Thursday 12 September 2024 10:26 AM IST : By സ്വന്തം ലേഖകൻ

‘കൊടുക്കാനുള്ളത് ഞങ്ങൾ കൊടുത്തു, ഇടിച്ചു ശരിയാക്കിയിട്ടുണ്ട്, 90 ദിവസത്തിനപ്പുറം ഇയാൾ ജീവിക്കില്ല’, എസ്ഐ പറഞ്ഞു: മര്‍ദ്ദനമേറ്റ യുവാവിന്റെ ഭാര്യ

gopika-police

‘‘കൊടുക്കാനുള്ളത് ഞങ്ങൾ കൊടുത്തു. ഇടിച്ചു ശരിയാക്കിയിട്ടുണ്ട്. 90 ദിവസത്തിനപ്പുറം ഇയാൾ ജീവിക്കില്ല, ദിവസം എണ്ണിക്കോളൂ...’’– പൊലീസുകാരന്റെ വാഹനത്തിന് സൈഡ് നൽകുന്നതിലെ തർക്കത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത ബാർ ഹോട്ടൽ ജീവനക്കാരൻ കൊട്ടാരക്കര പള്ളിക്കൽ ഗിരീഷ്ഭവനത്തിൽ ജി. ഹരീഷ്കുമാറിനെ(37)കാണാൻ പൊലീസ് സ്റ്റേഷനിലെത്തിയ തന്നോട് എസ്ഐ ഇങ്ങനെയാണ് പറഞ്ഞതെന്ന് ഭാര്യ ഗോപിക. 

ഭാര്യയും കുഞ്ഞുമായി കാറിൽ പോകുമ്പോഴാണ് ഭർത്താവും പൊലീസുകാരനും തമ്മിൽ വഴക്ക് ഉണ്ടാകുന്നത്. തർക്കത്തിനൊടുവിൽ ഇരുവരും പരസ്പരം ഷർട്ടിന്റെ കോളറിൽ പിടിച്ചു. മഫ്തിയിലായിരുന്നതിനാൽ പൊലീസുകാരനാണെന്ന് മനസ്സിലായില്ല. സംഭവത്തിന് ശേഷം കുഞ്ഞിനെയും തന്നെയും സമീപത്തെ ഹോട്ടലിൽ ചായ കുടിക്കാനിരുത്തിയ ശേഷം ഭർത്താവ് ജോലി ചെയ്യുന്ന ബാർ ഹോട്ടലിലേക്ക് പോയി. സുഹൃത്തിന്റെ കയ്യിൽ നിന്നും പൈസ വാങ്ങാനാണ് പോയത്. രണ്ടര മണിക്കൂർ കഴിഞ്ഞിട്ടും തിരികെ എത്തിയില്ല. 

അന്വേഷിച്ചപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്ത വിവരം അറിയുന്നത്. കസ്റ്റഡിയിൽ ക്രൂരമായി മർദിച്ചു. സ്റ്റേഷനിൽ അടിവസ്ത്രം മാത്രം ധരിപ്പിച്ചാണ് നിർത്തിയിരുന്നത്. അവശ നിലയിൽ കോടതിയിൽ‌ എത്തിച്ചു. കോടതി പൊലീസിനെതിരെ കേസെടുത്തു. കേസുമായി ഞങ്ങൾ മുന്നോട്ട് പോകും.

നീതി ലഭിക്കാൻ ഏതറ്റം വരെയും താനും കുടുംബവും പോകും. ഒത്തു തീർപ്പ് ശ്രമവുമായി പലരും ഭർത്താവിനെ ഫോണിൽ ബന്ധപ്പെട്ടു. കേസിൽ നിന്നും പിൻമാറിയാൽ പത്ത് സെന്റ് സ്ഥലവും രണ്ട് നില വീടും നൽകാമെന്ന് വരെ വാഗ്ദാനം ചെയ്തെന്നും ഗോപിക പറഞ്ഞു. കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര സ്റ്റേഷനിലെ എസ്ഐ പി.കെ.പ്രദീപിനെയും ഡ്രൈവറെയും സ്ഥലം മാറ്റിയിരുന്നു. 

ബിജെപി പ്രക്ഷോഭത്തിലേക്ക്; ഇന്ന് സ്റ്റേഷന് മുന്നിൽ സമരം

കസ്റ്റഡിയിൽ യുവാവിനെ മർദിച്ച എസ്ഐയ്ക്കും പൊലീസുകാർക്കും എതിരെ വധശ്രമ കുറ്റം ചുമത്തി കേസെടുക്കണമെന്നും സർവീസിൽ നിന്നും പിരിച്ചു വിടണമെന്നും ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിലേക്ക്. സമരത്തിന്റെ ആദ്യ ഘട്ടമായി ഇന്ന് 10ന്  പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തും. സംസ്ഥാന ഉപാധ്യക്ഷ പ്രഫ.വി‌.ടി.രമ ഉദ്ഘാടനം ചെയ്യും. ഉദ്യോഗസ്ഥർക്ക് എതിരെ കേസ് എടുക്കാത്ത പക്ഷം എസ്പി ഓഫിസ് മാർച്ച് ഉൾപ്പെടെ വരും ദിവസങ്ങളിൽ നടത്തുമെന്ന് മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര പറഞ്ഞു. സുപ്രീം കോടതിവരെ പോകേണ്ടി വന്നാലും  കേസിൽ നിന്നും പിൻമാറില്ല.

കേസ് അന്വേഷണം ഫലപ്രദമാകണം. കസ്റ്റഡിയിലെടുത്ത ഹരീഷിനെ ചുവന്ന സ്വകാര്യകാറിലാണ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. കാർ കസ്റ്റഡിയിൽ എടുക്കണം. സ്റ്റേഷനിലെ ഡ്രൈവർ ഉൾപ്പെടെ ഹരീഷിനെ ക്രൂരമായി മർദിച്ചു. സംഭവത്തിൽ ഉന്നത തല അന്വേഷണം  ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി അമിത് ഷാ, കേന്ദ്ര മനുഷ്യാവകാശ കമ്മിഷൻ, മുഖ്യമന്ത്രി, ഡിജിപി എന്നിവർക്ക് പരാതി നൽകിയതായും നേതാക്കൾ അറിയിച്ചു. വിശദീകരണയോഗത്തിൽ അരുൺ കാടാംകുളം, ബി.സുജിത്ത്,പ്രസാദ് പള്ളിക്കൽ, കൃഷ്ണൻകുട്ടി, ആർ.എസ്.ഉമേഷ് എന്നിവർ പങ്കെടുത്തു.

Tags:
  • Spotlight