അമ്മയുടെ ഹൃദയത്തിലാണു കുഞ്ഞു ജനിക്കുന്നത്. കുഞ്ഞിനു നൊന്താൽ അമ്മ മനസ്സുംവേദനിക്കും. അപ്പോൾ ജീവൻ പോലും നിലച്ചു പോകുന്ന രോഗങ്ങൾ വന്നാലോ ? കുട്ടികളിലെ ഹൃദ്രോഗ സാധ്യതകളെ കുറിച്ച് അറിയാം.
ജന്മനാ ഉള്ള ഹൃദയത്തകരാറുകൾ ഏതൊക്കെയാണ് ?
കുട്ടികളിൽ ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളെ കൺജനിറ്റൽ ഹാർട് ഡിഫക്ട് എന്നാണു വിളിക്കുക. ഇതു കൂടി വരുന്നതായി പഠനങ്ങൾ പറയുന്നു. ജനിക്കുന്ന 1000 കുട്ടികളിൽ 8–10 പേർക്കും ഹൃദയത്തകരാർ ഉണ്ടാകാമത്രേ. 120 കുട്ടികളിൽ ഒരാൾക്കു ജന്മനാ ഹൃദയത്തകരാർ ഉണ്ടാകാം.
ഹൃദയ അറകൾ തമ്മിൽ വേർതിരിക്കുന്ന ഭിത്തികളിൽ കാണുന്ന തുളയാണ് ഭൂരിഭാഗവും. മിക്കപ്പോഴും ഇവ തനിയെ അടയുമെങ്കിലും വലിയ തുളകൾ സർജറിയിലൂടെ അടയ്ക്കേണ്ടി വരും. സങ്കീർണതയുള്ള ഹൃദയത്തകരാറുകളും വരാം. ശുദ്ധരക്തവും അശുദ്ധരക്തവും തമ്മിൽ കലരുന്ന സാഹചര്യം അതിലൊന്നാണ്. ആ സാഹചര്യത്തിൽ ഹൃദയത്തിൽ നിന്നു പമ്പ് ചെയ്യുന്ന രക്തത്തിൽ ഓക്സിജന്റെ അളവ് കുറവായിരിക്കും. ഇത് ശരീരമാകെയുള്ള അവയവങ്ങളുടെ പ്രവർത്തനത്തിനു ദോഷകരമാകും. ഹൃദയത്തിലെ ഞരമ്പുകൾ തിരിഞ്ഞു പോകുന്ന അവസ്ഥയും (ട്രാൻസ് പൊസിഷൻ) ഉണ്ട്. ജന്മനായുള്ള ഹൃദയത്തകരാറുകളിൽ ഏതാണ്ടു 10 ശതമാനം മാത്രമാണ് അതിസങ്കീർണ പ്രശ്നങ്ങൾ. ഹൃദയത്തിലെ ഒന്നോ രണ്ടോ അറ ഇല്ലാതിരിക്കുക, വാൽവ് ഇല്ലാതിരിക്കുക ഒക്കെ ഇതിൽ പെടും.
നേരത്തേ കണ്ടുപിടിച്ചില്ലെങ്കിൽ ഉണ്ടാകുന്ന അപകടസാധ്യത എന്തൊക്കെയാണ് ?
നേരത്തേ കണ്ടുപിടിക്കുകയും ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ പ്രധാനമാണ്. കൃത്യസമയത്തു ചികിത്സ തേടിയില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന സങ്കീർണ അവസ്ഥകളാണ് ചിലതെങ്കിലും.
ഹൃദയം പമ്പ് ചെയ്യുന്ന രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്ന ബ്ലൂബേബീസ് എന്ന അവസ്ഥയിൽ ഹൃദയം, തലച്ചോറ് പോലെയുള്ള അവയവങ്ങളുടെ പ്രവർത്തനങ്ങൾക്കു ദോഷമാണ്. തകരാറുകൾ തിരിച്ചറിയപ്പെട്ടില്ല എങ്കിൽ തലച്ചോറ് അടക്കമുള്ള അവയവങ്ങൾക്ക് തകരാർ സംഭവിക്കാനും ചില സാഹചര്യങ്ങളിൽ മരണം സംഭവിക്കാനും വരെ സാധ്യത കൂടുതലാണ്.
ഗർഭാവസ്ഥയിൽ തന്നെ തകരാർ കണ്ടെത്താനാകുമോ ?
രോഗലക്ഷണങ്ങൾ വരും മുൻപുതന്നെ കുഞ്ഞുങ്ങളിലെ രോഗസാധ്യതകൾ കണ്ടെത്താം. ഗർഭത്തിന്റെ മൂന്നാം മാസത്തിലെ സ്കാനിങ് കുട്ടിയുടെ ആകെ ആരോഗ്യം പരിശോധിക്കാനുള്ളതാണ്. അഞ്ചാം മാസത്തിൽ നടത്തുന്ന അനോമലി സ്കാനിൽ കുഞ്ഞിന്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും ശരിയായി രൂപപ്പെട്ടിട്ടുണ്ടോ എന്നതടക്കക്കം പരിശോധിക്കാറുണ്ട്. ഇതിൽ ഹൃദയവും ഉൾപ്പെടും.
അനോമലി സ്കാനിൽ ഹൃദയത്തകരാർ കണ്ടെത്തിയാൽ ഫീറ്റൽ എക്കോ കാർഡിയോഗ്രാഫി നടത്തണം. ഗർഭത്തിന്റെ 18–22 ആഴ്ച കാലയളവിലാണ് ഈ പരിശോധന നടത്തുക. ഹൃദയത്തിന്റെ പ്രവർത്തനം, രൂപം, ഹൃദയമിടിപ്പ് തുടങ്ങിയവയെല്ലാം ഇതിൽ വിശദമായി പരിശോധിക്കും. അറകളും വാൽവുകളും രക്തക്കുഴലുകളുമൊക്കെ ശരിയായി രൂപപ്പെട്ടിട്ടുണ്ടോ എന്നതടക്കം കുട്ടിയുടെ 90 ശതമാനം ഹൃദയതകരാറുകളും കണ്ടുപിടിക്കാനാകും.
ഹൈ റിസ്ക് പ്രഗ്‌നൻസിയിലും കുട്ടിയുടെ ഹൃദയത്തകരാർ പരിശോധിക്കേണ്ടത് പ്രധാനമാണ്. വിദഗ്ധ ഡോക്ടർമാരുടെയോ ടെക്നീഷന്റെയോ മേൻനോട്ടത്തിൽ പ രിശോധന നടത്തുന്നതും പ്രധാനമാണ്. അൾട്രാസൗണ്ട് പരിശോധന പോലെ തന്നെയാണ് ഫീറ്റൽ എക്കോ കാർഡിയോഗ്രാഫിയും. 2000–3000 രൂപയാണു ചെലവ്.
ഫീറ്റൽ എക്കോ കാർഡിയോഗ്രാഫിയിൽ രോഗബാധ കണ്ടെത്തിയാൽ എന്താണ് അടുത്ത ഘട്ടം ?
പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങൾ അച്ഛനെയും അമ്മയെയും പറഞ്ഞു മനസ്സിലാക്കുന്ന ഘട്ടമാണ് പ്രധാനം. പ്രശ്നങ്ങളും പ്രതിവിധികളും ചികിത്സയും ഫലപ്രാപ്തി എത്രത്തോളമുണ്ടെന്നും ലളിതമായി പറയും.
ജനനശേഷം കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുള്ള പ്രശ്നങ്ങളുടെ സങ്കീർണാവസ്ഥ നിസ്സാരമല്ല. ചില സാഹചര്യങ്ങളിൽ ഗർഭസ്ഥശിശുവിന്റെ ഹൃദയത്തിൽ ഇടത് അറ ഉണ്ടാകില്ല. ഇതു സർജറിയിലൂടെ പരിഹരിക്കാനാകാത്ത പ്രശ്നമാണ്. ഇത്തരം സാഹചര്യങ്ങളിലും ഹൃദയത്തകരാറിനൊപ്പം ജനിതക വൈകല്യങ്ങൾ കൂടിയുണ്ടെങ്കിലും ഗർഭം തുടരണോ എന്നു രക്ഷിതാക്കൾക്കു തീരുമാനിക്കാം.
ശസ്ത്രക്രിയിലൂടെ പരിഹരിക്കാവുന്ന രോഗാവസ്ഥകളിൽ ഗർഭം തുടരാം. നവജാത ശിശുക്കളിലെ ഹൃദയ ശസ്ത്രക്രിയാ സൗകര്യമുള്ള ആശുപത്രിയിലേക്കു പ്രസവം മാറ്റുന്നതാകും അഭികാമ്യം. കുട്ടി ജനിച്ച് മണിക്കൂറുക ൾക്കുള്ളിൽ ഹൃദയശസ്ത്രക്രിയ നടത്താനാണിത്. പ്ലാൻഡ് പെരിനേറ്റൽ കെയർ എന്നറിയപ്പെടുന്ന ഈ ഘട്ടത്തിലൂടെ കുഞ്ഞു ജനിക്കും മുൻപേ അസുഖവും ചികിത്സയുമൊക്കെ നിർണയിക്കാനാകുമെന്നതാണു ഗുണം.
രോഗം കണ്ടെത്തിയാൽ ഗർഭാവസ്ഥയിൽ വച്ചു ചികിത്സ ന ടത്താവുന്ന ഘട്ടങ്ങളുണ്ടോ ?
ഹൃദയമിടിപ്പിലെ താളപ്പിഴകൾ പോലുള്ള പ്രശ്നങ്ങൾ ഗ ർഭാവസ്ഥയിൽ തന്നെ ചികിത്സിക്കാം. അമ്മയ്ക്കു നൽകുന്ന മരുന്നുകളിലൂടെ ചിലതു പരിഹരിക്കപ്പെടും. ചില ഘട്ടങ്ങളിൽ ഗർഭസ്ഥ ശിശുവിന് ഇൻജക്‌ഷനും വേണ്ടി വരും. ചുരുങ്ങിയ ഹൃദയവാൽവ് ഗർഭാവസ്ഥയിൽ വച്ചു തന്നെ വികസിപ്പിക്കാനുമാകും.

കുട്ടികളിലെ മറ്റു ഹൃദയത്തകരാറുകൾ എന്തൊക്കെയാണ് ?
ഹൃദയവാൽവിനെ ബാധിക്കുന്ന റുമാറ്റിക് ഫീവറും രക്തധമനിയെ ബാധിക്കുന്ന കാവാസാക്കി ഡിസീസും കുട്ടികളിലെ മറ്റു ഹൃദയ തകരാറുകളാണ്. അഞ്ച് – പതിനഞ്ച് വയസ്സ് പ്രായമുള്ള കുട്ടികളിലാണ് റുമാറ്റിക് ഹാർട് ഡിസീസിനു സാധ്യത കൂടുതൽ. ഒരുതരം അണുബാധയാണിത്.
ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന പ്രധാന രക്തധമനിയെ ബാധിക്കുന്ന കാവാസാക്കി ഡിസീസ് ഒന്ന്– അഞ്ച് വയസ്സിലാണു വരുന്നത്. സാധാരണ വൈറൽ ഫീവർ പോലെയുള്ള ലക്ഷണങ്ങളാണ് പ്രകടമാകുക. കടുത്ത പനി, കണ്ണിലെ ചുവപ്പ്, മുഖത്തും വായ്ക്കു ചുറ്റും റാഷസ് എന്നിവ ഉണ്ടാകും. രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവു കൂടും. വിദഗ്ധ പീഡിയാട്രീഷന് ഈ ലക്ഷണങ്ങൾ കൊണ്ടു രോഗബാധ തിരിച്ചറിയാനാകും. ഹൃദയത്തിന്റെ ഭിത്തികളുടെ കട്ടി കൂടിയോ കുറഞ്ഞോ വരുന്ന അവസ്ഥകളും കുട്ടികളിലെ മാരകമായ ഹൃദ്രോഗങ്ങളിൽ അപൂർവമായി പെടും.
കുട്ടികളിലെ ഹൃദ്രോഗപ്രശ്നങ്ങൾ തിരിച്ചറിയുന്നതെങ്ങനെ?
ശ്വാസതടസ്സം, കളിക്കുന്നതിനിടയിലും മറ്റും ശ്വാസമെടുക്കാനാകാത്ത അവസ്ഥ, വേഗം തളർന്നു പോകുക, വളർച്ചക്കുറവ്, വളർച്ച മുരടിച്ചതു പോലുള്ള അവസ്ഥ, ശക്തമായ ഹൃദയമിടിപ്പ് എന്നിവയൊക്കെ കരുതലെടുക്കേണ്ട ലക്ഷണങ്ങളാണ്. ശരീരത്തിലെ ഓക്സിജൻ ലെവൽ കുറയുന്നത് രണ്ടു രീതിയിലാണ്. വളരെ പെട്ടെന്നു ശരീരത്തിലെ ഓക്സിജൻ ലെവൽ വലിയ തോതിൽ കുറയുമ്പോൾ തലച്ചോറും കിഡ്നിയുമടക്കമുള്ള സുപ്രധാന അവയവങ്ങളുടെ പ്രവർത്തനം താറുമാറാകാം.
ദീർഘകാലം ലക്ഷണങ്ങൾ പ്രകടമാകുന്ന ഘട്ടവുമുണ്ട്. രക്തത്തിൽ പൂർണതോതിലല്ലാതെ ഓക്സിജൻ സ പ്ലൈ നടക്കുകയും (70– 75ശതമാനം) പതിയെപ്പതിയെ മറ്റു ലക്ഷണങ്ങൾ പ്രകടമാകുകയും ചെയ്യും. വളർച്ചാ ഘട്ടങ്ങളെ ബാധിക്കുകയോ തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ ഏറ്റക്കുറച്ചിലുണ്ടാകുകയോ ഒക്കെയാണ് ലക്ഷണങ്ങൾ. കരൾ പോലയുള്ള അവയവങ്ങളെയും ബാധിക്കാം.
ജനിതക ഘടകങ്ങൾ ഹൃദ്രോഗ കാരണമാകുമോ ?
കുട്ടികളിലെ ഹൃദ്രോഗങ്ങളിൽ 30 ശതമാനവും ജനിതക കാരണങ്ങൾ കൊണ്ടുണ്ടാകുന്നവയാണ്. അമ്മയുടെ ഡയബറ്റിസും അമിതവണ്ണവും പുകവലിയും ചില മരുന്നുകളുടെ ഉപയോഗവും ചില രോഗബാധകളും കുഞ്ഞിനു ഹൃദ്രോഗസാധ്യത കൂട്ടുന്ന ഹൈ റിസ്ക് ഘടകങ്ങളാണ്. ഭാര്യ ഗർഭിണിയായിരിക്കുന്ന ഘട്ടത്തിൽ ഭർത്താവ് അടക്കമുള്ളവരുടെ പുകവലി അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ദോഷമായി ബാധിക്കും.
ഹൃദയ ശസ്ത്രക്രിയക്കു ശേഷം കുട്ടികൾക്ക് ഓടിക്കളിക്കാനും മറ്റും പറ്റുമോ ?
ഹൃദയ ശസ്ത്രക്രിയക്കു ശേഷം കൃത്യമായ വിശ്രമം പ്രധാനമാണ്. ഡോക്ടർ പറയുന്നയത്രയും കാലം വിശ്രമിക്കേണ്ടി വരും. അതിനു ശേഷം മറ്റു കുട്ടികളെ പോലെ പഠിക്കാനും കളിക്കാനുമൊക്കെ സാധിക്കും. നിർദേശിക്കുന്ന കാലത്തോളം മരുന്നുകൾ മുടക്കാതെ കഴിക്കണം.
ഹൃദയ ചികിത്സയ്ക്കു സാമ്പത്തിക സഹായം ലഭ്യമാണോ ?
കേരള സർക്കാരിന്റെ ഹൃദ്യം പദ്ധതി വഴി ഹൃദ്രോഗ ചികിത്സയ്ക്ക് സഹായം ലഭിക്കും. സർക്കാർ ആശുപത്രികളിലെയും സ്വകാര്യ ആശുപത്രികളിലെയും ചികിത്സയ്ക്ക് ഈ സ്കീം വഴി സഹായം ലഭ്യമാണ്. ചില ഇൻഷുറൻസ് കമ്പനികളും എൻജിഓകളും സഹായം നൽകുന്നുമുണ്ട്.
ജനിച്ചയുടനെ തന്നെ കുട്ടിയുടെ രക്തത്തിലെ ഓക്സിജൻ ലെവൽ പരിശോധിക്കാനാകുമോ?
ജനിച്ചയുടനെ തന്നെ പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജന്റെ ലെവൽ പരിശോധിക്കാനാകും. ഓക്സിജന്റെ അളവു കുറഞ്ഞാൽ ഹാർട് ഫെയിലിയർ സംശയിക്കാം. ഹൃദയഭിത്തിയിലെ തുള മൂലം ശ്വാസകോശത്തിലേക്കു കൂടുതലായി രക്തം ഒഴുകുന്നതിനു സാധ്യതയുണ്ട്. ഹൃദയത്തിന്റെ ആ കെ ആരോഗ്യം മോശമാക്കുന്ന അവസ്ഥയാണിത്. പാലൂട്ടുമ്പോൾ തുടർച്ചയായി കുടിക്കാനാകാതെ കുഞ്ഞു തളർന്നു പോകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം.
ശരീരത്തിലാകെ ഓക്സിജൻ അളവു കുറയുമ്പോ ൾ കുട്ടിയുടെ ശരീരത്തിൽ നീലനിറം പടരാം. കരയുമ്പോഴും മറ്റും ശരീരം കറുത്തു നീലിക്കും (ബ്ലൂ ബേബീസ്) ഓക്സിജൻ ലെവൽ തീരെ കുറഞ്ഞ് അപസ്മാരം പോലെയും വരാം. ഇതൊക്കെ ഗുരുതര ഘട്ടമായതിനാൽ വേഗം ആശുപത്രിയിലെത്തിക്കണം.
ഹാർട് സ്പെഷൽ വിഭാഗം തയാറാക്കിയത്:
രൂപാ ദയാബ്ജി