പാലക്കാട് നെല്ലിയാമ്പതി മലനിരകളുടെ ഭാഗമായ കൊല്ലങ്കോട് സീതാർക്കുണ്ട് വെള്ളച്ചാട്ടത്തിൽ അകപ്പെട്ട യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വണ്ടിത്താവളം സ്വദേശി രമേശനാണ് (39) അപകടത്തിൽപ്പെട്ടത്. പ്രവേശനമില്ലെന്നു വനംവകുപ്പ് മുന്നറിയിപ്പു നൽകിയ സ്ഥലത്താണ് ഇയാൾ സുഹൃത്തുക്കൾക്കൊപ്പം പ്രവേശിച്ചത്.
വെള്ളച്ചാട്ടത്തിലേക്കു വഴുതിവീണ രമേശൻ പാറക്കെട്ടിൽ പിടിച്ച് തൂങ്ങിക്കിടക്കുകയായിരുന്നു. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെത്തുടർന്നു സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയ്ക്ക് ഒരു മണിക്കൂറിലധികം നീണ്ട ശ്രമത്തിനൊടുവിലാണ് ഇയാളെ രക്ഷപ്പെടുത്താനായത്.
സുഹൃത്തുക്കളായ അഞ്ചുപേർക്കൊപ്പമാണ് രമേശൻ സീതാർക്കുണ്ടിൽ എത്തിയത്. മഴയില്ലെന്നു കണ്ടാണ് ഇവർ വെള്ളത്തിലിറങ്ങിയത്. എന്നാൽ, നെല്ലിയാമ്പതിയിൽ പെയ്ത മഴയിൽ വെള്ളം കുത്തിയൊലിച്ച് എത്തി. രമേശൻ മാത്രം ഒഴുക്കിൽ മറുകരയിലെ പാറക്കെട്ടിൽപ്പെട്ടു. അഗ്നിരക്ഷാസേന വടം കെട്ടി മറുകരയിലെത്തി രമേശനെ രക്ഷപ്പെടുത്തി.
ഏകദേശം രണ്ടുമണിയോടെയാണ് രമേശനും സംഘവും ഇവിടെ എത്തിയതെന്നാണു പറയുന്നത്. സുരക്ഷ കണക്കിലെടുത്തു പ്രവേശനം നിരോധിച്ചിരിക്കുന്ന സ്ഥലമാണ് കൊല്ലങ്കോട് സീതാര്‍ക്കുണ്ട് വെള്ളച്ചാട്ടം. എങ്കിലും വിലക്കു വകവയ്ക്കാതെ ആളുകൾ ഇവിടെ എത്താറുണ്ട്.