Thursday 28 December 2023 12:52 PM IST : By സ്വന്തം ലേഖകൻ

‘പെണ്ണുങ്ങളെപ്പോലെ കരയല്ലേടാ...’: ആൺസന്തതിയെ ഉപദേശിക്കുമ്പോൾ ഉള്ളിലേറ്റപ്പെടുന്നത് തെറ്റായ ധാരണ: ലിംഗസമത്വത്തിന്റെ പാഠങ്ങള്‍

familyyyy660

വീട്ടില്‍ തന്നെ തുടങ്ങണം ലിംഗസമത്വത്തിന്റെ പാഠങ്ങള്‍

മാതാപിതാക്കള്‍ ചൊല്ലുകളിലൂടെയും ചെയ്തികളിലൂടെയും കാട്ടുന്ന മാതൃകകളാണ് ലിംഗറോളുകളെക്കുറിച്ചുള്ള ധാരണകള്‍ക്ക് അടിത്തറപാകുന്നത്. നിനക്ക് ഒരു ചുക്കുമറിയില്ലെന്നും പിടക്കോഴി കൂവിയല്‍ നേരം പുലരില്ലെന്നുമൊക്കെ പറഞ്ഞ് അമ്മയെ മകന്റെ മുമ്പില്‍ താഴ്ത്തി പറയുന്ന പിതാവും അതു നിശ്ശബ്ദം കേള്‍ക്കുന്ന മാതാവും വികലമായ സങ്കല്പങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. പെണ്‍ചൊല്ലു കേള്‍ക്കുന്നവന്‍ പെരുവഴിയെന്നതു പോലെയുള്ള സൂക്തങ്ങള്‍ കേട്ടു വളരുന്ന ആണ് സ്ത്രീസമൂഹത്തെ ഒന്നാകെ അങ്ങനെ കാണുന്ന മാനസികാവസ്ഥയിലെത്താനിടയുണ്ട്. പഠിപ്പില്‍ നിന്നും വീടിനു പുറത്തുള്ള അനുഭവങ്ങളിലൂടെയും തിരുത്തലുകള്‍ വന്നില്ലെങ്കില്‍ അയാള്‍ ഇണയുടെ മേല്‍ അധീശത്വം പ്രയോഗിച്ചു കഷ്ടപ്പെടുത്തുന്ന വില്ലനായിമാറും.

ആണ്‍ജോലികളെന്നും പെണ്‍ജോലികളെന്നുമൊക്കെയുള്ള ചട്ടക്കൂടുകള്‍ സൃഷ്ടിക്കുന്നതില്‍ മാതാപിതാക്കള്‍ക്കുള്ള പങ്കു വലുതാണ്. എന്റെ വീട്ടില്‍ എന്നെക്കൊണ്ട് ഉണ്ട പാത്രം പോലും കഴുകിച്ചിട്ടില്ലെന്നും അത് എന്റെ സഹോദരിയോ അമ്മയോ ആണ് ചെയ്തതെന്നും അഭിമാനത്തോടെ പ്രഖ്യാപിക്കുന്നത് ആണ്‍ജോലികളെക്കുറിച്ചുള്ള തെറ്റായ വിചാരങ്ങള്‍ വളര്‍ത്തലില്‍ നിന്നു വേരോടിയതുകൊണ്ടാണ്. ഗാര്‍ഹിക ചുമതലകള്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരും കൂട്ടായി ചെയ്യണം. 

അടുക്കള സ്ത്രീകള്‍ക്കും ടെലിവിഷനു മുമ്പിലെ കസേര പുരുഷനാണെന്നൊക്കെ പതിച്ചുകൊടുക്കാതെയുള്ള ‘ജെന്‍ഡര്‍ ന്യൂട്രല്‍ ഇടനാഴി’ ഗൃഹത്തെ മാറ്റണം. എന്നാലേ എതിര്‍ലിംഗത്തോട് ആദരവോടെ പെരുമാറുന്ന ആണ്‍ബുദ്ധികള്‍ ഉണ്ടാകൂ. പെണ്ണായതു കൊണ്ട് അടങ്ങിഒതുങ്ങി കഴിയുമെന്ന് ആവര്‍ത്തിച്ചുള്ള വര്‍ത്തമാനം കേള്‍ക്കുന്ന ആണ്‍കുട്ടി അവന്‍ കൂടി പങ്കാളിയാകുന്ന കുടുംബത്തിലെ സ്ത്രീജനങ്ങളോടും ഇതല്ലേ പറയൂ? സ്വയം തെളിയിച്ച് പ്രകാശിക്കാന്‍ ശ്രമിക്കുന്ന ഇണയെയും കാമുകിയെയും ഒതുക്കി മൂലയ്ക്ക് ഇരുത്തുവാനല്ലേ ശ്രദ്ധിക്കൂ? മക്കളുടെ മുമ്പില്‍ തുല്യതയുടെ മാതൃകകള്‍ സൃഷ്ടിക്കാനാണ് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്.

പെണ്ണിനെക്കുറിച്ചുള്ള പാഴ് വര്‍ത്തമാനങ്ങള്‍ വേണ്ട

വേറൊരു വീട്ടിലേക്കു കെട്ടിച്ചുവിടുകയും അവിടെ ഒരാണിന്റെ കീഴില്‍ ജീവിക്കേണ്ടവളെന്നുമുള്ള രീതിയില്‍ സഹോദരിയെ ചൂണ്ടി കാണിച്ചു ചെല്ലുന്ന ഉപദേശം ആണ്‍കുട്ടിക്കു നല്‍കുന്ന സന്ദേശമെന്താണെന്ന് ഓര്‍ക്കാറുണ്ടോ? അവന്‍ വിവാഹം കഴിഞ്ഞു കൊണ്ടുവരുന്ന പെണ്ണിനെയും ഇത്തരത്തില്‍ കണക്കാക്കുമെന്ന ചിന്ത കടത്തിവിടുമെന്ന കാര്യത്തില്‍ സംശയമില്ല. ചോദ്യം ചെയ്യപ്പെടാതെയുള്ള ആണ്‍വിധേയത്വമാണ് പെണ്ണിന്റെ ധര്‍മമെന്നു പുരുഷപക്ഷം ചേര്‍ന്നുള്ള സങ്കല്പമാണ് പ്രണയനിയിലും ഇണയിലുമൊക്കെ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രതയിലേക്കു നയിക്കുന്നത്.

അവനൊരു ആണല്ലേയെന്ന വാചകത്തില്‍ തുടങ്ങി ലിംഗഭേദം നോക്കാതെ ശാസിക്കേണ്ട അവന്റെ കുരുത്തക്കേടുകളെ ന്യായീകരിക്കുന്ന വര്‍ത്തമാനങ്ങളും ഒഴിവാക്കണം. പ്രതിസന്ധിയില്‍പെടുമ്പോള്‍ പൊട്ടിക്കരയുന്ന ആണ്‍സന്തതിയോട് പെണ്ണിനെപ്പോലെ കരയല്ലേയെന്നു ശാസിക്കുമ്പോഴും സ്ത്രീ ദുര്‍ബലയാണെന്ന ധാരണ ഉള്ളിലേറ്റപ്പെടുകയാണ്. അവളുടെ മേല്‍ അധികാരി ചമയണമെന്ന സാമൂഹിക പാഠത്തിന്റെ പിന്തുണ കൂടിയാകുമ്പോള്‍ ഇവന്‍ പെണ്ണിനു ദുരിതമേ സമ്മാനിക്കൂ.  

അവള്‍ക്ക് സ്വാതന്ത്ര്യം വേണ്ടെന്ന നിലപാടുകൂടി സ്വീകരിച്ചാല്‍ സ്ത്രീയുടെ ശ്വാസംമുട്ടും. കാമുകിയായാലും ഭാര്യയായാലും ഇതുതന്നെ അവസ്ഥ. വിളിക്കുമ്പോള്‍ ഫോണെടുത്തില്ലെങ്കില്‍ കുറ്റം. ഓൺലൈനിൽ ആരോടൊക്കെയാണ് മിണ്ടിയിരുന്നതെന്ന് ബോധ്യപ്പെടുത്തിയില്ലെങ്കില്‍ കോപം, വിളിച്ചിടത്ത് ഉടന്‍ വന്നില്ലെങ്കില്‍ രോഷം, സ്വാതന്ത്ര്യബോധം കാണിച്ചാല്‍ അസ്വസ്ഥത, എതിര്‍ത്തു പറഞ്ഞാല്‍ ഭരിക്കാന്‍ നോക്കുകയാണെന്നു ചൊല്ലി തല്ലി ഒതുക്കാനുള്ള ശ്രമം–ഇങ്ങനെ പോകും പാക്കേജ്. കാമുകിയാണു ചെയ്യുന്നതെങ്കില്‍ വൈരാഗ്യം തീര്‍ക്കാനായി കുത്താനോ കത്തിക്കാനോ പുറപ്പെടും.

ഈ വക കുഴപ്പങ്ങള്‍ ആണ്‍കുട്ടിക്കു വളര്‍ന്നുവരുമ്പോള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ ആണുങ്ങളും പെണ്ണുങ്ങളുമെന്ന വാക്കുകള്‍ വീടുകളിലെങ്കിലും ഇല്ലാതാക്കേണ്ടിവരും. കായികക്ഷമതയില്‍ വ്യത്യാസങ്ങളുണ്ടെങ്കിലും കഴിവുകളിലും ധനം ഉള്‍പ്പെടെയുള്ള അവകാശങ്ങളിലും തുല്യരെന്ന ധ്വനിവരുന്ന വര്‍ത്തമാനങ്ങള്‍ ഉണ്ടാകേണ്ടിവരും. വീട്ടിലുള്ളതോ പുറത്തുള്ളവരോ ആയ എതിര്‍ലിംഗത്തില്‍പ്പെട്ടവരെ അപമാനിക്കുംവിധത്തിലുള്ള താഴ്ത്തിപറച്ചിലുകള്‍ ആണ്‍കുട്ടികളില്‍ നിന്നുണ്ടായാല്‍ സ്നേഹപൂര്‍വം തിരുത്തണം, ശാസിക്കണം. ആദരവോടെ പെരുമാറണമെന്ന് നിഷ്കര്‍ഷിക്കുകയും വേണം.

ലിംഗനീതിയുടെയും ആണ്‍പെണ്‍ തുല്യതയുടെയും ശൈലികള്‍ വിന്യസിപ്പിച്ച വളര്‍ത്തല്‍രീതികളിലൂടെ വേണം ആണ്‍സ്വഭാവങ്ങള്‍ രൂപപ്പെടേണ്ടത്. പരസ്പരപൂരകമായ സ്ത്രീപുരുഷബന്ധത്തിലൂടെയാണ് നല്ല സമൂഹം ഉണ്ടാകേണ്ടത്.

കടപ്പാട്: ഡോ. സി.ജെ. ജോൺ, മനോരോഗ വിദഗ്ധൻ, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, കൊച്ചി, മനോരമ ആരോഗ്യം 

Tags:
  • Mummy and Me