ADVERTISEMENT

പതിനഞ്ച് വർഷം മുന്‍പ് മരിച്ച പിതാവിന്റെ ബന്ധുക്കളെ തേടി തമിഴ്നാട് സ്വദേശി മലപ്പുറം പെരിന്തൽമണ്ണിലെത്തി. പന്ത്രണ്ടാം വയസിൽ നാടുവിട്ട് തിരുച്ചിറപ്പള്ളിയിലെത്തിയ കൃഷ്ണന്റെ മകനാണ് പെരിന്തൽമണ്ണിലെത്തിയത്. അച്ഛൻ പറഞ്ഞ സൂചനകൾ വച്ച് തിരഞ്ഞെങ്കിലും ആരെയും കണ്ടെത്താനാകാതെ മടങ്ങേണ്ടി വന്നു.

പിതാവിന്റെ കുടുംബവേര് തേടിയാണ് തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി ഗണേഷൻ പെരിന്തൽമണ്ണയിലെത്തിയത്. അച്ഛൻ കൃഷ്ണൻ 12 വയസിൽ പെരിന്തൽമണ്ണയിൽ നിന്നാണ് തിരുച്ചിറപ്പള്ളിയിലെത്തിയത്. ഹോട്ടലിൽ ജോലിയെടുത്തും വിവാഹം കഴിച്ചും അവിടെ തന്നെ ജീവിച്ചു. പതിനഞ്ച് വർഷം മുന്‍പ് മരിച്ചു. അച്ഛന്റെ സഹോദരങ്ങളെ കണ്ടെത്താൻ കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിലെത്തിയെങ്കിലും കണ്ടെത്താനായില്ല. സുഹൃത്തിനൊപ്പം കഴിഞ്ഞ ദിവസം പുലർച്ചയാണ് ഗണേഷൻ പെരിന്തൽമണ്ണയിലെത്തിയത്.

ADVERTISEMENT

അമ്മയും സഹോദരനും ഭാര്യയും രണ്ട് മക്കളുമാണ് നാട്ടിലുള്ളത്. അച്ഛൻ കൃഷ്ണന് മൂന്നു സഹോദരിമാരും ആറ് സഹോദരന്മാരുമുണ്ട്. എല്ലാവരും പെരിന്തൽമണ്ണയിലും പരിസര പ്രദേശങ്ങളിലുമുണ്ട് എന്നാണറിഞ്ഞത്. കുടുംബാംഗങ്ങളെ കണ്ടെത്തണം, നഷ്ടപ്പെട്ട ബന്ധം തിരികെ പിടിക്കണം അതായിരുന്നു വരവിന്‍റെ ഉദ്ദേശം. പക്ഷെ, വിഫലം. വാർത്തയിൽ അച്ഛന്റെ ചിത്രം കണ്ട് തിരിച്ചറിഞ്ഞാൽ ഉടൻ കണ്ടെത്താനാകുമെന്ന് പ്രതീക്ഷയുണ്ട് ഗണേഷന്.

ADVERTISEMENT
ADVERTISEMENT