Thursday 16 January 2025 02:29 PM IST : By സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണത്തിൽ അസ്വാഭാവികതയില്ല: പോസ്റ്റുമോർട്ടം പൂർത്തിയായി

gopan-swami-samadhi-opened

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തത വരൂ. ആന്തരികഅവയവങ്ങളുടെ സാംപിളുകള്‍ രാസപരിശോധനയ്ക്ക് അയച്ചു.

വിവാദ സമാധി കല്ലറ പൊളിച്ച് നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് പുറത്തെടുത്തത്. നേരം വെളുക്കും മുമ്പേ വിവാദ സമാധി കല്ലറ പൊളിക്കാനുള്ള ഒരുക്കങ്ങൾ പൊലീസ് പൂർത്തിയാക്കിയിരുന്നു

ഇരിക്കുന്ന നിലയിലായിരുന്നു ഗോപന്‍ സ്വാമിയുടെ മൃതദേഹം. വായ തുറന്ന നിലയിലായിരുന്നു. വായില്‍ ഭസ്മവും മൃതദേഹത്തിന്റെ നെഞ്ചു വരെ പൂജാദ്രവ്യങ്ങളും നിറച്ചിരുന്നു.

ഹൃദയഭാഗം വരെ കര്‍പ്പൂരവും ഭസ്മവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍കൊണ്ടു മൂടിയിരിക്കുകയാണെന്നും മുഖത്തും ശിരസ്സിലും വിഗ്രഹത്തില്‍ ചാര്‍ത്തുന്നതുപോലെ കളഭം ചാര്‍ത്തി, പിന്നീട് പിതാവ് വാങ്ങിവച്ചിരുന്ന ശിലയെടുത്ത് സമാധിമണ്ഡപം മൂടി എന്നാണ് മക്കള്‍ പൊലീസിനു മൊഴി നല്‍കിയത്. കല്ലറ പൊളിച്ചപ്പോള്‍ മക്കള്‍ പറഞ്ഞതു ശരിവയ്ക്കുന്ന തരത്തിലാണ് മൃതദേഹം ഇരുന്നിരുന്നത്. കല്ലറയ്ക്കുള്ളില്‍ ഭസ്മവും കര്‍പ്പൂരവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍ മൃതദേഹത്തിനു ചുറ്റും കുത്തിനിറച്ച നിലയിലായിരുന്നു. ഇതു പൂര്‍ണമായി മാറ്റിയ ശേഷമാണ് അഴുകിത്തുടങ്ങിയ മൃതദേഹം പുറത്തെടുത്തത്. 

നടപടിക്കുശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കുമെന്ന് സബ്കലക്ടര്‍ ഒ.വി. ആല്‍ഫ്രഡ് വ്യക്തമാക്കി. സമാധി തുറന്നപ്പോള്‍ എതിര്‍പ്പുകളോ ബുദ്ധിമുട്ടുകളോ ഉണ്ടായില്ല. കല്ലറ തുറക്കുമ്പോള്‍ ഗോപന്‍ സ്വാമിയുടെ കുടുംബം വീട്ടില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഏറ്റെടുക്കുമെന്ന് ഗോപന്‍ സ്വാമിയുടെ കുടുംബം അറിയിച്ചു. പൊലീസ് ജീപ്പിലാണ് കുടുംബത്തെ മെഡി.കോളജിലേക്ക് കൊണ്ടുപോയത്.