Friday 09 August 2024 12:17 PM IST : By സ്വന്തം ലേഖകൻ

കുടുംബവുമായി അകൽച്ച, സ്വകാര്യ ദുഃഖങ്ങൾ തുറന്നു പറഞ്ഞത് പാപ്പച്ചന് വിനയായി; വഴിത്തിരിവായത് മകൾക്കു തോന്നിയ സംശയം

kollam-crime-updates

റൗഡി ലിസ്റ്റിലുള്ള അനിമോൻ ബാങ്ക് മാനേജരായ സരിതയുമായി സ്ഥിരം ഫോണിൽ സംസാരിച്ചത് എന്തിനാണെന്ന സംശയമാണു ബിഎസ്എൻഎൽ റിട്ട. എൻജിനീയർ സി. പാപ്പച്ചന്റെ അപകട മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ എത്തിച്ചത്. ബാങ്കിലെ തന്റെ നിക്ഷേപം സരിതയും ബാങ്ക് ജീവനക്കാരനായ അനൂപും തട്ടിയെടുത്തെന്നു സംശയിച്ച പാപ്പച്ചൻ അന്വേഷണം ആരംഭിച്ചതോടെ കൊലപ്പെടുത്താൻ പദ്ധതി തയാറാക്കി. സരിത ക്വട്ടേഷൻ നൽകിയതു സുഹൃത്തായ അനിമോനാണ്. അനിമോനും സരിതയും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ രേഖകൾ പൊലീസിനു തെളിവായി.

പന്തളം കുടശനാട് സ്വദേശിയാണെങ്കിലും ദീർഘകാലമായി കൊല്ലത്തായിരുന്നു പാപ്പച്ചൻ താമസിച്ചിരുന്നത്. ഭാര്യ മെറ്റിൽഡ കോട്ടയത്താണ്. മകൻ ജേക്കബ് കുവൈത്തിലും മകൾ ലക്നൗവിലുമാണു ജോലി ചെയ്യുന്നത്. അവസാനകാലത്ത് ഒറ്റയ്ക്കായിരുന്നു താമസം. പാപ്പച്ചനെ വാഹനം ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയ അനിമോനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ആദ്യം പൊലീസ് കേസെടുത്തത്. സംശയം തോന്നാത്തതിനാൽ ജാമ്യത്തിൽ വിട്ടു.

അനിമോനും സരിതയുമായുള്ള സൗഹൃദമോ സാമ്പത്തിക തട്ടിപ്പിന്റെ പശ്ചാത്തലമോ ആ ഘട്ടത്തിൽ പൊലീസ് മനസ്സിലാക്കിയിരുന്നില്ല. മകൾക്കു തോന്നിയ സംശയമാണ് കേസില്‍ വഴിത്തിരിവുണ്ടാക്കിയത്. വീട്ടുകാരുമായി പിണക്കത്തിലായിരുന്ന പാപ്പച്ചന്റെ നിക്ഷേപത്തെക്കുറിച്ച് ആർക്കും അറിയില്ലെന്നു സരിതയ്ക്ക് അറിയാമായിരുന്നു. പാപ്പച്ചൻ അപകടത്തിൽ കൊല്ലപ്പെട്ടാൽ ആരും സംശയിക്കില്ലെന്നും കരുതി. എന്നാൽ, പിതാവിന്റെ ബാങ്ക് ഇടപാടുകൾ മകൾ അന്വേഷിച്ചതോടെ സംശയം ബലപ്പെട്ടു.

∙ വഴിത്തിരിവായത് മകൾക്ക് ലഭിച്ച സൂചനകൾ 

പിതാവിന്റെ മരണത്തെ തുടർന്നു നാട്ടിലെത്തിയ റേച്ചലിനോടു പാപ്പച്ചന് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വലിയ വായ്പ ഉണ്ടെന്നു ചിലർ പറഞ്ഞു. ഇതിന്റെ വിവരം അന്വേഷിക്കാൻ ബാങ്കിൽ എത്തിയ റേച്ചലിനോട് ബ്രാഞ്ച് മാനേജരായ സരിത ആദ്യം ഒന്നും പറഞ്ഞില്ല. പിന്നീട്, അവിടെനിന്ന് 25 ലക്ഷത്തോളം രൂപ വായ്പ എടുത്തിട്ടുണ്ടെന്നു പറഞ്ഞു. സംശയം തോന്നിയതോടെയാണു പൊലീസിൽ പരാതി നൽകിയത്. റൗഡി ലിസ്റ്റിലുള്ള അനിമോനെ പൊലീസിനു നേരത്തേ അറിയാം. അയാളുടെ ഫോൺ രേഖകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചപ്പോഴാണു സരിതയുമായുള്ള അടുപ്പം മനസ്സിലായത്.

ഗുണ്ടയുമായി സരിതയ്ക്ക് എന്താണ് ബന്ധമെന്നായി പൊലീസിന്റെ ആലോചന. ബാങ്കിൽ രഹസ്യമായി നടത്തിയ അന്വേഷണത്തിൽ സരിതയും അനൂപും നടത്തിയ സാമ്പത്തിക തിരിമറിയുടെ വിവരങ്ങൾ ലഭിച്ചു. പാപ്പച്ചന്റെ അക്കൗണ്ടിലും തിരിമറി നടന്നതായി വ്യക്തമായി. ഈ തുക സരിതയുടെയും അനൂപിന്റെയും അക്കൗണ്ടിലെത്തിയിരുന്നു. ഇതിന്റെ വിഹിതം അനിമോനു ലഭിച്ചതായും മനസ്സിലാക്കി. 

∙ ദുഃഖങ്ങൾ തുറന്നു പറഞ്ഞത് പാപ്പച്ചന് വിനയായി

ബാങ്കിലെ ക്രമക്കേടുകളെ സംബന്ധിച്ച് തെളിവുകൾ ശേഖരിച്ചശേഷമാണു പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. ചെറിയൊരു സൂചന ലഭിച്ചാൽ സരിത ഫോൺ അടക്കമുള്ള തെളിവുകൾ നശിപ്പിക്കുമായിരുന്നു എന്ന് പൊലീസ് പറയുന്നു‌. ജീവിത വിഷമങ്ങൾ സരിതയോടും അനൂപിനോടും തുറന്നു പറഞ്ഞതാണു പാപ്പച്ചന് വിനയായത്. സാമ്പത്തിക വിവരങ്ങള്‍ മനസ്സിലാക്കിയ ഇരുവരും കൂടുതൽ നിക്ഷേപം നടത്താൻ പ്രോത്സാഹിപ്പിച്ചു. മികച്ച പലിശ ലഭിക്കുമെന്നു ബോധ്യപ്പെടുത്തി.

കുടുംബവുമായി അകൽച്ചയിലാണെന്നും അവർക്ക് നിക്ഷേപത്തെക്കുറിച്ച് അറിയില്ലെന്നും വ്യക്തമായതോടെ കൊലപ്പെടുത്താൻ തീരുമാനിച്ചു. ഒന്നാം പ്രതി അനിമോൻ സ്ഥിരം കുറ്റവാളിയാണ്. രണ്ടാം പ്രതി മാഹിൻ കൊല്ലം നഗരത്തിലെ ഓട്ടോ ഡ്രൈവറാണ്. അനിമോനുമായി ഗൂഢാലോചന നടത്തിയാണ് മാഹിൻ കൊലപാതകം ആസൂത്രണം ചെയ്തത്. മൂന്നാം പ്രതിയാണ് സരിത. ധനകാര്യ സ്ഥാപനത്തിന്റെ ബ്രാഞ്ച് എക്സിക്യൂട്ടീവ് ആയ അനൂപ് നാലാം പ്രതിയാണ്. കൊലപാതകത്തിന് ഉപയോഗിച്ച കാർ വാടകയ്ക്ക് നൽകിയ ഹാഷിഫാണ് അഞ്ചാം പ്രതി.

Tags:
  • Spotlight