Monday 12 August 2019 06:47 PM IST

അവർക്കറിയാം, ഞാനിങ്ങനെ ആണെന്ന്! ഇതിപ്പൊ നാട്ടുകാർ അറിഞ്ഞതുകൊണ്ടാ... നന്മയുടെ പെരുന്നാളിന് നാടിന്റെ കയ്യടി

Binsha Muhammed

n1

ധൈര്യസമേതം ആര്‍ക്കും അയാളെ ചൂണ്ടിപ്പറയാം, ‘ഇതാ, ഒരു മനുഷ്യൻ...’... അതേ, കാരുണ്യത്തിന്റെ പരിധികളില്ലാത്ത ലോകത്തേക്കാണ് നൗഷാദ് എന്ന സാധാരണ വഴിയോരക്കച്ചവടക്കാരൻ കേരളത്തെ കൂട്ടിക്കൊണ്ടു പോയത്. ദുരിതപ്പെയ്ത്തിൽ ഉറ്റവരും കിടപ്പാടവും നഷ്ടപ്പെട്ട്, ജീവൻ മാത്രം ബാക്കിയായി ദുരിതാശ്വാസ ക്യാമ്പുകളിൽ ‘ഇനി എന്ത് ?’ എന്ന ആശങ്കയോടെ ദിവസങ്ങൾ കഴിച്ചു കൂട്ടുന്നവർക്കു വേണ്ടി സ്വന്തം കടയില്‍ വിൽപ്പനക്കായെത്തിച്ച പുതുവസ്ത്രങ്ങൾ വാരി നൽകിയ നൗഷാദിനെ നൻമയുടെ പര്യായമെന്നല്ലാതെ മറ്റെന്തു വിശേഷിപ്പിക്കാൻ.

എറണാകുളം ബ്രോഡ് വേയില്‍ വഴിയോര കച്ചവടം നടത്തുന്ന, മാലിപ്പുറം സ്വദേശിയായ നൗഷാദ്, നടൻ രാജേഷ് ശര്‍മയുൾപ്പടെ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ സഹായം ചോദിച്ച് എത്തിയപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ തന്റെ കടയിലെ തുണിത്തരങ്ങള്‍ മുഴുവൻ വാരി ചാക്കിലാക്കി നൽകുകയായിരുന്നു. രാജേഷ് ശർമ ഇതിന്റെ വിഡിയോ ഫെയ്സ്ബുക്കിൽ പങ്കു വച്ചതോടെ നൗഷാദിന്റെ നൻമ നാടാകെ പരന്നു. അഭിനന്ദനവുമായി കലക്ടറും സെലിബ്രിറ്റികളും എത്തുമ്പോഴും ‘ഇതൊക്കെ നമ്മുടെ കടമയല്ലേ? ’ എന്ന മട്ടിൽ നൗഷാദ് പുഞ്ചിരി തൂകുന്നു. ‘വനിത ഓൺലൈനു’മായി സംസാരിക്കുമ്പോൾ, ചെയ്തത് മഹത്തായ കാര്യമാണെന്ന യാതൊരു തലക്കനവുമില്ലാതെ നൗഷാദ് ഹൃദയം തൊട്ടു പറഞ്ഞു, എല്ലാം തീരുമാനിക്കുന്നത് അവിടുന്നതാണ്. എല്ലാം അവിടുത്തെ ഹിതം പോലെ തന്നെ നടക്കും... ‘ഇൻഷാ അള്ളാ...’

ഇടംകൈ കൊടുക്കുന്നത് വലം കൈ അറിയേണ്ട...

‘‘മാധ്യമങ്ങളിലൂടെ ദിവസേന കാണുകയല്ലേ, എത്രയോ പേരുടെ ബുദ്ധിമുട്ടുകളും സങ്കടങ്ങളും. നമ്മളിവിടെ സുഖമായി ജീവിക്കുമ്പോൾ അവർ ദുരിതമനുഭവിക്കുന്നു. അപ്പോ, ദൈവത്തെ മുൻനിർത്തി അവരെ സഹായിക്കുക എന്നൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. അത്രയേ ഞാൻ ചെയ്തുള്ളൂ’’.– നൗഷാദ് മനസ്സ് തുറക്കുന്നു.

‘‘ലാഭമല്ല, ദൈവത്തിന്റെ അനുഗ്രഹമാണ് ഞാൻ ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്നത്. അത് പടച്ചവൻ തരും. നാളെയെക്കുറിച്ച് ഒരിക്കലും നമ്മൾ ചിന്തിക്കാൻ പാടില്ലല്ലോ. എപ്പോഴാണ് ഈ ജീവിതം അവസാനിക്കുക എന്നു പോലും പറയാൻ പറ്റില്ല. അപ്പോൾ കഴിയുന്നിടത്തോളം മറ്റുള്ളവർക്കു വേണ്ടി എന്തെങ്കിലും ചെയ്യുക. ഇൻഷാ അള്ളാ...’’

അവർക്കിത് പണ്ടേ അറിയാം...

മട്ടാഞ്ചേരിയിലാണ് നൗഷാദ് ജനിച്ചു വളർന്നത്. ഇപ്പോൾ ഭാര്യ നിസയ്ക്കും മകള്‍ ഫർസാനയ്ക്കുമൊപ്പം വൈപ്പിൻ, മാലിപ്പുറത്താണ് താമസം. ഈ പെരുന്നാൾ, നൗഷാദിന്റെ ജീവിതത്തിൽ മറക്കാനാകാത്ത സന്തോഷത്തിന്റെയും തൃപ്തിയുടെതുമാണ്. നൗഷാദിന്റെ കാരുണ്യം കുടുംബത്തിന് പണ്ടേ അറിയാം. ഭർത്താവിന്റെ മനസ്സലിവിന് ഭാര്യ നിസയുടെയും പൂർണ പിന്തുണയുണ്ട്. ഇല്ലാത്തവന് പകർന്നു നൽകുന്നതിലും വലിയ പെരുന്നാൾ ആഘോഷമില്ലെന്ന് നൗഷാദിനും നിസയ്ക്കും ഉറപ്പ്.

‘‘പെരുന്നാളിന്റെ ഏറ്റവും വലിയ ആഘോഷം നമസ്കരിക്കുന്നതാണ്. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക. അതിൽ പരം വലിയ സന്തോഷമില്ല. മുൻപും എന്നെക്കൊണ്ടാകും പോലെ എല്ലാവരെയും സഹായിക്കാറുണ്ട്. പക്ഷേ, മറ്റാരെയും അറിയിക്കാതെയാണ് ചെയ്യുക. കഴിഞ്ഞ പ്രളയകാലത്തും എന്നെക്കൊണ്ടാകുന്ന സഹായം ചെയ്തിരുന്നു. ആരെയും അറിയിച്ചിട്ടില്ല. ഇതും അറിയിക്കാതെ ചെയ്യണം എന്നായിരുന്നു. വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയാൻ പാടില്ല’’.– നൗഷാദ് പറയുന്നു.

n2

കച്ചവടത്തിന് അവധി

ഇന്നും പതിവുപോലെ പതിനൊന്നു മണിയാകുമ്പോൾ കച്ചവടത്തിനു പോകാം എന്നു കരുതിയതാണ്. പക്ഷേ, പത്രക്കാരും സന്ദർശകരും വന്നുകൊണ്ടിരിക്കുന്നു. പിന്നെ അവരെ മിനക്കെടുത്തേണ്ട എന്നു കരുതി വീട്ടിൽ തന്നെ ഇരുന്നു.

‘‘കലക്ടറുൾപ്പടെ ഒരുപാടു പേർ വിളിച്ചു, അഭിനന്ദിച്ചു. പല രാജ്യങ്ങളിൽ നിന്നും വിളി വരുന്നു. ഇതൊന്നും പ്രതീക്ഷിച്ചില്ല, എല്ലാം ദൈവത്തിന്റെ കാരുണ്യം. ഇനിയുള്ള ജീവിതത്തിനു പ്രചോദനമാണിത്. ഈ സ്നേഹത്തിന് നന്ദി. എല്ലാവരും ഒത്തൊരുമിച്ച് നിൽക്കുക. ദുരിതം അനുഭവിക്കുന്നവരെ ചേർത്തു പിടിക്കുക. എല്ലാവർക്കും പ്രാർത്ഥനകൾ, ഇൻഷാ അള്ളാ’’... അപ്പോൾ പ്രാർഥനയുടെ മറ്റൊരു പേരായി നൗഷാദ്.

അവർക്കറിയാം, ഞാനിങ്ങനെ ആണെന്ന്! ഇതിപ്പൊ നാട്ടുകാർ അറിഞ്ഞതുകൊണ്ടാ... നന്മയുടെ പെരുന്നാളിന് നാടിന്റെ കയ്യടി