ADVERTISEMENT

വിദേശത്തു നിന്നു വിനോദസഞ്ചാരത്തിന് തനിച്ച് മാരാരിക്കുളത്തെ ഹോംസ്റ്റേയിൽ എത്തിയ യുവതി ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലായപ്പോൾ കുടുംബാംഗത്തെപ്പോലെ ആശുപത്രിയിൽ അഞ്ചു ദിവസവും പരിചരിച്ചത് ഹോംസ്റ്റേയിലെ വീട്ടമ്മ. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14ാം വാർഡ് മാരാരി ഉമാപതി ഹോംസ്റ്റേ നടത്തുന്ന പി.എം.നടേശന്റെ മകൾ ഐശ്വര്യയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇവർക്കൊപ്പം നിന്നത്. 

സ്വിറ്റ്സർലൻഡ് ബ്രൂണോ സ്വദേശിയായ ഒലീവിയ ഗെസ്മറാണ്(29) രോഗബാധിതയായത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വിനോദസഞ്ചാരത്തിനെത്തിയ ഒലീവിയ ബംഗാളിൽ നിന്നു ഇവിടേക്ക് വരുമ്പോഴേ പനിയുണ്ടായിരുന്നു. മാരാരിക്കുളത്തെ ഹോംസ്റ്റേയിൽ താമസം തുടങ്ങിയ ആദ്യ ദിവസം തന്നെ ശരീരോഷ്മാവ് കൂടുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്തതോടെ ഹോംസ്റ്റേ നടത്തിപ്പുകാർ ഇവരെ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. 

ADVERTISEMENT

തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വളരെ ക്ഷീണിതയായിരുന്ന ഇവരെ തനിച്ച് ആശുപത്രിയിൽ കിടത്താൻ തോന്നാത്തതിനാലാണ് താൻ കൂടെ നിന്നതെന്ന് ഐശ്വര്യ പറഞ്ഞു. അസുഖം ഭേദമായി കഴിഞ്ഞ ദിവസം തിരികെ മാരാരിക്കുളത്തെ ഹോംസ്റ്റേയിൽ എത്തി. കുടുംബാംഗത്തെപ്പോലെ ഐശ്വര്യ പരിചരിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഒലീവിയ പറഞ്ഞു. സ്വിറ്റ്സർലൻ‍ഡിൽ ഫാർമസിസ്റ്റാണ് ഒലീവിയ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT