Wednesday 22 November 2023 10:40 AM IST

‘ഞാൻ അമൃതാനന്ദമയിയെ അനുകൂലിക്കുന്നത് അവരുടെ പ്രവൃത്തി കൊണ്ടാണ്’: നിലപാടുകൾ തുറന്നുപറഞ്ഞ പി വത്സല: ഓർമ

V R Jyothish

Chief Sub Editor

p-valsala

മലയാളിയുടെ വായനാനുഭവങ്ങളെ തൊട്ടുണർത്തിയ എഴുത്തുകാരി പി വത്സലയ്ക്ക് അന്ത്യാഞ്ജലി. മുഖ്യധാരയിൽ നിന്നൊതുങ്ങി ജീവിക്കുന്ന പച്ചമനുഷ്യരുടെ ജീവിതം പറഞ്ഞ തിരുനെല്ലിയുടെ കഥാകാരിക്ക് സാഹിത്യലോകം കണ്ണീരോടെ വിടപറയുമ്പോൾ ഹൃദയം നിറഞ്ഞ ഒരുപിടി ഓർമകളെ തിരികെ വിളിക്കുകയാണ് വനിത. കേരള സർക്കാരിന്റെ പരമോന്നത സാഹിത്യഅവാർഡായ എഴുത്തച്ഛൻ പുരസ്കാരം നേടിയതിനു പിന്നാലെയായിരുന്നു പ്രിയകഥാകാരി വനിത വായനക്കാരോട് മനസു തുറന്നത്.  ആ എഴുത്തും ജീവിതവും അടയാളപ്പെടുത്തിക്കൊണ്ട് വനിതയിൽ 2021 നവംബര്‍ പ്രസിദ്ധീകരിച്ച ലേഖനം ആ ഓർമകൾക്കു മുന്നിൽ ആദരമർപ്പിച്ചു കൊണ്ട് പ്രിയവായനക്കാർക്കായി ഒരിക്കൽ കൂടി...

-----

വത്സല ടീച്ചറുടെ കുട്ടിക്കാലത്താണ് ഈ സംഭവം.

വീടിനടുത്ത് ബാലന്‍ നായര്‍ എന്നൊരാളിെന്‍റ ബുക്ക് ബയൻഡിങ് കടയുണ്ട്. അവിടെ സ്ഥലം കുറവായതു കൊണ്ട് ബയൻഡ് ചെയ്യാനുള്ള പുസ്തകങ്ങൾ െകട്ടുകെട്ടായി ടീച്ചറുടെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. ബാലന്‍ നായരറിയാതെ ടീച്ചർ ആ കെട്ടുകൾ പൊട്ടിച്ച് നല്ല പുസ്തകങ്ങൾ നോക്കിയെടുത്തു വായിച്ചു. തിരിച്ച് അതുപോലെ കെട്ടിവച്ചു. പുസ്തകങ്ങളോടുള്ള കുട്ടിയുടെ താത്പര്യമറിഞ്ഞപ്പോൾ കടയുടമ പുസ്തകം എടുത്തു വായിക്കാൻ അനുവാദം നൽകി. അങ്ങനെ ചെറുപ്പത്തിലേ വായനയുടെ ലോകത്തേക്ക് കുഞ്ഞു വത്സല പ്രവേശിച്ചു.

മലയാളസാഹിത്യലോകം ബാലൻ നായരോടും കടപ്പെട്ടിട്ടുണ്ട്. വത്സല എന്ന എഴുത്തുകാരിയുടെ സർഗവാസനയ്ക്ക് വളവും വെള്ളവും നൽകിയതിന്.

ഏഴു പതിറ്റാണ്ടായി തുടരുന്ന സാഹിത്യസപര്യ. അറുപതോളം പുസ്തകങ്ങൾ. െനല്ലും കൂമന്‍െകാല്ലിയും ആഗ്നേയവും കനലും ചാവേറുമൊക്കെ ചരിത്രത്തിന്റെ സാക്ഷികളായി. ഇപ്പോഴിതാ കേരളസർക്കാരിന്റെ പരമോന്നത സാഹിത്യപുരസ്കാരവും.

‘‘എഴുത്തച്ഛന്റെ പേരിലുള്ള അവാർഡ് കിട്ടിയപ്പോ ൾ ഞാൻ ആദ്യം ഒാര്‍ത്തത് എന്റെ അച്ഛനെയാണ്. കാരണം, കുട്ടികൾ എഴുത്തച്ഛൻ കൃതികൾ മാത്രമേ വായി ക്കാവൂ എന്നായിരുന്നു അച്ഛന്റെ അഭിപ്രായം.’’ വത്സല ടീച്ചർ പറഞ്ഞു തുടങ്ങി. ‘‘ആദ്യ കഥയെഴുതിയത് എട്ടാംക്ലാസിൽ പഠിക്കുമ്പോൾ. ‘െവള്ളിയരഞ്ഞാണം’ എന്നായിരുന്നു കഥയുടെ േപര്. ഒടുവില്‍ എഴുതിത്തീര്‍ത്ത നോവലും കുട്ടിക്കാലത്തെക്കുറിച്ചാണ്. ‘കിളിക്കാലം’ എന്നാണു പേര്. ഉടനെ പുറത്തിറങ്ങും.’’

കാനങ്ങാട് ചന്തുവിന്റെയും പത്മാവതിയമ്മയുടെയും ആറുമക്കളിൽ മൂത്തവളായി ജനനം. ഭർത്താവ് അപ്പുക്കുട്ടി മാഷ്. രണ്ടുമക്കൾ. മകൻ അരുൺ കുടുംബസമേതം അമേരിക്കയിൽ. മകൾ ഡോ. മിനി കോഴിക്കോട് മുക്കത്തിനടുത്ത് അഗസ്ത്യാമൂഴിയിൽ. മകൾക്കൊപ്പമാണ് ടീച്ചറും ഭർത്താവും. മിനിയുെട മകൾ മനീഷയാണ് മുത്തശ്ശിയുടെ കൂട്ട്. ഡൽഹി സര്‍വകലാശാലയില്‍ എംഎ വിദ്യാർഥിനി.

എൺപത്തിമൂന്നു വയസ്സായി ടീച്ചർക്ക്. ഇടയ്ക്കിടയ്ക്ക് ഓർമകൾ മുറിഞ്ഞുപോകും. പ്രത്യേകിച്ചും പുതിയ കാര്യങ്ങൾ. എങ്കിലും ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയുണ്ട്. അധികം ആരോഗ്യപ്രശ്നങ്ങളുമില്ല.

വയനാട്ടിലെ ആദിവാസി ജീവിതമായിരുന്നു എഴുത്തിന്റെ ഉ റവിടം. അവരുടെ ജീവിതം മെച്ചപ്പെട്ടിട്ടുണ്ടോ?

മെച്ചപ്പെട്ടു എന്നു തോന്നുന്നില്ല. ചില മാറ്റങ്ങൾ ഉണ്ട് എ ന്നല്ലാതെ. ആദിവാസികള്‍ക്ക് ഒരാളെയും ‘തമ്പ്രാനേ...’ എന്നു വിളിക്കേണ്ടി വരുന്നില്ല ഇപ്പോള്‍. പകരം സഖാവെന്നോ സുഹൃത്തെന്നോ വിളിക്കാം. എന്നാൽ അവരിപ്പോഴും അടിസ്ഥാനപരമായി ദാരിദ്ര്യത്തിലാണ്. ഒരുപക്ഷേ, മുൻപ് അനുഭവിച്ചിരുന്നതിനേക്കാൾ കൂടുതൽ ദാരിദ്ര്യം. എന്നെ അദ്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം പഠിച്ച് നല്ലൊരു ജോലി കിട്ടിയാൽ ഇവിടെയുള്ളവരിൽ പലരും ചുരമിറങ്ങിപ്പോകുന്നതാണ്. വയനാട്ടിന്റെ മണ്ണ് ഉപേക്ഷിക്കാൻ അവർക്ക് യാതൊരു വിഷമവും ഇല്ല. നാളെയൊരുകാലത്ത് വയനാട് ഒരു ടൂറിസ്റ്റ് ഗ്രാമം മാത്രമായിപ്പോയേക്കാം.

കുട്ടിക്കാലത്തേ വയനാടിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഞാൻ ഏറ്റവും അവസാനം എത്തിപ്പെട്ട സ്ഥലമാണത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ ക്ഷാമകാലത്തും ഞങ്ങളുടെ വീട്ടിൽ സമൃദ്ധിയായിരുന്നു. അച്ഛനും അ മ്മാവന്മാരും വയനാട്ടിൽ നിന്ന് നെല്ലു കൊണ്ടുവന്നിരുന്നു. ക്ഷാമകാലത്തും നെല്ലു കിട്ടുന്ന വയനാട് കാണാൻ അന്നേ ആഗ്രഹം തോന്നി. കാട്ടുേതനും നെല്ലിക്കയും പച്ചക്കറികളും കൊണ്ടുവരും. ഭക്ഷണത്തിലൂടെയാണ് ആദ്യം വയനാടിനെ അറിഞ്ഞത്. മരവും നെല്ലും മാത്രമുള്ള വയനാട്.

‘ആഗ്നേയം’ പോലെയുള്ള നോവലുകളിൽ പറഞ്ഞ വിഷയങ്ങൾക്ക് ഇന്ന് പ്രസക്തിയുണ്ടോ?

തീർച്ചയായും. ദരിദ്രരും വേദനിക്കുന്നവരും അശരണരും എല്ലാക്കാലത്തുമുണ്ട്. പക്ഷേ, വർഗസമീപനങ്ങളിൽ വ്യത്യാസമുണ്ടെന്നു മാത്രം. വയനാട്ടിലെ പഴയ ജന്മിമാരിൽ പലരും ഇപ്പോൾ അത്താഴപ്പട്ടിണിക്കാരാണ്. നമ്മുടെ ഭരണാധികാരികൾക്ക് ഇന്നും വയനാടിനെ മനസ്സിലായിട്ടില്ല. കേരളത്തിനു വേണ്ട അരിയും പച്ചക്കറികളും ഉത്പാദിപ്പിക്കാനുള്ള മണ്ണ് വയനാട്ടിലുണ്ട്. അതുപക്ഷേ, ആർക്കും വേണ്ടാതെ തരിശു കിടക്കുന്നു.

ജന്മിമാർ യഥാർഥത്തിൽ പ്രശ്നക്കാരായിരുന്നോ?

ഇവിെടയൊരു വർഗസിദ്ധാന്തപ്രശ്നമുണ്ട്. ഇന്നത്തെ പ ല അഴിമതിക്കാരുമായി താരതമ്യം ചെയ്യുമ്പോൾ അവർ സാധുക്കളായിരുന്നു. അവർക്കു കുറഞ്ഞ കൂലിക്ക് പാടത്ത് പണി ചെയ്യാൻ ആളെ കിട്ടണം. പിന്നെ, സ്ത്രീകളെ ചൂഷണം ചെയ്തിരുന്നു. സാമൂഹിക വിവേചനം വളരെ കൂടുതലായിരുന്നു. ഇന്ന് അങ്ങനെയല്ലല്ലോ. സാമൂഹിക സമത്വമുണ്ട്. പക്ഷേ, സാമ്പത്തിക സമത്വമില്ല.

തിരുെനല്ലിയിലുള്ളവർക്ക് ഞാനൊരു എഴുത്തുകാരി മാത്രമല്ല സഹോദരിയും സഹായിയുമാണ്. ദൈനംദിന പ്രശ്നങ്ങളുമായി എന്നെ കാണാൻ ധാരാളം പേർ വരുമായിരുന്നു. കൂട്ടത്തിൽ അവിവാഹിതരായ പെൺകുട്ടികളും. അവർ പറയും. ‘ടീച്ചറേ... ചതിച്ചു. ജന്മിമാരും അവരുടെ മക്കളുമൊക്കെ...’ ചൂഷണം അന്നത്തെക്കാലത്തുമുണ്ടായിരുന്നു. ഇവിടെയായിരുന്നു വർഗീസിനെപ്പോലെയുള്ള ഒരു നേതാവിന്റെ പ്രസക്തി. വർഗീസ് അവർക്ക് ആശ്രയവും പ്രതിരോധവുമായിരുന്നു. ഇതുപോലെയുള്ള ചൂഷ ണങ്ങൾ ഇന്ന് എല്ലാ സമൂഹത്തിലും നടക്കുന്നു. പക്ഷേ, പ്രതിരോധിക്കാൻ ഒരു വർഗീസ് ഇല്ലെന്നു മാത്രം.

മാതാ അമൃതാനന്ദമയിയെക്കുറിച്ചുള്ള ചില പരാമർശങ്ങൾ?

ഞാൻ അമൃതാനന്ദമയിയെ അനുകൂലിക്കുന്നത് അവരുടെ പ്രവൃത്തി കൊണ്ടാണ്. കടപ്പുറത്ത് ജനിച്ചുവളർന്ന, അധികം വിദ്യാഭ്യാസമില്ലാത്ത ഒരു പെൺകുട്ടി പതിനായിരക്കണക്കിന് ആളുകൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് ആശ്വാസം നൽകുന്നു എങ്കിൽ അവർ ഒരു സാധാരണ സ്ത്രീയല്ല, അമാനുഷികമായ എന്തൊക്കെയോ കഴിവുകൾ അവർക്കുണ്ട്. അതുകൊണ്ട് ചിലർ അവരെ ൈദവമായി കണക്കാക്കുന്നു. അതിൽ ഞാനൊരു തെറ്റും കാണുന്നില്ല.

ആത്മീയതയാണ് എഴുത്ത് എന്നും പറഞ്ഞിട്ടുണ്ട്?

സമ്പന്നമായൊരു കൂട്ടുകുടുംബത്തിലാണ് ഞാൻ ജനിച്ചത്. ഒരു ചെറിയ വീടിനോളം വലുപ്പമുണ്ടായിരുന്നു ഞങ്ങളുടെ വീട്ടിലെ പൂജാമുറിക്ക്. അവിടെ ൈദവപടങ്ങൾ മാത്രമായിരുന്നില്ല വച്ചിരുന്നത്. മാർക്സും ഏംഗൽസും ലെനിനും മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവുമുണ്ടായിരുന്നു. ഇതുകണ്ടാണ് ഞാൻ വളർന്നത്. അങ്ങനെ സ്വാഭാവികമായും മനുഷ്യന്റെ പക്ഷം ചേർന്ന് ചിന്തിക്കുന്നു. അതേസമയം സർഗപ്രവർത്തനങ്ങളുടെ ഉറവിടം ആത്മീയതയാണ്. ദൈവം ബാക്കി വച്ച ജോലികളാണ് കലാപ്രവർത്തകരും എഴുത്തുകാരും ചെയ്യുന്നത് എന്നാണ് വിശ്വാസം. അതുകൊണ്ട് ആത്മീയതയെയും പാരമ്പര്യത്തെയും തള്ളിപ്പറയാനും ഞാനില്ല.