സുരക്ഷിതമെന്ന് കരുതിയ നാലുചുമരുകൾക്കുള്ളിൽ എല്ലാം മറന്നുറങ്ങിയവർ. നേരമിരുട്ടി വെളുക്കുമ്പോഴേക്കുള്ള നൂറുകാര്യങ്ങൾ മനസിൽ കുറിച്ചിട്ട് പുതപ്പിനു കീഴെ ചുരുണ്ടുകൂടിയവർ. പക്ഷേ ഇരുളുകനത്ത നിമിഷങ്ങളിലെപ്പോഴോ മരണം റോഡ് റോളര്‍ പോലെ അവർക്കു മീതെ പാഞ്ഞുപായി. ഉണ്ടും ഉടുത്തും കളിച്ചും ചിരിച്ചും നമുക്കൊപ്പമുണ്ടായിരുന്ന വയനാടിന്റെ മക്കൾ മണ്ണിടയിലേക്ക് ആണ്ടുപോയി. കാൽപനിക ഭാവങ്ങളെല്ലാം വിട്ട് മഴ മരണപ്പേമാരിയായി പെയ്തിറങ്ങിയ നിമിഷം. ഇരിപ്പുറയ്ക്കാതെ ശ്വാസംനിലച്ചു പോകുന്ന മനസോടെ വയനാടിന്റെ വേദന കണ്ടിരിക്കുന്ന മലയാളി, നൂറുകണക്കിന് രക്ഷാപ്രവർത്തകരുടെ സമാനതകളില്ലാത്ത കരസ്പർശവും തിരിച്ചറിയുന്നു.
ഓരോ ദുരന്തമുണ്ടാകുമ്പോഴും പുതിയ രക്ഷകരെ സൃഷ്ടിക്കുന്ന കാലം ഒരാളുടെ കാര്യത്തിൽ മാത്രം പുതുമ പരീക്ഷിച്ചില്ല. 5 വർഷങ്ങൾക്കു മുമ്പുള്ള ആ പ്രളയപ്പേമാരിയിൽ രക്ഷകന്റെ റോളിൽ അവതരിച്ച വൈപ്പിൻ മാലിപ്പുറം സ്വദേശി നൗഷാദിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. മണ്ണിനു മുകളില്‍ പാതിജീവനും മണ്ണിനടിയിൽ ജീവശ്വാസമറ്റും ദുരന്തത്തിലാണ്ടുപോയ വയനാടിന്റെ മക്കൾക്കായി നൗഷാദ് വീണ്ടുമിറങ്ങിയ കാഴ്ചയാണിത്. ബ്രാൻഡ് നെയിമിന്റെ വലുപ്പമില്ലാത്ത തന്റെ ഫുഡ്പാത്തിലെ തുണിത്തരങ്ങൾ നെഞ്ചോടു ചേർത്തുവച്ച് മരണം പെയ്തിറങ്ങിയ വയനാടിന്റെ മണ്ണിലേക്ക് ആ മനുഷ്യൻ വണ്ടികയറി. ‘എങ്ങനെ സാധിക്കുന്നു?’ എന്ന ചോദിച്ചപ്പോൾ, ‘ മരിച്ചു മണ്ണോടലിയുമ്പോൾ ഞാനൊന്നും കൊണ്ടു പോകുന്നില്ലല്ലോ എന്ന പതിവു മറുപടി പറഞ്ഞു കൊണ്ട് നൗഷാദ് വനിത ഓൺലൈനോടു സംസാരിച്ചു തുടങ്ങി. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള ഓട്ടത്തിനിടെ വനിത ഓൺലൈനോടു നൗഷാദ് മനസു തുറന്ന അൽപനേരം...
നൗഷാദ് വീണ്ടും രക്ഷകൻ
സ്വത്തും ജീവനും ചിപ്പിക്കുള്ളിലെ മുത്തുപോലെ പൊതിഞ്ഞുവച്ച് ഉറങ്ങാൻ കിടന്നവരാണവർ. ഒന്നലറി വിളിക്കാനോ ആർത്തുവിളിക്കാനോ പോലും കഴിയാതെ നിസഹായരായി മണ്ണിൽ പുതഞ്ഞു പോയവർ. പേരും ഊരും അടയാളങ്ങളും തിരിച്ചറിയാതെ ഇനിയും എത്രയോ പേർ ആ മണ്ണിനടിയിൽ ഉണ്ടാകും. അവർക്കും നമ്മളെ പോലെ ബാങ്ക് ബാലൻസും നീക്കിയിരിപ്പുകളും ഒക്കെ ഉണ്ടായിരുന്നിരിക്കാം. അതെല്ലാം ഇന്ന് മണ്ണിനടിയിലാണ്. അങ്ങനെുള്ളപ്പോൾ ഈ നിമിഷമല്ലെങ്കിൽ അടുത്ത നിമിഷം മണ്ണിനടിയിലേക്ക് പോകേണ്ട എന്റെ നീക്കിയിരിപ്പിനും സമ്പാദ്യത്തിനും എന്ത് പ്രസക്തി. നേരമിരുട്ടി വെളുത്തപ്പോൾ ഉടുതുണി പോലും നഷ്ടപ്പെട്ട എന്റെ കൂടപ്പിറപ്പുകളാണ് അവർ. അവരെ ഇപ്പോൾ സഹായിച്ചില്ലെങ്കിൽ പിന്നെയെപ്പോ സഹായിക്കാൻ.– നൗഷാദ് പറഞ്ഞു തുടങ്ങുന്നു.
അഞ്ച് കൊല്ലം മുമ്പ് നിങ്ങൾ കണ്ട നൗഷാദിന്റെ ജീവിതത്തിൽ അദ്ഭുതമൊന്നും സംഭവിച്ചിട്ടില്ല. ഒരു കുഞ്ഞുമുറിയിൽ റെഡിമെയ്ഡ് തുണിത്തരങ്ങൾ ശേഖരിച്ച് ഫുഡ്പാത്തിലിട്ട് കച്ചവടം നടത്തുന്നു. അന്നന്നുള്ള കാര്യങ്ങൾ കഴിഞ്ഞുപോകും, അത്രയേ ഉള്ളൂ. എല്ലാവരേയും പോലെ മാധ്യമങ്ങളിലൂടെയാണ് ഞാനും ദുരന്ത വാർത്തയറിഞ്ഞത്. കണ്ടമാത്രയിൽ ഇരിപ്പുറച്ചില്ല. ഉച്ചയോടെ എന്റെ സ്റ്റോർ റൂമിലേക്ക് പോയി. ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ള മനുഷ്യൻമാരുടെ എണ്ണമോ വലുപ്പമോ അറിയാത്തതു കൊണ്ട് ഞാനും എണ്ണാൻ നിന്നില്ല. കയ്യിൽ കിട്ടിയതെല്ലാം വാരിപ്പെറുക്കിയെടുത്തു. അളവോ സൈസോ വലുപ്പമോ ഒന്നും നോക്കിയില്ല. സുഹൃത്തുക്കളും വീട്ടുകാരും ന്നും കുറച്ച് ഭക്ഷണവും വെള്ളവുമൊക്കെ സ്വരുക്കൂട്ടിയിരുന്നു. കൊടുങ്ങല്ലൂരുള്ള എന്റെയൊരു സുഹൃത്തും തന്നാലാകും വിധമുള്ള ഫുഡ് പായ്ക്കറ്റുകൾ ക്രമീകരിച്ചു. എല്ലാം എത്തിയെന്ന് ഉറപ്പായതോടെ വയനാട്ടേക്ക് തിരിച്ചു. ബുധനാഴ്ച രാവിലെ 9 മണിയോടെ മേപ്പാടിയിലെത്തി. കൽപറ്റ എസ്കെഎൻജെഎച്ച്എസ് സ്കൂളിലാണ് ക്യാംപുകളിലൊരെണ്ണം ഉള്ളത്. അവിടെ കുറേ സാധനങ്ങളെത്തിച്ചു. കൂടുതൽ പേരുള്ളത് മേപ്പാടി സെന്റ് ജോര്‍ജ് സ്കൂളിലാണെന്ന് അറിയാൻ കഴിഞ്ഞു. ഉടനെ അങ്ങോട്ടേക്ക് തിരിച്ചു.
രണ്ടാമതൊന്ന് ചിന്തിക്കാതെ എങ്ങനെ ഇതിനൊക്കെ ഇറങ്ങിത്തിരിക്കുന്നു, കുടുംബം നോക്കണ്ടേ എന്നൊക്കെ ചിലർ ചോദിക്കുന്നുണ്ട്. നാളെ ഞാൻ ജീവിച്ചിരിക്കുമെന്ന് എന്തുറപ്പാണ് ഭായ്... ഞാൻ മരിക്കുമ്പോൾ ഈ പറയുന്ന നീക്കിയിരിപ്പൊന്നും ആറടി മണ്ണിലേക്ക് കൊണ്ടു പോകുന്നില്ലല്ലോ? ഇവിടെ പലരുടെയും സ്വർണവും സമ്പാദ്യവും വീടുമൊക്കെ ഇന്ന് മണ്ണിനടിയിലാണ്. അപ്പോഴും അതിനു പിന്നാലെ പോകാതെ ഒരു ജീവനെങ്കിലും രക്ഷിക്കാനായെങ്കിൽ എന്ന പ്രാർഥനയിലാണ് ഈ മണ്ണ്. അവിടെ എന്റെ ഈ എളിയ സഹായം എത്രയോ നിസാരം. ഞാനെന്ത് ചെയ്താലും പടച്ചോൻ എനിക്ക് പകരം തരും.– നൗഷാദ് പറഞ്ഞു നിർത്തി.

2019 ലെ പ്രളയ സമയത്ത് ബ്രോഡ് വേയിലെ ഫുട്പാത്തിലുള്ള ചെറിയ കടയിൽ നിന്ന് ചാക്കുകെട്ടിൽ നിറച്ച് നൗഷാദ് വസ്ത്രങ്ങൾ നൽകുന്ന വീഡിയോയും വൈറൽ ആയിരുന്നു. കൊച്ചി വൈപ്പിനടുത്ത് മാലിപ്പുറം സ്വദേശിയായ നൗഷാദ്.