ADVERTISEMENT

കോഴിക്കോട്ടെ ലോഡ്ജിൽ കൊലപ്പെടുത്തിയ ഹോട്ടലുടമ സിദ്ദീഖിന്റെ മൃതദേഹം മുറിച്ചു ബാഗിലാക്കി തള്ളിയ അട്ടപ്പാടി ചുരത്തിലും പ്രതിയായ ഫർഹാനയുടെ ചളവറയിലെ വീട്ടിലും പൊലീസ് തെളിവെടുപ്പു നടത്തി. സിദ്ദീഖിന്റെ കാണാതായ ഫോൺ ചുരത്തിൽ നിന്നു കണ്ടെടുത്തു. പ്രതികളായ ഷിബിലി, ഫർഹാന എന്നിവരെ ഇന്നലെ രാവിലെ പതിനൊന്നിനാണു തിരൂർ ഡിവൈഎസ്പി കെ.എം. ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചുരം ഒൻപതാം വളവിലെത്തിച്ചു തെളിവെടുത്തത്. ആദ്യം പൊലീസ് വാഹനത്തിൽ നിന്ന് ഇറക്കിയ ഷിബിലി മൃതദേഹം കൊക്കയിലേക്ക് ഇട്ടത് എങ്ങനെയെന്നു വിശദീകരിച്ചു.

പത്താം വളവു വരെ പോയി തരിച്ചു വന്ന ശേഷമാണു മൃതദേഹം കൊക്കയിലേക്ക് ഇട്ടത്. പിന്നീടു വാഹനത്തിൽ നിന്നു പുറത്തിറക്കിയ ഫർഹാന ഡിക്കിയിൽ നിന്നു മൃതദേഹം നിറച്ച ബാഗ് പുറത്തേക്കു തള്ളിക്കൊടുത്തെന്നും താൻ കാറിൽ നിന്ന് ഇറങ്ങിയില്ലെന്നും പറഞ്ഞു. ഫർഹാന പറയുന്നതിൽ പൊരുത്തക്കേടുണ്ടെന്ന നിഗമനത്തിലാണു പൊലീസ്. രാത്രി ഏഴരയോടെയാണു മൃതദേഹം കൊക്കയിലേക്ക് ഇട്ടത്. 10 മിനിറ്റോളം മൃതദേഹം തള്ളിയ ഭാഗത്തു ചെലവഴിച്ചു. തിരികെ എട്ടാം വളവിൽ എത്തിയപ്പോൾ സിദ്ദീഖിന്റെ ഫോൺ കാട്ടിലേക്കു വലിച്ചെറിഞ്ഞു. ഉച്ചയോടെയാണ് പ്രതികളെ ഫർഹാനയുടെ വീട്ടിലെത്തിച്ചത്. കുറ്റകൃത്യം നടത്തിയപ്പോൾ ഫർഹാനയും ഷിബിലിയും ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ചതായി പൊലീസ് കണ്ടെത്തി.

ADVERTISEMENT

ചോര പുരണ്ട വസ്ത്രങ്ങൾ വാഷിങ് മെഷീനിൽ അലക്കിയ ശേഷം ഫർഹാന തന്നെയാണു കത്തിച്ചതെന്നു മാതാവ് ഫാത്തിമ മൊഴി നൽകി. സിദ്ദീഖിന്റെ കൊലപാതകത്തിനു ശേഷം തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന 65,000 രൂപ ഉപയോഗിച്ച് സ്വർണം വാങ്ങിയെന്നും ഫാത്തിമ പറഞ്ഞു. പണത്തിന്റെ ഉറവിടം സംബന്ധിച്ചു കൂടുതൽ വ്യക്തത വരുത്താൻ ഫർഹാനയുടെ പിതാവു വീരാൻകുട്ടിയോടും ഫാത്തിമയോടും ഇന്നു തിരൂർ സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു. ഇന്ന് കൊല നടന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിലും ആയുധങ്ങൾ വാങ്ങിയ കടകളിലും എടിഎമ്മുകളിലും തെളിവെടുപ്പിനു കൊണ്ടുപോകും. കൊലപാതകത്തിനു ശേഷം ഷിബിലി തിരുവനന്തപുരത്തേക്ക് സുഹൃത്തിനെ കാണാൻ പോയിട്ടുണ്ടെന്നു പൊലീസ് വെളിപ്പെടുത്തി. ഇതിന്റെ വിശദാംശങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ഷിബിലിയുമായി പൊലീസ് തിരുവനന്തപുരത്തേക്കും പോകും.

More

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT