Wednesday 17 January 2024 03:25 PM IST

‘അയ്യേ, ഗേളിനെ പോലെ നടക്കുന്നു...’: ആൺകുട്ടി മൂക്കു കുത്തിയാലോ പിങ്ക് നിറമിട്ടാലോ പെണ്ണാകും എന്ന മുരടൻ ചിന്ത വേണ്ട

Shyama

Sub Editor

boys-parenting

എന്റെ മോന്‍ ഇന്ന് എന്താ ചെയ്തേ എന്നറിയാമോ? എന്റെ മോൾ പറഞ്ഞപ്പോഴാ അറിഞ്ഞത്. ഇഷാനിക്ക് പീരിയഡ്സാണ്, റെസ്റ്റ് റൂമിലാണ് എന്ന് ടീച്ചറോട് ഇവനാ വിളിച്ചു പറഞ്ഞത്. ഇവനു വല്ല കാര്യവുമുണ്ടോ ഇതൊക്കെ പറയാൻ?’

ചിത്ര മകനെ നോക്കി ‘ഗുഡ് ജോബ് റിയാൻ’ എന്നു മാത്രം പറഞ്ഞ് അവന്റെ പുറത്തു തട്ടി അഭിനന്ദിച്ചു. റിയാൻ അമ്മയെയും അച്ഛനെയും നോക്കി ചിരിച്ചു.

പെൺകുട്ടികളെ വളർത്തുമ്പോൾ മാതാപിതാക്കൾ പ ല കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. പക്ഷേ, ആൺകുട്ടികളുടെ കാര്യം വരുമ്പോൾ മാതാപിതാക്കൾ പല കാര്യങ്ങളിലും വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. തന്നോടും ചുറ്റുപാടുള്ളതിനോടുമൊക്കെ ഉത്തരവാദിത്തമുള്ള മനുഷ്യരായി വളരാൻ ആൺകുട്ടികളുടെ വളർത്തൽ രീതികളിലും കാലാനുസ്രുതമായ മാറ്റങ്ങൾ വരേണ്ടതുണ്ട്.

ആണിനു വിലക്കപ്പെട്ട കരച്ചിൽ

കാലം മാറിയതോടെ പഴയകാല ലിംഗവേർതിരിവുകൾ പ്രകാരം ഇന്ന് ആൺകുട്ടികളെ വളർത്തുന്നതിൽ വലിയ അപകടമുണ്ട്. അതിലൊന്നാണ് ആണായാൽ കരയാൻ പാടില്ല എന്നു പറയുന്നത്. ആണായാലും പെണ്ണായാലും മനസ്സിലൂടെ കടന്നു പോകുന്ന വിചാരങ്ങളേയും വികാരങ്ങളെയും അംഗീകരിക്കുകയും അതു വേണ്ട സന്ദർഭങ്ങളിൽ ആവിഷ്കരിക്കുകയും ചെയ്യുന്നതാണു മാനസികÐശാരീരികാരോഗ്യത്തിനു നല്ലത്.

കരയരുത് എന്നു പറയുമ്പോൾ ഒരാൾക്കു സ്വാഭാവികമായ രീതിയിൽ ഒരു വികാരം ആവിഷ്കരിക്കാനുള്ള അവസരം നിഷേധിക്കപ്പെടുകയാണ്. അതിനു പകരം നിനക്കൊരു വിഷമമുണ്ടെങ്കിൽ പങ്കുവയ്ക്കണം, തുറന്നു പറയണം, കരയാൻ തോന്നിയാൽ കരയണം എന്നൊക്കെ ചെറുപ്പം മുതലേ പറഞ്ഞു വളർത്തിയാൽ മനുഷ്യനെന്ന നിലയിൽ ജീവിതം കുറച്ചുകൂടി എളുപ്പമാകും. ‍

കുടുംബത്തിൽ ആൺകുട്ടി ജനിക്കുമ്പോൾ അഭിമാനിക്കുന്ന, അതെന്തോ വലിയ കാര്യമാണെന്ന് ധരിക്കുന്ന ആളുകൾ ഇ പ്പോഴും നമുക്കിടയിലുണ്ട്. അതിന്റെ മറുവശം, ഇവനെന്തോ പ്രത്യേക ജന്മമാണ് എന്നൊരു ഭാ രം ജനിക്കുമ്പോൾ മുതൽ ഒരു വ്യക്തിയിൽ കെട്ടി വയ്ക്കപ്പെടുന്നു എന്നതാണ്. പ്രത്യേക പദവികൾ നൽകി ആണ്‍കുട്ടിയെ വളർത്തുമ്പോൾ ഇന്നത്തെ ജെൻഡർ ഈക്വൽ ആകാൻ പരിശ്രമിക്കുന്ന സമൂഹത്തിന് അവൻ ചേരാതെ പോകും. ഇക്കാരണത്താലൊക്കെ കൂടിയാണു പ്രതിസന്ധികൾ വരുമ്പോൾ സ്ത്രീകളെക്കാൾ കൂടുതലായി ആണുങ്ങൾ മദ്യത്തിനും മയക്കുമരുന്നിനും മ‌റ്റു ലഹരിക്കും അടിമപ്പെടുന്നത്. അല്ലെങ്കിൽ അക്രമ രീതികളിലേക്കു പോകുന്നത്.

കാരണം, അവരുടെ സ്വാഭാവിക വികാര പ്രകടനം ത ന്നെ നമ്മൾ നിഷേധിക്കുകയാണ്. ഒരാൺകുട്ടി അങ്ങനെ ‘ടഫ് മാൻ സിൻഡ്രോമിലേക്ക്’ പോകുന്നതു കാണാം.

അടുക്കളയിലെത്താത്ത സമത്വം

വീടിന്റെ ശിൽപ ശൈലി എടുത്താൽ പോലും അതിൽ ഇ പ്പോഴും ജെൻഡർ സ്പേസസ് ഉണ്ട്. പല വീടുകളിലും അടുക്കള, വർക് ഏരിയ എന്നിങ്ങനെയുള്ള ഭാഗങ്ങൾ പെണ്ണിടങ്ങളായും ടിവി വച്ചിരിക്കുന്ന, വിശാലമായ ഇരിപ്പിടങ്ങളുള്ള സ്ഥലങ്ങൾ ആണിടങ്ങളായും മാറുന്നു. അതു തന്നെ ആൺÐപെൺ ചുമതലകളുടെ പഴയകാല വിഭജനത്തിൽ നിന്നു വരുന്നതാണ്. പുതിയ കാലത്ത് അങ്ങനൊരു വിഭജനത്തിന്റെ ആവശ്യമില്ല. വീട് വയ്ക്കുമ്പോൾ തൊട്ടു നമ്മൾ ഇതൊക്കെ ശ്രദ്ധിക്കണം.

ഇനി വീടിന്റെ ശൈലി മാറ്റാൻ പറ്റിയില്ലെങ്കിൽ പോലും അച്ഛനും അമ്മയും തുല്യമായി ജോലികൾ പകുത്തെടുത്ത് ചെയ്യുന്നത് കണ്ടു വേണം കുട്ടികൾ വളരാൻ. പറഞ്ഞു പഠിപ്പിക്കുന്നതിലും നല്ലത് ഉദാഹരിച്ചു കാട്ടുന്നതാണ്. അ തുവഴി പെൺ ജോലി Ð ആൺ ജോലി എന്നൊന്നില്ല എന്നുകുട്ടി പഠിക്കും. അല്ലാതെ ലിംഗസമത്വം പറഞ്ഞു പഠിപ്പിച്ചിട്ടു മകളോടു ‘നിന്റെ ചേട്ടന്റെ കൂടി പാത്രം കഴുകി വയ്ക്ക്’ എന്നു പറയുന്ന വിരോധാഭാസം കാണിക്കരുത്. ഇന്നു വീട് മകൾ വൃത്തിയാക്കിയാൽ നാളെ മകനും ചെയ്യണം എന്നരീതി വരണം.

കുട്ടികൾ അന്യനാട്ടിൽ പോയി പഠിക്കുന്ന സാഹചര്യത്തിൽ എല്ലാ കുട്ടികളും ലിംഗഭേദമന്യേ വീട്ടുജോലികൾ ചെയ്തു പഠിക്കേണ്ടത് ഓരോ മനുഷ്യരും അറിഞ്ഞിരിക്കേണ്ട ജീവിക്കാനുള്ള പാഠങ്ങളാണെന്നും ഓർക്കാം.

ആണിന്റെ ദേഷ്യം ഓകെയല്ല

ടീനേജ് സമയത്ത് ആൺകുട്ടികളുടെ ഹോർമോൺ വ്യതിയാനം കാരണം അൽപം ദേഷ്യം കൂടുതലുണ്ടാകും. പക്ഷേ, അതു പോലും മുൻപേ കൂട്ടിയുള്ള പരിശീലനം കൊണ്ടു നിയന്ത്രിച്ചു നിർത്താവുന്നതാണ്. ദേഷ്യം ലിംഗഭേദമന്യേ സ്വാഭാവികമായ കാര്യമാണ്. പക്ഷേ, അതു പ്രകടിപ്പിക്കുമ്പോൾ നീ ആണായതു കൊണ്ടു സാധനങ്ങൾ തല്ലി തകർക്കുന്നതും വലിച്ചെറിയുന്നതും ഒന്നും ന്യായീകരിക്കാൻ പ റ്റില്ല എന്ന് ആദ്യമേ പറയാം.

ദേഷ്യം വരുമ്പോൾ അത് ആരോഗ്യകരമായി സംസാരിച്ച് തീർക്കാനും ആവശ്യമെങ്കിൽ അൽപനേരം മിണ്ടാതിരിക്കാനും ഒക്കെയാണു പഠിപ്പിക്കേണ്ടത്. ഇതൊക്കെ കുട്ടിക്ക് പറഞ്ഞു കൊടുത്തിട്ടു വീട്ടിൽ അച്ഛൻ അമ്മയെ കായികമായി നേരിട്ടാൽ പറയുന്നതിൽ കഴമ്പില്ലാതാകും.

ലഹരിയുപയോഗം ട്രെന്‍ഡാക്കേണ്ട

ഒരുപാടു കാലം ലഹരി ഉപയോഗിക്കുന്നത് ‘ആൺ ശീലമായി’ കണ്ട് അതു മാതാപിതാക്കൾ വരെ കണ്ണടച്ചു ക ളയുകയോ അംഗീകാരം കൊടുക്കുകയോ ചെയ്തു പോന്നിട്ടുണ്ട്. അതൊക്കെയാണ് ആൺകുട്ടികൾക്ക് ഇത്തരം കാര്യങ്ങൾ ചെയ്യാൻ പച്ചക്കൊടിയായി മാറുന്നത്. അതേ പോലെ തന്നെയാണു ശാരീരികാധ്വാനം ചെയ്യുമ്പോൾ, അല്ലെങ്കിൽ സോഷ്യലൈസിങ്ങിന് വേണ്ടിയൊക്കെ മദ്യം ഉപയോഗിക്കാം എന്നതു സമൂഹം നോർമലൈസ് ചെയ്തു വയ്ക്കുന്നത്. തെറ്റ് ആരു ചെയ്താലും അതു തെറ്റാണെന്നു തുടക്കം മുതലേ പറയാം. ചെറുപ്പം തൊട്ടു ലഹരി ഓരോ ശരീരഭാഗങ്ങളോടു ചെയ്യുന്ന ദ്രോഹമെന്താണെന്നു പുസ്കങ്ങളും വിഡിയോസും കാണിച്ചു പഠിപ്പിക്കാം. ആരെങ്കിലും ലഹരി തന്നാൽ യുക്തിപൂർവം ചിന്തിച്ച് ‘നോ’ പറയാനുള്ള പ്രാപ്തി ഇതുവഴി ഉണ്ടായിവരും.

മദ്യത്തിനോ മറ്റു ലഹരി പദാർഥങ്ങൾക്കോ അനുവദനീയമായ അളവ് എന്നൊന്നില്ല. കുറച്ച് ഉപയോഗിച്ചാൽ മതിയെന്നൊക്കെ കുട്ടികളോടു പറഞ്ഞു ലഹരിയുടെ ഉപയോഗം നിസ്സാരവത്കരിക്കാതിരിക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണം.

2074309189

പരിഹാസം അത്ര കൂൾ അല്ല

‘അയ്യേ, നീ ഗേളിനെ പോലെ നടക്കുന്നു’ എന്നൊക്കെ കൊ ച്ചുകുട്ടികൾ പറയുന്നത് എന്തു കണ്ടുപഠിച്ചിട്ടാണ് എന്നു ചിന്തിക്കുക. എന്താണു തിരുത്തപ്പെടേണ്ടത് എന്ന് മാതാപിതാക്കൾ പറഞ്ഞു കൊടുക്കുന്നില്ല എന്നുള്ള സാഹചര്യങ്ങളിൽ പല ആൺകുട്ടികളും മറ്റുള്ളവരെ പരിഹസിക്കാൻ നിൽക്കുന്നത്. ഇതു വളരെ ചെറുപ്പം തൊട്ടേ തിരുത്തണം. നീ ചെയ്യരുത് എന്നു മാത്രമല്ല മകനോടു പറയേണ്ടത് മറ്റുള്ളവർ മോശം ചെയ്യുമ്പോൾ നീ അതിൽ നിന്ന് ഒഴിവാകണം എന്നും പറയുക. കൂടാതെ പറ്റുന്ന സാഹചര്യത്തിൽ അതു ചെയ്യരുതെന്ന് മറ്റുള്ളവരെ കൂടി പറഞ്ഞു മനസ്സിലാക്കി പിന്തിരിപ്പിക്കാനും നോക്കണം എന്നും പറയാം.

അടിമÐ ഉടമ മനോഭാവം

ആൺകുട്ടിയും പെൺകുട്ടിയും ഇരുന്നു സിനിമ കാണുന്നിടത്തും ‘എടീ... വെള്ളമെടുത്തു താ.’ എന്നു പറയാൻ ആൺകുട്ടികൾക്കു സമൂഹം അവസരം കൊടുക്കുന്നുണ്ട്. അത് നോർമലൈസ് ചെയ്യുന്നുണ്ട്. ഈ അധികാരസ്വഭാവം ചെറുപ്പത്തിൽ തന്നെ തിരുത്തിയില്ലെങ്കിൽ ഭാവിയിൽ ലൈംഗിക ബന്ധത്തിലുൾപ്പെടെ ഇത്തരത്തിൽ പല അവകാശവാദങ്ങളും അധികാരം കാണിക്കലും വരും. അധീശത്വം മാറി പങ്കാളിത്തത്തോടു കൂടി കാര്യങ്ങൾ ചെയ്യാം എന്നാണു ചെറുപ്പം മുതൽ പഠിപ്പിക്കേണ്ടത്.

ആൺകുട്ടി പെങ്ങളോടു ‘നീയാ റിമോട്ട് എടുത്തുതാ’ എന്നു പറയുമ്പോൾ ‘നീയൊരു പെണ്ണല്ലേ... ചെയ്തു കൊടുക്ക്’ എന്നൊക്കെ മാതാപിതാക്കൾ കൂടി പറഞ്ഞാൽ അ തൊരു ടോക്സിക് ബോധം ഊട്ടിയുറപ്പിക്കലാകും. അതുകൊണ്ട് അത്തരം കാര്യങ്ങൾ മുതിർന്നവർ പറയാതിരിക്കുക. നിനക്കു വേണ്ടതു നീ ചെയ്യുക എന്നു പറയുക.

ജോലി ചെയ്തു വീട്ടിൽ തിരിച്ചെത്തുന്ന ആണിനെ പോലെ തന്നെ തളർച്ച പെണ്ണിനുമുണ്ടെന്നു മനസ്സിലാക്കി മാതാപിതാക്കൾ ഒരേപോലെ വിശ്രമിക്കുകയും ജോലി ഭാരം പങ്കുവയ്ക്കുകയും ചെയ്തു വേണം കുട്ടിക്കു മാതൃകയാകാൻ.

പേടിക്ക് ഇല്ല ലിംഗവേർതിരിവ്

പേടി എന്നത് ഒരു പ്രത്യേക ലിംഗവിഭാഗത്തിന്റെ മാത്രം വികാരമല്ല. ഒരു ആൺകുട്ടി പേടി എന്നു പറയുമ്പോൾ ‘നീയെ ന്താ പെണ്ണുങ്ങളെ’ പോലെ എന്നാണു പലരും മറുചോദ്യം ചോദിക്കുന്നത്. അവിടെ പെണ്ണിനെ വില കുറച്ചു കാണുക എന്നൊരു കാര്യം ആൺകുട്ടിയിലേക്കു കുത്തിവയ്ക്കപ്പെടുന്നു. ഇതിനു പകരം ഭയത്തിന്റെ ഉറവിടം കണ്ടെത്തി അതിനെ തരണം ചെയ്യാനുള്ള ധൈര്യം സംഭരിക്കാൻ ശീലിപ്പിക്കുകയാണു വേണ്ടത്. അല്ലാതെ ആണാണു പേടിക്കരുത് എന്നു പറയുന്നതു ഭയത്തെ മറയ്ക്കാൻ മാത്രമേ പഠിപ്പിക്കൂ, അതിജീവിക്കാൻ പഠിപ്പിക്കുന്നില്ല.

പേടി = പെണ്ണിന്റേത്, കരുത്ത് = ആണിന്റേത് എന്നൊരു ബ്രാൻഡിങ് തന്നെ അടിസ്ഥാനരഹിതമാണ്. ഇന്നതു തരണം ചെയ്യാൻ സാധിക്കുന്ന വ്യക്തിയാണു നീ എന്നാണു പറഞ്ഞു പഠിപ്പിക്കേണ്ടത്. പാറ്റയെ പേടി എന്നു പറഞ്ഞാൽ മകന് അതൊരു ഉപദ്രവകാരിയല്ലാത്ത ജീവിയാണ് എന്നൊക്കെ പറഞ്ഞുകൊടുക്കാം. അതിനെയൊരു കാ ർട്ടൂൺ കഥാപാത്രമായി ക്യൂട്ട് ആയി കണ്ടു നോക്കാൻ പറയാം. അത്തരത്തിൽ വരയ്ക്കാം. ഉയരപ്പേടി, അടഞ്ഞ മുറികൾ പേടി പോലുള്ള കാര്യങ്ങളാണു കുട്ടിയെ ബുദ്ധിമുട്ടിക്കുന്നതെങ്കിൽ അത്തരം ഫോബിയകൾ മാറ്റാനുള്ള തെറപ്പികളും എടുക്കാം.

ശരീരത്തെ കുറിച്ചു തുറന്നു സംസാരിക്കാം

പെൺകുട്ടികൾക്കു മിക്കവാറും വീടുകളിൽ നിന്നു ശരീരത്തെക്കുറിച്ചുള്ള അവബോധം ലഭിക്കുമ്പോഴും ആൺകുട്ടികൾക്ക് അതു വിരളമാണ്. ശരീരത്തെ പറ്റി പെൺകുട്ടികളെ പഠിപ്പിക്കുന്നതു പോലെ തന്നെ ആൺകുട്ടികളെയും പഠിപ്പിക്കേണ്ടതുണ്ട്. പെൺകുട്ടികളെക്കാളേറെ നമ്മുടെ നാട്ടിൽ ആൺകുട്ടികൾ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകാറുണ്ടെന്നു പഠനങ്ങൾ പറയുന്നു.

എന്നാൽ പലപ്പോഴും ചുറ്റുമുള്ളവർ കളിയാക്കുമെന്ന് പേടിച്ചോ ഒറ്റപ്പെടുത്തുമെന്നു കരുതിയോ അവർ ഒന്നും തുറന്നു പറയാറില്ല. അതൊരു അപകടാവസ്ഥ തന്നെയാണ്. ലൈംഗീകാതിക്രമത്തെ കുറിച്ച് മാത്രമല്ല, അതതു വയസ്സിൽ വരുന്ന ശാരീരിക മാറ്റത്തെക്കുറിച്ചും കുട്ടിക്കു പറഞ്ഞു കൊടുക്കാം. ലൈംഗികതയുടെ ബിംബങ്ങൾ ചുറ്റും നിറയുന്ന കാലഘട്ടത്തിൽ ആൺകുട്ടികൾക്ക് സെക്സ് എജ്യുക്കേഷൻ കൊടുക്കേണ്ടത് അത്യാവശ്യമാണ്. ചില സിനിമയിലും പോസ്റ്ററുകളിലും കാണും പോലെ സ്ത്രീകളെ ലൈംഗിക ഉപകരണങ്ങൾ മാത്രമായി കാണുന്ന പ്രവണത തന്നെ മാറണം. കാണുന്ന കാഴ്ചകൾ അങ്ങനെയാണെങ്കിൽ പോലും യഥാർഥ ജീവിതത്തിൽ സ്വയം രസിപ്പിക്കാനുള്ള ഉപാധിയായിട്ടല്ല പെൺകുട്ടികളെ കാണേണ്ടതെന്നു ചെറുപ്പം മുതലേ പഠിപ്പിക്കേണ്ടതുണ്ട്.

2237339813

കൺസന്റ് ശീലിപ്പിക്കാം

ഒരു കാര്യം ചെയ്യാമോ എന്നു ചോദിക്കുന്നതാണു കൺസന്റ് എന്നു ലളിതമായി പറയാം. എന്തു കാര്യത്തിലും പ്രത്യേകിച്ചു മറ്റൊരാളെ സ്പർശിക്കുന്ന കാര്യത്തിൽ എപ്പോഴും എതിരെ നിൽക്കുന്ന ആളുടെ സമ്മതം വേണം എന്നും അതില്ലാതെ ഒരാളുടെ അതിർവരമ്പിലേക്കു കടക്കുന്നത് അക്രമമാണെന്നും ചെറുപ്പം മുതലേ കുട്ടിയോടു പറയാം. കുട്ടിക്ക് ഒരു ഉമ്മ കൊടുക്കേണ്ടപ്പോൾ, ഞാൻ നിന്നെയൊന്ന് ഉമ്മ വച്ചോട്ടേ എന്ന് കുട്ടിയോടു ചോദിച്ചു സമ്മതം വാങ്ങുന്ന ശീലം വീട്ടിൽ വേണം. അതുകണ്ടു കുട്ടിയും അത്തരമൊരു ആരോഗ്യകരമായ ശീലം സ്വായത്തമാക്കും.

അടുപ്പമില്ലാത്തവരും ഇനി എത്ര അടുപ്പമുള്ളവർ തമ്മിലും കൺസന്റ് എടുക്കണം എന്നു പറയാം. വർഷങ്ങളോളം പ്രണയിച്ചു നടന്നയാളോ ഭാര്യയോ ആണെങ്കിൽ പോലും ഒരു കാര്യത്തിനു ‘നോ’ പറഞ്ഞാൽ അതു ചെയ്യരുതെന്നാണ് അർഥം എന്നു കുട്ടി മുതിരുന്ന മുറയ്ക്കു പറഞ്ഞുകൊടുക്കാം.

അവരെ മാനിപ്പുലേറ്റ് ചെയ്ത് അപ്പോ നിനക്ക് എന്നോട് ഇഷ്ടമില്ലല്ലേ/ ഒരു കെട്ടിപ്പിടുത്തം മാത്രമല്ലേ ചോദിച്ചുള്ളൂ എന്നു പറയുകയോ ദേഷ്യപ്പെടുകയോ മിണ്ടാതിരിക്കുകയോ ചെയ്ത് ‘നോ’ മാറ്റി ‘യെസ്’ ആക്കുകയല്ല വേണ്ടത് എന്നും പറഞ്ഞു കൊടുക്കാം. മറ്റൊരാളുടെ വികാരങ്ങളെ മാനിക്കുകയാണ് ഏറ്റവും നല്ല ശീലം എന്ന് ആൺകുട്ടികളോടു പ്രത്യേകം പറഞ്ഞു കൊടുക്കാം.

പ്രശ്നങ്ങൾ മറയ്ക്കാനുള്ളതല്ല

നെഗറ്റീവ് വികാരങ്ങൾ കടിച്ചു പിടിച്ചു മറയ്ക്കാതെ തുറന്നു പറയാൻ ആൺകുട്ടികളെ ശീലിപ്പിക്കേണ്ടതുണ്ട്. പകരം ആണിനു മാനസികബുദ്ധിമുട്ടു വന്നാൽ കുടുംബഘടന തന്നെ ഇടിഞ്ഞു താഴേയ്ക്കു വീഴും എന്ന തരത്തിൽ അത് ഊതിപ്പെരുപ്പിക്കരുത്.

അങ്ങനെ ചെയ്താൽ സമൂഹത്തെ പേടിച്ച് ആണുങ്ങൾ മാനസിക പ്രശ്നങ്ങൾക്കുള്ള ഹെൽപ് എടുക്കാൻ മടിക്കും. വിഷമം വന്നാൽ അതു പരിഹരിക്കാതെ അവഗണിച്ചോ ലഹരി ഉപയോഗിച്ചോ താൽക്കാലിക ആശ്വാസത്തിന് ശ്രമിക്കും. മാനസികപ്രശ്നം വന്നാൽ അത് തുറന്നു പറയാൻ കുട്ടിയെ ശീലിപ്പിക്കാം. പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ എഴുതാമെന്നും (ജേണലിങ്) അവരോടു ചെറുപ്പം മുതൽ പറയാം.

ആൺകുട്ടി ഡാൻസ് പഠിച്ചാൽ...

ഒരു വ്യക്തിക്ക് അവരവരായിരിക്കാനുള്ള സാഹചര്യങ്ങ ൾ ഇന്നുണ്ട്. ഒരാൾക്ക് ജെൻഡർ ബ്രാൻഡിങ് പോലും ഇ ല്ലാതെ ഇന്നു നിലനിൽക്കാനാകും.

പെൺകുട്ടി പാന്റ്സിട്ടാൽ മുടി മുറിച്ചാൽ സമൂഹത്തിന് അത്ര പ്രശ്നമില്ല. കാരണം ആണിന്റെ രീതി എന്നു കരുതപ്പെടുന്ന ഉയർന്ന തലമെന്ന് അവർ വിശ്വസിച്ചു വച്ചിരിക്കുന്നതിലേക്കാണു മാറ്റം.

മറിച്ച് ആൺകുട്ടി മൂക്കു കുത്തിയാൽ മുടി വളർത്തിയാൽ പിങ്ക് നിറമിട്ടാൽ പെണ്ണിലേക്കു തരം താഴുന്നു എന്ന മുരടൻ ചിന്തയാണു വരിക. അവിടെ പ്രതിരോധം വരും. ആണത്തത്തിനു വെല്ലുവിളിയാകുന്ന എന്തോ ചെയ്യുന്നു എന്ന തരത്തിൽ നോക്കിക്കാണാതെ അവന്റെ അഭിരുചിക്കനുസരിച്ച് ഒരു കാര്യം ചെയ്യുന്നു എന്നു കരുതി കുട്ടിക്ക് ഒപ്പം നിൽക്കുകയാണു വേണ്ടത്. ഒരാൾക്കു നൈസർഗികമായി വരുന്ന വാസനകളെ നമുക്കെങ്ങനെ മാറ്റാനാകും? ആണ് പെണ്ണ് എന്നു തരം തിരിക്കാതെ ഒരാളെ ഒരു വ്യക്തിയായി കണ്ടു വളർത്തുകയാണു വേണ്ടത്.

നമ്മുടെ വീട്ടിൽ വളരുന്ന ആൺകുട്ടി മറ്റൊരു പെൺകുട്ടിയെ ശാരീരികÐമാനസിക ആഘാതം ഏൽപ്പിക്കാതിരിക്കുക എന്നൊരു ദൗത്യം കൂടി മാതാപിതാക്കൾക്കുണ്ട്. കാലം അത് ആവശ്യപ്പെടുന്നുണ്ട്, അതിനനുസരിച്ചു മാതാപിതാക്കൾ അപ്ഡേറ്റഡ് ആകുക അത്യാവശ്യമാണ്.

ശ്യാമ

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. സി. ജെ. ജോൺ
സീനിയര്‍ കൺസൽറ്റന്റ്
സൈക്യാട്രിസ്റ്റ്,
മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം