർ 53 എയിൽ സ്നേഹദേവ് (61), ഭാര്യ ശ്രീകല (56) എന്നിവരെയാണ് മഠത്തുവിളാകം കടവിനു സമീപം നെയ്യാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്കാരം ഇന്ന്.
ഇന്നലെ രാവിലെ ഒൻപതരയോടെ നാട്ടുകാരാണ് ആദ്യം ശ്രീകലയുടെയും പിന്നാലെ സ്നേഹദേവിന്റെയും മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും കൈകൾ പരസ്പരം കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. പൊലീസും ഫയർഫോഴ്സും ചേർന്ന് കരയിൽ എത്തിച്ച മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ കാർ അരുവിപ്പുറം ക്ഷേത്രത്തിനു സമീപം കണ്ടെത്തി.
ദമ്പതികളുടെ മകൻ ശ്രീദേവ് (22) മരിച്ചത് കഴിഞ്ഞവർഷം ഫെബ്രുവരി 3ന് ആണെങ്കിലും നക്ഷത്രപ്രകാരം ഇന്നലെയായിരുന്നു വാർഷികച്ചടങ്ങു ദിനം. പേരൂർക്കട ലോ കോളജ് ലോ അക്കാദമിയിലെ അവസാന വർഷ നിയമ വിദ്യാർഥിയായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് പേരൂർക്കട ആശുപത്രിയിൽ എത്തിച്ച ശ്രീദേവിനെ പരിശോധിച്ച ഡോക്ടർ, ഇസിജിയിൽ വ്യതിയാനം കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. അവിടെ എത്തിച്ച് ഒരു മണിക്കൂറിനുള്ളിൽ മരിച്ചു.
മതിയായ ചികിത്സ ലഭിക്കാത്തതാണ് മകന്റെ മരണത്തിനു പിന്നിലെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു. 5 ദിവസം മുൻപ് റെയിൽവേയിൽ ജോലി ചെയ്യുന്ന സഹോദരനെ കാർ ഏൽപിക്കാൻ ദമ്പതികൾ ശ്രമിച്ചിരുന്നു. കുറച്ചു ദിവസം കാണില്ലെന്നും ക്ഷേത്രദർശനത്തിനു പോകുന്നുവെന്നുമാണ് പറഞ്ഞത്. പക്ഷേ, സഹോദരൻ കാറിന്റെ താക്കോൽ മടക്കി നൽകി. തുടർന്നാണ് ദമ്പതികൾ അരുവിപ്പുറത്ത് എത്തിയത്.
ഇന്നലെ പുലർച്ചെ മൂന്നരയോടെ ഇവർ ക്ഷേത്രത്തിനു സമീപം നടന്നു പോകുന്നതു കണ്ടവരുണ്ട്. സ്നേഹദേവ് ‘തലസ്ഥാന പത്രിക’ എന്ന പേരിൽ ഇടക്കാലം വരെ പത്രം നടത്തിയിരുന്നു. സ്വകാര്യ എൻട്രൻസ് പരിശീലന കേന്ദ്രത്തിലെ അധ്യാപികയായിരുന്നു ശ്രീകല.
മകന്റെ ഓർമയിൽ നീറി ദമ്പതികൾ
സ്നേഹ ദേവ്- ശ്രീകല ദമ്പതികൾ ശ്രീദേവിന്റെ പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചിരുന്നു. സ്വത്തുക്കൾ ട്രസ്റ്റിനു നൽകി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ട്രസ്റ്റ് അംഗങ്ങൾ. കഴിഞ്ഞ ആഴ്ചയിൽ 20 പേർക്ക് 2000 രൂപ വീതം നൽകി. ഇവർക്ക് വർഷം തോറും നൽകാനുള്ള പണം കരുതിയിട്ടുണ്ടെന്നാണ് വിവരം. സ്നേഹദേവിന്റെ മൃതദേഹത്തിൽ പാന്റ്സിനൊപ്പം ഉണ്ടായിരുന്നത് തലസ്ഥാനത്തെ സ്വകാര്യ സ്കൂളിലെ ബെൽറ്റാണ്. ഇതു ശ്രീദേവിന്റേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഡോക്ടർമാർ അനാസ്ഥ കാണിച്ചു; പരാതിയില്ലെന്നും കുറിപ്പ്
വിധി തന്നോട് ക്രൂരത കാട്ടിയതായി സ്നേഹദേവ് എഴുതിയതായി കരുതുന്ന ആത്മഹത്യാ കുറിപ്പിൽ പറയുന്നു. കാറിനുള്ളിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്. ഡോക്ടർമാരുടെ അനാസ്ഥയെ തുടർന്നാണ് മകൻ മരിച്ചതെന്നും കുറിപ്പിൽ പറയുന്നു. ഇസിജിയിൽ വ്യതിയാനം ഉണ്ടെന്ന് പേരൂർക്കട ആശുപത്രിയിലെ ഡോക്ടർ കുറിപ്പെഴുതിയപ്പോൾ അതു പരിശോധിക്കാനുള്ള സാവകാശം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ കാട്ടിയില്ല.
ഹൃദയാഘാതമുണ്ടായ മകന് ഏതാണ്ട് ഒരു മണിക്കൂറോളം ആവി (നെബുലൈസേഷൻ) നൽകുകയാണുണ്ടായത്. തുടർന്ന് പരിശോധനയ്ക്ക് കൊണ്ടു പോകാൻ ശ്രമിച്ചപ്പോഴേക്കും മകൻ മരിച്ചിരുന്നുവെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ആകെയുണ്ടായിരുന്ന മകൻ പോയി. അതിന്റെ പേരിൽ ആരെയെങ്കിലുമൊക്കെ ശിക്ഷിച്ചാൽ മകനെ തിരിച്ചു കിട്ടില്ലെന്ന് ഉറപ്പുള്ളതിനാൽ ഈ വിഷയത്തിൽ ആർക്കും പരാതി നൽകിയില്ലെന്നും ആരോടും പരാതിയില്ലെന്നും കുറിപ്പിൽ പറയുന്നു.