‘നമ്മളിൽ ആരാണ് സാർ ആദ്യം മരിക്കുന്നത്?’ ശ്യാമിന്റെ ഈ ചോദ്യം കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ പ്രശാന്ത് കുമാറിന്റെ ഉള്ളിലിപ്പോഴും ഉണ്ടാക്കുന്ന വിഷമം ചെറുതല്ല. ശ്യാംപ്രസാദിന്റെ ഉറ്റസുഹൃത്ത് അടുത്തകാലത്തു മരിച്ചിരുന്നു. സുഹൃത്തിന്റെ വേർപാട് ശ്യാമിനു വലിയ ആഘാതമായി. പ്രശാന്ത് കുമാറാണു അന്ന് ശ്യാമിനെ ആശ്വസിപ്പിച്ചത്.
നമ്മളിൽ ആരാണ് സാർ ആദ്യം മരിക്കുകയെന്നു ശ്യാംപ്രസാദ് അപ്പോഴാണ് പ്രശാന്ത് കുമാറിനോടു ചോദിച്ചത്. ഞാൻ മരിച്ചാൽ സാറിന് വാട്സാപ്പിൽ ഹായ് അയയ്ക്കുമെന്നും മറുപടി തരണമെന്നും ശ്യാം പറഞ്ഞപ്പോൾ മരണം ദൈവമാണ് തീരുമാനിക്കുന്നതെന്നും ആരാണ് ആദ്യം മരിക്കുകയെന്നു പറയാൻ പറ്റില്ലെന്നും പ്രശാന്ത് കുമാർ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു.
നാളെ ഡ്യൂട്ടിയിലുണ്ടാവില്ലെന്നും പകരം മറ്റൊരാളാണു എത്തുകയെന്നും പറഞ്ഞാണ് ശ്യാം യാത്ര പറഞ്ഞത്. പ്രശാന്ത് കുമാറും ശ്യാംപ്രസാദും ഗവർണറുടെ സുരക്ഷാ ഡ്യൂട്ടിക്കായി ഇല്ലിക്കലിൽ എത്തിയിരുന്നു. ഇല്ലിക്കൽ മൈതാനം കണ്ടപ്പോൾ തനിക്കിവിടം മറക്കാനാവില്ലെന്നും കെഎസ്ആർടിസി ബസ് കണ്ടക്ടറായി ജോലി ലഭിക്കാനുള്ള ടെസ്റ്റ് ഇവിടെയാണ് നടന്നതെന്നും പറഞ്ഞു. ശ്യാം നേരത്തെ കെഎസ്ആർടിസി കണ്ടക്ടറായിരുന്നു.
പിന്നീടാണ് പൊലീസ് ഡ്രൈവറായി ജോലി ലഭിച്ചത്. ജോലിയുടെ ഇടവേളകളിൽ പൊലീസ് വാഹനത്തിൽ ഇരുവരും ഒരുമിച്ചിരുന്നു പാട്ടുകൾ പാടുമായിരുന്നു. ശ്യാം ഒരിക്കലും തന്റെ ഡ്രൈവറായിരുന്നില്ല, ഉറ്റ സുഹൃത്തായിരുന്നു. ‘തന്റെ കുട്ടികൾ ശ്യാമിനെ അങ്കിൾ എന്നാണു വിളിച്ചിരുന്നത്. അവരെ ഞാൻ മരണവാർത്ത അറിയിച്ചിട്ടില്ല. അവന്റെ മൊബൈൽ നമ്പർ ഒരിക്കലും ഞാൻ ഡിലീറ്റ് ചെയ്യില്ല. ശ്യാം ഒരു പക്ഷേ, എന്നെ വിളിച്ചേക്കും.’ സ്വരമിടറി പ്രശാന്ത് കുമാർ പറഞ്ഞു.