കരിമ്പയിൽ ലോറി മറിഞ്ഞു മരിച്ച പെൺകുട്ടികളുടെ മൃതദേഹവുമായി ആറരയോടെ ഒന്നിനു പുറകെ ഒന്നായി ആംബുലൻസുകൾ മോർച്ചറിയിലേക്ക് എത്തിയപ്പോൾ, ജില്ലാ ആശുപത്രി പരിസരം സങ്കടത്തിൽ മുങ്ങി.വാർത്ത കേട്ടറിഞ്ഞവർ മരവിച്ച മനസ്സോടെയാണ് ജില്ലാ ആശുപത്രിയിലേക്ക് എത്തിയത്. കുട്ടികളുടെ മൃതദേഹത്തിനു സമീപം ബന്ധുക്കൾ പകച്ചുനിന്നു. ആംബുലൻസുകളെ അനുഗമിച്ച് എംഎൽഎമാരായ കെ.ശാന്തകുമാരി, രാഹുൽ മാങ്കൂട്ടത്തിൽ, കലക്ടർ ഡോ.എസ്.ചിത്ര എന്നിവരും ആശുപത്രിയിലെത്തി. മന്ത്രി കെ.കൃഷ്ണൻകുട്ടി എത്തി പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകി.7 മണിയോടെ പൊലീസ് സർജനെത്തി പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. നടപടികൾ പെട്ടെന്നു പൂർത്തീകരിക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും എത്തിയിരുന്നു.കല്ലടിക്കോട്, ടൗൺ സൗത്ത് എന്നീ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി. ജില്ലാ ആശുപത്രി ജീവനക്കാരും ഡോക്ടർമാരും അതിവേഗം കാര്യങ്ങൾ ചെയ്തു.
മുഖം തിരിച്ചറിയാനാകാത്ത വിധമായിരുന്ന മൂന്നു കുട്ടികളെ ഉറ്റ ബന്ധുക്കളെത്തിയാണു തിരിച്ചറിഞ്ഞത്.തുടക്കം മുതൽ അവസാനംവരെ നാട്ടുകാരും വിവിധ പാർട്ടി പ്രവർത്തകരും ആരോഗ്യപ്രവർത്തകർക്കും ബന്ധുക്കൾക്കും സഹായമായി ഒപ്പം നിന്നു. നടപടികൾ ഏകോപിപ്പിക്കാൻ ജനപ്രതിനിധികളും ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ, സിപിഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ്, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ രാത്രി പത്തു മണിയോടെ പൂർത്തീകരിച്ചു.അന്ത്യകർമങ്ങൾ ചെയ്തു നാലു മൃതദേഹങ്ങളും മോർച്ചറിയിലെ ഫ്രീസറിൽ സൂക്ഷിച്ചു. ഇന്നു രാവിലെ അഞ്ചു മണിയോടെ മൃതദേഹങ്ങൾ കല്ലടിക്കോട്ടെ മരിച്ചവരുടെ വീടുകളിലേക്കു കൊണ്ടുപോകും. തുടർന്ന് കരിമ്പയിലെ കരിമ്പനക്കൽ ഹാളിൽ പൊതുദർശനത്തിനുവയ്ക്കും.
അന്നു പൊലിഞ്ഞത് 5 ജീവൻ
കല്ലടിക്കോട് ∙ പനയമ്പാടത്തിന് ഏറെ അകലെയല്ലാതെ കാട്ടുശ്ശേരി അയ്യപ്പൻകാവിനു സമീപം ഒക്ടോബർ 22നു രാത്രി കാറും ലോറിയും ഇടിച്ച് 5 പേർ മരിച്ചിരുന്നു. കാർ യാത്രക്കാരായ കോങ്ങാട് മണ്ണാന്തറ വിജേഷ് (35), തോട്ടത്തിൽ വിഷ്ണു (30), വീണ്ടപ്പാറ വീണ്ടകുന്നിൽ രമേഷ് (29), പന്നിക്കോട് പുത്തൻപീടികേയ്ക്കിൽ മുഹമ്മദ് അഫ്സൽ (17), കാരാകുറുശ്ശി കൊയ്യക്കാട്ട് മഹേഷ് (17) എന്നിവരാണ് അന്നു മരിച്ചത്.