ഒലവക്കോട്ട് റെയിൽവേ ട്രാക്കിനു സമീപം കുറ്റിക്കാട്ടിൽ 4 വയസ്സുള്ള പെൺകുട്ടിയുടെ മൃതദേഹം ബാഗിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികളായ നാടോടി സംഘത്തിലെ 2 വനിതകൾക്കു 18 വർഷവും 6 മാസവും വീതം തടവും ഒന്നരലക്ഷം രൂപ വീതം പിഴയും ശിക്ഷ. ഇതിൽ 15 വർഷവും 6 മാസവും കഠിനതടവാണ്. മൂന്നാം പ്രതി തിരുപ്പൂർ എംജിആർ കോളനി കാതൽപേട്ട സ്വദേശി കദീജ ബീവി (45), അഞ്ചാം പ്രതി ഈറോഡ് ഗോപിചെട്ടിപാളയം രാമർ എക്സ്റ്റൻഷൻ രണ്ടിൽ കവിത (ഫാത്തിമ 45) എന്നിവരെയാണു പാലക്കാട് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ആർ.വിനായകറാവു ശിക്ഷിച്ചത്.
2019 ജനുവരി 15നാണു സംഭവം. ഒലവക്കോട് താണാവ് റെയിൽവേ മേൽപാലത്തിനു താഴെ ട്രാക്കിനോടു ചേർന്നാണു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ഭിക്ഷാടനത്തിനായി തട്ടിയെടുത്തതാണെന്നു പ്രതികൾ പൊലീസിനു മൊഴി നൽകിയിരുന്നു. കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല.തമിഴ്നാട് സ്വദേശികളായ ഒന്നാം പ്രതി സുരേഷ്, രണ്ടാംപ്രതി സത്യ (പടയപ്പ), നാലാം പ്രതി ഫെമിന എന്നിവർ ഒളിവിലാണ്.ശിക്ഷിക്കപ്പെട്ട പ്രതികൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുവരാനും ഭിക്ഷാടനത്തിനും തെളിവു നശിപ്പിക്കാനും കൂട്ടുനിന്നു എന്നാണു പ്രോസിക്യൂഷൻ കേസ്.
അന്നത്തെ ജില്ലാ പൊലീസ് മേധാവി ദേബേഷ്കുമാർ ബെഹ്റ, ഡിവൈഎസ്പി ജി.ഡി.വിജയകുമാർ, നോർത്ത് പൊലീസ് ഇൻസ്പെക്ടർ സി.അലവി, എസ്ഐമാരായിരുന്ന ആർ.രഞ്ജിത്ത്, ആർ.രാജേഷ്, എഎസ്ഐ കെ.സതീഷ്കുമാർ, പി.എച്ച്.നൗഷാദ്, എസ്.സന്തോഷ്കുമാർ, ആർ.രാജിദ്, എം.ഷിജു, എസ്.സജീന്ദ്രൻ, ടി.വി.അമ്പിളി, എം.കവിത, പ്രദീപ്കുമാർ, എസ്ഐ എസ്.ജലീൽ, ആർ.കിഷോർ, എം.സുനിൽ, ആർ.വിനീഷ്, ജയകുമാർ, ബി.നസീറലി, എസ്.ഷമീർ, ആർപിഎഫ് ഹെഡ്കോൺസ്റ്റബിൾ പി.സൂരജ്, എസ്ഐ ബാലസുബ്രഹ്മണ്യൻ എന്നിവർ ഉൾപ്പെട്ട പ്രത്യേക സംഘമാണു പ്രതികളെ പിടികൂടിയത്.
പിന്നീട് നോർത്ത് ഇൻസ്പെക്ടർമാരായ ഷിജു ഏബ്രഹാം, ആർ.സുജിത്ത്കുമാർ എന്നിവർ തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി.മുരളീധരൻ ഹാജരായി. എഎസ്ഐ എം.സെറീന, സീനിയർ സിവിൽ പൊലീസ് ഓഫിസർ എസ്.സജീന്ദ്രൻ എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.