Thursday 07 November 2024 03:41 PM IST : By സ്വന്തം ലേഖകൻ

വേദിയിൽ നിറഞ്ഞാടി സന്ധ്യ മനോജ്: ‘കാവേരി മീറ്റ്സ് ഗംഗ’ ഫെസ്റ്റിവലില്‍ ‘പദ്മനാഭ ദാസ’ നൃത്താവതരണം

sandhya-manoj-cover

സ്വാതിതിരുനാളിന്റെ ഭക്തി കൃതികളെ അടിസ്ഥാനമാക്കി പ്രശസ്ത ഒഡിസ്സി സോളോ നൃത്തകലാകാരി സന്ധ്യ മനോജ് ഒരുക്കിയ ‘പദ്മനാഭ ദാസ’ എന്ന നൃത്തകലാരൂപം "കാവേരി മീറ്റ്സ് ഗംഗ" ഫെസ്റ്റിവലിൽ അവതരിപ്പിച്ചു. ഡൽഹി കാർത്യവ്യ പഥിലും സിസിആർടിയിലും നവംബർ 2 മുതൽ 5 വരെ അരങ്ങേറിയ ‘കാവേരി മീറ്റ്സ് ഗംഗ’ പരിപാടി അമൃത പരമ്പര ഫെസ്റ്റിവലിന്റെ ഭാഗമായിട്ടാണ് നടന്നത്.

നവംബർ അഞ്ചിന് വൈകിട്ടായിരുന്നു സന്ധ്യയുടെ നൃത്തം അരങ്ങേറിയത്. ഭഗവാൻ പദ്മനാഭന്റെ പ്രഭാത ആചാരങ്ങളെ ആധാരമാക്കിയുള്ള ‘സുപ്രഭാതം’ നൃത്തത്തിന് തുടക്കം കുറിച്ചു. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മനോഹരമായ ശിൽപകലയും അതിലെ 365 സ്തംഭങ്ങള്‍, ദൈനംദിന ജീവിതത്തിൽ പിന്തുടരേണ്ട പാഠങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ട് പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിപ്പിച്ചു. സന്ധ്യ, ഭഗവാൻ കൃഷ്ണനെ ദൈവീകമായി അവതരിപ്പിക്കുമ്പോൾ തന്നെ കഥാപാത്രത്തിന് ഒരു കുട്ടിയുടെ കുസൃതിയും കളിയും നിറഞ്ഞ വൈകാരിക ഭാവം കൊടുക്കാൻ ശ്രമിക്കുന്നു. മഹാവിഷ്ണുവിന്റെ ദശാവതാരത്തെ മനുഷ്യന്റെ ആത്മീയവും ഭൗതികവുമായ പരിണാമവുമായി സമന്വയിപ്പിച്ചാണ് നൃത്തത്തിന്റെ ആഖ്യാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം ജയദേവ അഷ്ടപതിയുടെ കീർത്തനങ്ങൾ നൃത്താവതരണത്തെ കൂടുതൽ ആകർഷണീയമാക്കി.

sandhya-manoj-2

കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംഗീത നാടക അക്കാദമി, കലാക്ഷേത്ര, സിസിആർടി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഈ ആഘോഷം, ദക്ഷിണേന്ത്യയിലെ സമ്പന്നമായ കലയും സംഗീതപാരമ്പര്യങ്ങളും ഉത്തരേന്ത്യയിൽ എത്തിക്കുന്നതിനുള്ള ഒരു നിർണായക സംരംഭമാണ്. പ്രശസ്ത ഓടക്കുഴൽ വിദ്വാൻ രാകേഷ് ചൗരസിയ, സർവോദയ വിദ്വാൻ ഉസ്താദ് അമ്ജദ്അലി ഖാൻ (സരോഡ്), കർണാടക സംഗീത ജോടി രഞ്ജിനി–ഗായത്രി, ഭരതനാട്യം കലാകാരികൾ രമ വൈദ്യനാഥൻ, മീനാക്ഷി ശ്രീനിവാസൻ തുടങ്ങിയവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

sandhya-manoj-2

സന്ധ്യ മനോജ്

കേരളത്തിൽ ജനിച്ച സന്ധ്യ മനോജ് മുൻനിര ഒഡിസി സോളോ നൃത്തകലാകാരിയാണ്. മലയാള ചലച്ചിത്ര രംഗത്തും സജീവം. ഗുരു ഗീത ശങ്കരൻ ലാം, ഗുരു ദുർഗ ചാരൺ റൺബീര്‍, ഗുരു രതികാന്ത് മഹാപാത്ര എന്നിവരിൽ നിന്ന് സന്ധ്യ ഒഡിസി നൃത്തം അഭ്യസിച്ചിട്ടുണ്ട്. യുഎസ്, ന്യൂസിലൻഡ്, സിംഗപ്പൂര്‍, ബാലി തുടങ്ങിയ സ്ഥലങ്ങളിൽ രാധേ രാധേ, കൈകേയി, ദശ മഹാ വിദ്യ, അർധനാരീശ്വര തുടങ്ങിയ നൃത്താവതരണങ്ങൾ നടത്തിയിട്ടുണ്ട്. കോർപ്പറേറ്റ്, സാംസ്കാരിക പരിപാടികളിൽ പ്രോഗ്രാം ഹോസ്റ്റായും സന്ധ്യ പ്രവർത്തിക്കുന്നു. മലേഷ്യൻ സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദരമായി നൽകിയ ചടങ്ങ് അവതരിപ്പിച്ചത് സന്ധ്യയായിരുന്നു. കുട്ടികൾ നേരിടുന്ന ലൈംഗിക പീഡനത്തിനെതിരെ ബോധവൽക്കരണം നടത്താനും, കലയും യോഗയും ഉപയോഗിച്ച് ബാധിതരായ കുട്ടികളെ സഹായിക്കാനുമുള്ള ‘അഭയ’ എന്ന എൻജിഒ സന്ധ്യയുടെ നേതൃത്വത്തിൽ  മലേഷ്യയിൽ സജീവമായി പ്രവർത്തിക്കുന്നു.