Saturday 02 December 2023 02:47 PM IST : By സ്വന്തം ലേഖകൻ

ഊണും ബീഫ് ഫ്രൈയും ഓർഡർ ചെയ്ത് കൂസലില്ലാതെ കാത്തിരിപ്പ്... കഴിക്കുമ്പോള്‍ ഹോട്ടൽ വളഞ്ഞ് പൊലീസ്: നാടകീയം

police-arrest-padma-kumar

ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിർണായകമായത് കാർ കേന്ദ്രീകരിച്ചുള്ള അന്വേഷണം. ശ്രദ്ധ നേടിയത് വെള്ളക്കാറാണെങ്കിലും, കുട്ടിയുമായി നഗരത്തിലെത്തിയ നീല കാർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കേസിനെ വഴിത്തിരിവിലെത്തിച്ചത്. കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണവും കുറ്റവാളികളിലേക്ക് എത്തുന്നതിനു സഹായിച്ചു. ചാത്തനൂർ സ്വദേശി കെ.ആർ പത്മകുമാറും ഭാര്യയും മകളുമാണ് പിടിയിലായത്. അടൂരിലെ എആർ ക്യാംപിലെത്തിച്ച് ഇവരെ ചോദ്യം ചെയ്തുവരികയാണ്. നീല കാറും കുട്ടിയെ തട്ടിക്കൊണ്ടുപോയ വെള്ള കാറും പത്മകുമാറിന്‍റെ പേരിലുള്ളത്. പത്മകുമാറിന്‍റെ മൂന്നു കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

വര്‍ക്കല അയിരൂരിൽ നിന്നാണ് ഒരു കാര്‍ കണ്ടെടുത്തത്. മറ്റൊരു കാർ തെങ്കാശിയിൽനിന്നും. പൊലീസ് പുറത്തിറക്കിയ പ്രതികളുടെ രേഖാ ചിത്രവും അന്വേഷണത്തിൽ നിർണായകമായതായാണ് സൂചന. രേഖാ ചിത്രം ശ്രദ്ധയിൽപ്പെട്ട അയിരൂർ സ്വദേശി സംശയമുള്ള ആളിനെക്കുറിച്ച് പൊലീസിനു വിവരം നൽകി. ഇയാളുടെ ഫെയ്‌സ്‌ബുക്കിലെ ചിത്രങ്ങളിൽനിന്നും കൂടുതൽ വിവരങ്ങള്‍ ലഭിച്ചു. ഇതും ഇവരെ വലയിലാക്കാൻ സഹായകരമായി. സംഘം സന്ദർശിച്ചിരുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറുടെ മൊഴിയും നിർണായമായതായാണ് അറിയുന്നത്.

നീല കാറിലാണ് തന്നെ കൊല്ലം നഗരത്തിലേക്കു കൊണ്ടുവന്നതെന്നായിരുന്നു കുട്ടി പൊലീസിനോട് പറഞ്ഞിരുന്നത്. 27ന് വൈകിട്ടാണ് ട്യൂഷന്‍ സെന്ററിലേക്കു പോകുകയായിരുന്ന കുട്ടിയെ സംഘം വെള്ള നിറത്തിലുള്ള കാറിൽ തട്ടിക്കൊണ്ടുപോയത്. രാത്രി എവിടെയോ കുട്ടിയുമായി തങ്ങിയശേഷം പിറ്റേന്ന് നീല നിറത്തിലുള്ള കാറിൽ നഗരത്തിലെത്തിച്ചതായാണ് കുട്ടി പറഞ്ഞത്. കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള ലിങ്ക് റോഡിൽനിന്ന് ഓട്ടോയിൽ കയറ്റി ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചശേഷം കടന്നു കളയുകയായിരുന്നു. സ്ത്രീയാണ് കുട്ടിയെ ഓട്ടോയിലെത്തിച്ചതെന്ന് സാക്ഷിമൊഴികളുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളും തെളിവായി കിട്ടി.

നീല കാറിന്റെ ഉടമയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കുറ്റവാളികളുടെ നീക്കം മനസിലാക്കാൻ സഹായിച്ചത്. രേഖാ ചിത്രം പുറത്തുവന്നതോടെ കേരളം വിടാനുള്ള ഒരുക്കത്തിലായിരുന്നു പ്രതികൾ. നിരീക്ഷണത്തിലായിരുന്ന പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ മനസിലാക്കിയ പൊലീസ് തെങ്കാശിയിലെ ഒരു ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കുകയായിരുന്ന സംഘത്തെ അറസ്റ്റു ചെയ്യുകയായിരുന്നു.

മൊബൈൽ ഉപയോഗിക്കാത്തതിനാൽ അറസ്റ്റിലാകില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു സംഘം. അറസ്റ്റുചെയ്യുന്നതായി കൊല്ലം കമ്മിഷണറുടെ സ്ക്വാഡ് അറിയിച്ചപ്പോൾ ചെറുത്തുനിൽപ്പില്ലാതെ പ്രതികൾ കീഴടങ്ങി. സാമ്പത്തിക ഇടപാടാണ് പിന്നിലെന്ന് പൊലീസ് പറയുമ്പോഴും കൂടുതൽ കാര്യങ്ങൾ ചോദ്യം ചെയ്യലിലൂടെ പുറത്തുവരാനുണ്ട്.

പൊലീസ് കാത്തുനിൽക്കെ ഉച്ചഭക്ഷണത്തിന് ഹോട്ടലിൽ

സംസ്ഥാന അതിർത്തിക്ക് തൊട്ടപ്പുറത്തെ ‘കേരള ഹോട്ടലിൽ’ ഉച്ചഭക്ഷണം കഴിക്കാനെത്തുമ്പോൾ പത്മകുമാറിനും കുടുംബത്തിനും പരിഭ്രമം ഒട്ടുമില്ലായിരുന്നു. ഹോട്ടലിനു മുന്നിൽ നീല കാർ നിർത്തി അകത്തെ മുറിയിൽ കയറിയിരുന്ന ഇവർ 3 ഊണും മീൻ ഫ്രൈയും ബീഫ് ഫ്രൈയും ഓർഡർ ചെയ്തു. അതു കഴിച്ചുകൊണ്ടിരിക്കുമ്പോൾ പുറത്തു പൊലീസ് സംഘം കാത്തുനിൽ‌പുണ്ടായിരുന്നു. അതിർത്തിക്കപ്പുറം പുളിയറയ്ക്കും ചെങ്കോട്ടയ്ക്കും ഇടയ്ക്കു പുതൂർ എന്ന സ്ഥലത്താണു പത്തനാപുരം സ്വദേശി നടത്തുന്ന ‘കേരള ഹോട്ടൽ’.

ഉച്ചയ്ക്കു രണ്ടരയോടെ ഇവർ ഹോട്ടലിൽ വന്നു കയറുമ്പോൾ തന്നെ ഹോട്ടലുടമയ്ക്കു ചെറിയ സംശയം തോന്നിയിരുന്നു. പത്രത്തിൽ കണ്ട രേഖാചിത്രവുമായി സാമ്യം തോന്നുകയും ചെയ്തു. അധികം സംസാരിക്കാതെയാണു മൂവരും അകത്തെ മുറിയിലേക്കു പോയത്. സപ്ലെയർ നേപ്പാൾ സ്വദേശി പവൻകുമാർ ഇവരുടെ ഓർഡർ എടുത്തപ്പോഴും ഇവർ തമ്മിൽ അധികമൊന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. അര മണിക്കൂർ കഴിഞ്ഞ് ഇവർ കൈ കഴുകി പുറത്തെത്തിയപ്പോഴേക്കും അവിടെ കാറിലും വാനിലുമായി കാത്തു കിടന്ന വനിതാ പൊലീസ് അടങ്ങുന്ന ഏഴംഗ സംഘം മൂവരെയും വളഞ്ഞു.

ഹോട്ടലിനു പിറകിലെ തെങ്ങിൻതോപ്പിലേക്കു മൂവരെയും മാറ്റി നിർത്തി പൊലീസ് ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. ഫോൺ ഇടയ്ക്കു വാങ്ങി പരിശോധിക്കുകയും ചെയ്തു. ഇതിൽ നിന്നു ലഭിച്ച ചില തെളിവുകൾ നിർണായകമായി. മൂന്നരയോടെ ഇവരെ കാറിൽ കയറ്റി പൊലീസ് സംഘം കേരളത്തിലേക്കു തിരിച്ചു. പത്മകുമാറിന്റെ നീല കാർ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഓടിച്ചത്. ഈ ഹോട്ടലിന് ഏതാണ്ട് അടുത്തായി പത്മകുമാറിനു കൃഷിത്തോട്ടം ഉണ്ടെന്നും ഇവിടെ താമസിക്കാൻ ചെറിയ സൗകര്യമുണ്ടെന്നും പറയുന്നു.