Friday 17 March 2023 03:52 PM IST

‘കൗതുകം കൊണ്ടുമാത്രം ഫോട്ടോയെടുക്കാൻ വിളിച്ചവരുണ്ട്, ചിലർ കമന്റടിച്ചു, ചിലർ പ്രേമലേഖനം കൊടുത്തു’; 42 വർഷമായി പ്രഫഷനൽ ഫൊട്ടോഗ്രഫി രംഗത്തുള്ള സുഭദ്രാമണിയുടെ കഥ

V R Jyothish

Chief Sub Editor

_REE2232_1 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

‘മഹേഷേ.....ഫൊട്ടോഗ്രഫി പഠിപ്പിക്കാൻ പറ്റില്ലെടാ..... പക്ഷേ പഠിക്കാൻ പറ്റും....’

ഇടുക്കി ‘പ്രകാശ് സിറ്റി’ യിലെ ‘ഭാവനാച്ചായൻ’ മകൻ മഹേഷിന് ഈ പാഠം പറഞ്ഞുകൊടുക്കുന്നതിന് പതിറ്റാണ്ടുകൾക്കു മുമ്പ്, ചിത്രകലാധ്യാപകനും ഫോട്ടോഗ്രഫറുമായ ജയമോഹൻ ഭാര്യ സുഭദ്രാമണിയോടു പറഞ്ഞു;

‘ഫൊട്ടോഗ്രഫി പഠിപ്പിക്കാൻ പറ്റില്ല സുഭദ്രേ.... പക്ഷേ, നീ ശ്രമിച്ചാൽ പഠിക്കാൻ പറ്റും.’

അങ്ങനെ സുഭദ്ര ഫൊട്ടോഗ്രഫി പഠിക്കാൻ ശ്രമിച്ചു. ഫോട്ടോഗ്രഫറായി. നാൽപ്പത്തിരണ്ടുവർഷം ക്യാമറയും തൂക്കി നടന്ന് സുഭദ്രാമണി ചരിത്രത്തിലേക്കു ക്ലിക്ക് െചയ്തു. അമ്പലപ്പുഴയ്ക്കടുത്ത് തോട്ടപ്പള്ളിയിൽ ‘ചിത്രാലയം’ എന്നു പേരുള്ള വീട്ടിലിരുന്ന് ആ കഥകൾ പറയുമ്പോൾ സുഭദ്രാമണിക്ക് െതല്ലഭിമാനമുണ്ട്; ഇന്ന് തന്റെ മകൾ ഉൾപ്പെടെ പല പെൺകുട്ടികളും പ്രഫഷനൽ ഫൊട്ടോഗ്രഫി ചെയ്യുന്നു. ആ വരിയുെട മുന്നിൽ നിൽക്കാൻ കഴിഞ്ഞതിലുള്ള അഭിമാനം.

ചെങ്ങന്നൂരിനടുത്ത്  ബുധനൂരിൽ അന്ന് സ്റ്റുഡിയോ ഉണ്ടായിരുന്നില്ല. ക്യാമറ കഴുത്തിൽ തൂക്കി നിൽക്കുന്ന ഒരു ഫോട്ടോഗ്രഫറെ സുഭദ്ര ആദ്യമായി കാണുന്നതും തന്റെ കല്യാണദിവസമാണ്. നവവധുവായി ഒരുങ്ങിനിന്ന ആ പത്താംക്ലാസ്സുകാരി നാണം കൊണ്ടു ചുവന്നത് ക്യാമറയുടെ ഫ്ലാഷ് മുഖത്തു മിന്നിയപ്പോൾ മാത്രം.

കർഷകകുടുംബത്തിലാണ് സുഭദ്രയുടെ ജനനം. അച്ഛൻ കേശവനും അമ്മ കൊച്ചുപെണ്ണും. വയലാർ രാമവർമ്മ മെമ്മോറിയൽ യു. പി. സ്കൂളിലെ ചിത്രകലാ അധ്യാപകനും  ഫോട്ടോഗ്രഫറുമായ ജയമോ ഹൻ സുഭദ്രയുടെ കഴുത്തിൽ മിന്നു കെട്ടുന്നത്1976ൽ ആണ്. സുഭദ്ര അന്ന് പത്താംക്ലാസ് പാസ്സായിട്ടില്ല.

ജയമോഹൻ ചിത്രകാരൻ കൂടി ആയതുകൊണ്ട് ചേർത്തല ഭാരത്, തിരുവല്ല രവി, ഹരിപ്പാട് ഭാസി, ശാന്തി ഇങ്ങനെ ചുറ്റിലുമുള്ള പ്രധാനപ്പെട്ട സ്റ്റുഡിയോകളിൽ നിന്നെല്ലാം ഫോട്ടോ മിനുക്കാൻ കൊണ്ടുവരും. പൂക്കളും ഇലകളും നിലവിളക്കുമൊക്കെ വരച്ചു ചേർത്ത് ജയമോഹൻ ആ ഫോട്ടോ മനോഹരമാക്കും. ഇതിനൊപ്പം തന്നെ ജയമോഹന് സ്റ്റുഡിയോയും ക്യാമറയും ഉണ്ടായിരുന്നു. വീട്ടിലെ ഒരു മുറി സ്റ്റുഡിയോയ്ക്കു വേണ്ടി ഡാർക് റൂം ആക്കി മാറ്റിയിരുന്നു. ആ ഇരുണ്ടമുറിയിൽ വച്ചാണ് ജീവൻ തുളുമ്പുന്ന ബ്ലാക് ആൻഡ് ൈവറ്റ് ഫോട്ടോകൾ സുഭദ്രാമണിയെ അദ്ഭുതപ്പെടുത്തിയത്. ഫോട്ടോഗ്രഫി പഠിക്കണമെന്ന് സുഭദ്രാമണി തീരുമാനിച്ചതും അവിടെ വച്ചാണ്.

സ്വന്തം സ്റ്റുഡിയോ

ജയമോഹന്റെ സഹായിയായി കൂടിയ സുഭദ്ര ക്രമേണ ഫിലിം പ്രോസസ് ചെയ്യാൻ പഠിച്ചു. ചുവന്ന വെട്ടത്തിൽ ഹൈപ്പോ ലായനിയിൽ മുക്കിയ ഫിലിമിൽ നിന്ന് ചിത്രങ്ങൾ തെളിഞ്ഞുവരുന്നത് അദ്‍ഭുതത്തോടെ നോക്കി നിന്നു. ‘‘അങ്ങനെയങ്ങനെ സ്വന്തമായി സ്റ്റുഡിയോ നടത്താം എന്നൊരു ആത്മവിശ്വാസം തോന്നി. ആലപ്പുഴ വാഗ്വേശ്വരി ക്യാമറാസ് എന്ന കടയിൽ നിന്ന് 124–ജി എന്ന ക്യാമറ വാങ്ങിയായിരുന്നു ‌തുടക്കം.’’ സുഭദ്ര പറയുന്നു. അങ്ങനെ തോട്ടപ്പള്ളി സ്പിൽവേയ്ക്ക് അടുത്ത് 1980–ൽ സന്ധ്യ സ്റ്റുഡിയോ തുറന്നു. സ്റ്റുഡിയോയിൽ വന്ന് ഫോട്ടോ എടുക്കുന്ന ഇൻഡോർ രീതിയിലാണ് സുഭദ്ര ആദ്യം കുറേക്കാലം ജോലി ചെയ്തത്. പിന്നീട് ഓട്ട് ഡോർ ഷൂട്ടിനുവേണ്ടി സ്റ്റുഡിയോയ്ക്കു പുറത്തിറങ്ങി.

ഫോട്ടോഗ്രഫറെ വീട്ടിൽ വരുത്തിയാണ് പണ്ട് കുടുംബ ഫോട്ടോ എടുപ്പിച്ചിരുന്നത്.അച്ഛനും അമ്മയും മക്കളും മരുമക്കളും കുഞ്ഞുങ്ങളുമെല്ലാമായി ഒരു കുടുംബഫോട്ടോ. ൈവകുന്നേരം നാലുമണിക്ക് ശേഷമാണ് ഫോട്ടോഗ്രഫർ വീട്ടിലെത്തുന്നത്. മിക്കവാറും വീടിന്റെ മുറ്റത്തായിരിക്കും ഈ ഗ്രൂപ്പ് ഫോട്ടോയ്ക്ക് കുടുംബാംഗങ്ങൾ നിരന്നിരിക്കുന്നത്. ഫോട്ടോയിൽ വീടും കൂടി കാണാൻവേണ്ടിയിട്ടാണ് മുറ്റം ലൊക്കേഷനാക്കുന്നത്. അങ്ങനെ എത്രയോ കുടുംബങ്ങളെ സുഭദ്രാമണി ചിത്രത്തിലാക്കിയിരിക്കുന്നു. ഫോട്ടോ എടുത്തുകഴിഞ്ഞാൽ ഫോട്ടോഗ്രാഫർക്ക് വീട്ടുകാരുടെ വക ചായ സൽക്കാരമുണ്ടാവും.

‘‘മനസ്സിനെ സ്പർശിക്കുന്നത് മരണവീടുകളിലെ ഫോട്ടോയെടുപ്പാണ്. ‘ആദ്യമാദ്യം വലിയ സങ്കടമായിരുന്നു. പിന്നെപ്പിന്നെ അത് ശീലമായി.’ മരണവീടുകളിലെ ഫോട്ടോ മാത്രമല്ല റോ‍ഡപകടം, കൊലപാതകം, ആത്മഹത്യ....അങ്ങനെ ആയിരക്കണക്കിന് ജീവനില്ലാത്ത മനുഷ്യരെയും സുഭദ്രാമണി തന്റെ ക്യാമറയിലൂടെ ഒപ്പിയെടുത്തു.

_REE2220

സ്റ്റുഡിയോയിലേയ്ക്ക് മധുവുധു യാത്ര

അന്നൊക്കെ വിവാഹം കഴിഞ്ഞ് മധുവിധുയാത്രകളിലൊന്ന് സ്റ്റുഡിയോയിലേക്കായിരിക്കും. നവവരനും വധുവും ചേർന്നൊരു ഫോട്ടോ. ‘തളത്തിൽ ദിനേശന്റെയും ഭാര്യ ശോഭയുടെയും ഫോട്ടോ’ ഏതു മലയാളിയാണു മറക്കുന്നത്. കറുത്ത തുണി കൊണ്ട് മൂടി ഫോട്ടോഗ്രഫർ ഷട്ടർ തുറന്ന് അടയ്ക്കുന്ന 124ജി ക്യാമറയിൽ ഫോട്ടോയുടെ അത്രയും വലുപ്പമുള്ള ഫിലിമിൽ പകർത്തുന്ന ബ്ലാക് ആന്റ് ൈവറ്റ് ചിത്രം. പലരുടേയും ഏക വിവാഹ ഫോട്ടോയും അതായിരുന്നു.

പിന്നീട്  ഫോട്ടോഗ്രഫർ കല്യാണസ്ഥലത്തു വരാൻ തുടങ്ങി. ആദ്യമാദ്യം പന്ത്രണ്ടുപടം കല്യാണങ്ങളായിരുന്നു. ആകെ പന്ത്രണ്ടു പടങ്ങൾ പിന്നീടത് 24 പടമായി. തുടർന്ന് അമ്പതും നൂറുമായി. നൂറുപടം കല്യാണങ്ങൾ അപൂർവവും ആഡംബരങ്ങളുമായിരുന്നു ഒരു ഘട്ടം വരെ.

മിക്കവാറും കല്യാണങ്ങൾക്ക് ഒരു ഫോട്ടോഗ്രഫറേ കാണൂ. വലിയ ടെൻഷനാണത്. എങ്ങാനും ക്യാമറ പണി മുടക്കിയാൽ വീണ്ടും ഒന്നുകൂടി താലി കെട്ടണമെന്ന് പറയാൻ പറ്റില്ലല്ലോ? ‘മിക്ക കല്യാണങ്ങൾക്കും പൂജാരിയോ പുരോഹിതനോ ഉണ്ടാവും. അവരുമായി ഒരു അഡ്ജസ്റ്റുമെന്റിൽ എത്തും. അങ്ങനെയൊക്കെയാണു ഞങ്ങൾ രക്ഷപ്പെടുന്നത്.’ സുഭദ്രാമണി പറയുന്നു.

അന്ന് കല്യാണചെറുക്കനും പെണ്ണിനും ഒപ്പം കാറിൽ യാത്ര ചെയ്യാൻ അനുവാദമുണ്ടായിരുന്നത് ഫൊട്ടോഗ്രഫർക്കു മാത്രം. പിന്നീട് ഫോട്ടോഗ്രഫർക്കു മാത്രമായി ഒരു കാർ വിട്ടുകൊടുക്കും. രണ്ട് പ്രൈവറ്റ് ബസും രണ്ടു കാറും. അതിലൊരു കാറിൽ വധൂവരന്മാരും അടുത്ത കാറിൽ ഫോട്ടോഗ്രാഫറും. അതായിരുന്നു രീതി.

കല്യാണപ്പെണ്ണ് മണ്ഡപത്തിലേക്കു കയറുമ്പോഴാണ് പുതിയ ഫിലിം റോൾ കാമറയിൽ ലോ‍ഡ് ചെയ്യുന്നത്. ഷട്ടർ തുറന്ന് അടയ്ക്കുന്ന പഴയ ഒറ്റഫിലിം ക്യാമറയിൽ നിന്ന് പതിനായിരം പടങ്ങളെടുക്കുന്ന ഡിജിറ്റൽ ക്യാമറയിലേക്ക് ഫോട്ടോഗ്രഫി മാറി. ‘എങ്കിലും പഴയ ബ്ലാക് ആന്റ് ൈവറ്റ് ആ ചിത്രങ്ങളുടെ മിഴിവ് പുതിയ ചിത്രങ്ങൾക്കു കിട്ടുന്നുണ്ടോ?’ സുഭദ്രാമണി ചോദിക്കുന്നു.

‘‘ഇൻസ്റ്റഗ്രാം ട്രെൻഡുകൾ അന്വേഷിച്ചാണ് ഇപ്പോൾ ആൾക്കാർ എത്തുന്നത്. ഹൽദി, മെഹന്ദി, പോലെയുള്ള ഉത്തരേന്ത്യൻ ആഘോഷങ്ങളും സേവ് ദ് ഡേറ്റ് ഫോട്ടോഷൂട്ടും െചയ്യുന്നുണ്ട്. പുതിയ ട്രെൻഡിൽ മക്കളോടൊപ്പം പിടിച്ചുനിൽക്കാനുള്ള ശ്രമം.’’ സുഭദ്രാമണി ചിരിക്കുന്നു.

‘‘ഇന്ന് ഒരു കല്യാണത്തിനു തന്നെ മൂന്നും നാലും ഫോട്ടോഗ്രാഫർമാർ ഉണ്ടാവും. ആരുടെയെങ്കിലും ക്യാമറ പണി മുടക്കിയാൽ പരസ്പരം പടം കൊടുത്തു സഹായിക്കും. അതുകൊണ്ട് ഇപ്പോൾ പഴയതുപോലെ ടെൻഷനില്ല. ’’

ജയമോഹൻ സുഭദ്രാമണി ദമ്പതികൾക്ക് രണ്ടുമക്കൾ സന്ധ്യയും സജിയും. അമ്മയുടെ വഴിയേ തന്നെയാണു രണ്ടുമക്കളും. കരുവാറ്റ കന്നുകാലി പാലത്തിനു സമീപം സന്ധ്യാ സ്റ്റുഡിയോ നടത്തുകയാണ് സന്ധ്യ. സന്ധ്യയുടെ മൂത്തമകൾ നവ്യ ഡിഗ്രി വിദ്യാർഥിനി. പ്ലസ് വൺകാരനായ നവിൻ ഇളയ മകൻ. രണ്ടുപേരും ഫോട്ടോഗ്രഫർമാരാണ്. നീർക്കുന്നം ടി. ഡി. എൽ. പി. സ്കൂളിൽ ഹെഡ്മാസ്റ്ററാണ് സന്ധ്യയുടെ ഭർത്താവ് രാജു. സജിക്കും രണ്ടുമക്കൾ. ശ്രീപാർവതിയും നിഹാലും. ആലപ്പുഴ മോഡൽ ഹൈസ്ക്കൂളിലെ അധ്യാപിക രേഷ്മയാണു സജിയുടെ ഭാര്യ. സ്കൂളിൽ അധ്യാപികയായി ജോലി കിട്ടുന്നതിനു മുമ്പ് രേഷ്മയും ഫോട്ടോഗ്രഫറായിരുന്നു.

ഹോബിയായല്ല സുഭദ്രാമണി ഈ ജോലിക്ക് ഇറങ്ങിയത്. കുടുംബത്തിന് ഒരു സഹായമാകാനാണ്. 42 വർഷം മുമ്പ് ക്യാമറയും തൂക്കി പുരുഷന്മാർ മാത്രം ജോലി ചെയ്തിരുന്ന ഒരിടത്തേക്ക് പോയപ്പോൾ ആശങ്ക മാത്രമായിരുന്നു .

ആദ്യകാലത്ത് അദ്ഭുതത്തോടെയും കൗതുകത്തോടെയുമാണ് പലരും നോക്കിയത്. കൗതുകം കൊണ്ടുമാത്രം ഫോട്ടോയെടുക്കാൻ വിളിച്ചവരുണ്ട്. ചിലർ കമന്റടിച്ചു. ചിലർ പ്രേമലേഖനം കൊടുത്തു. വിവാഹം കഴിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചവരും കുറവല്ല. അവരോടെല്ലാം പറഞ്ഞത് ഒന്നു മാത്രം ‘ഭർത്താവും രണ്ടുമക്കളുമുണ്ട്. അവരെക്കൂടി ഏറ്റെടുക്കണം.’

ഇന്നോളം ആയിരക്കണക്കിനു ആൾക്കാെര തന്റെ ഫ്രെയിമിൽ ഒതുക്കിയിട്ടുണ്ട്  സുഭദ്രാമണി. നാട്ടിലെ പെൺകുട്ടികൾക്ക് ഒരു വിശ്വാസമുണ്ട് ‘ചേച്ചി ഫോട്ടോയെടുത്താൽ നന്നാകും’.

 ‘‘ഒരു സ്ത്രീയായതുകൊണ്ട് എന്നോട് കൂടുതൽ സ്വാതന്ത്ര്യമെടുക്കാം. കുറച്ചുകൂടി നന്നായി കമ്യൂണിക്കേറ്റ് ചെയ്യാം. അതിന്റെ ഗുണം ഫോട്ടോയിൽ ഉണ്ടാവും.’’ ഇടയ്ക്ക് ഒരു കാര്യം കൂടി പ്രത്യേകം എഴുതണമെന്ന് സുഭദ്രാമണി. ‘‘ഞാൻ പത്താംക്ലാസ് പരീക്ഷ പാസ്സായി കേട്ടോ. ആദ്യ പരീക്ഷ തോറ്റതിന് പത്തുവർഷം കഴിഞ്ഞ്.’’ ഈ ആത്മവിശ്വാസമാണ് 42 വർഷമായി സുഭദ്രാമണിയുടെ കൈമുതൽ.

പാസ്പോർട്ട് സൈസ് ഫോട്ടോ എടുക്കാൻ സ്റ്റുഡിയോയിൽ പോകുമ്പോൾ ഫോട്ടോഗ്രഫർ സ്ഥിരം പറയുന്ന ഡയലോഗുണ്ട്.  അത് ഒാർമിപ്പിക്കും പോലെ സുഭദ്രാമണി പറഞ്ഞു; ‘‘നമുക്ക് എടുക്കാം.

ലെൻസിലേക്കു നോക്കു... ചിൻ അപ്പ്, ഷോൾഡർ ഡൗൺ, ചിൻ ഡൗൺ, പൊടിക്ക്.... ഐസ് ഓപ്പൺ,

റെഡി...........’’

Tags:
  • Spotlight
  • Motivational Story