ബോംബ് രാഷ്ട്രീയത്തിൽ തകർന്ന ഇടതു കൈ കൊണ്ട് അമ്മ കാളിയമ്മയെ ചേർത്തു പിടിച്ചു പുതിയ വീട്ടിലേക്ക് കയറുമ്പോഴും പൂർണചന്ദ്രന്റെ മനസ്സിൽ കടത്തിണ്ണയിൽ അന്തിയുറങ്ങിയ നാളുകളുടെ വിങ്ങുന്ന ഓർമകളുണ്ട്. പക്ഷേ മനസ്സുനിറയെ സന്തോഷമാണ്. എല്ലാം ഒരു നിമിത്തമായി കാണുന്ന പൂർണചന്ദ്രന് ഈ സന്തോഷത്തിൽ ഓർക്കാനും നന്ദി അറിയിക്കാനും അധികമൊന്നുമില്ല. ഉള്ളതിനാകട്ടെ ജീവനോളം വിലയുണ്ട്.
കേരളത്തിലെ ബോംബ് രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന ഇരയായ ‘അമാവാസി’ ആ പേരിൽ നിന്നു ‘പൂർണചന്ദ്രൻ’ എന്ന വെളിച്ചത്തിലേക്ക് പേരും ജീവിതവും മാറ്റി, ഒടുവിൽ സ്വന്തം വീട്ടിൽ എത്തി നിൽക്കുകയാണ്. ജോലി തന്നു വാക്കു പാലിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ജീവിതത്തിലേക്കു കൈപിടിച്ചു കയറ്റിയ സത്യസായി ഓർഫനേജ് ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ, ബോംബ് പൊട്ടി രക്തത്തിൽ കുളിച്ചു കിടന്ന തന്നെ എടുത്തു കൊണ്ടോടിയ ഹോട്ടൽ ജീവനക്കാരി ശാന്തമ്മ, കണ്ണൂർ കലക്ടറായിരുന്ന കെ.ആർ.ജ്യോതിലാൽ, ജോലി ചെയ്തിരുന്ന ആക്രിക്കടയുടെ ഉടമ ഉമ്മർ ... മലയിൻകീഴ് മച്ചേൽ കോവിൽവിള പ്ലാംകോട്ടുമുകളിലെ പുതിയ വീട്ടിലേക്കു വലതുകാൽ വച്ചു കയറുമ്പോൾ പൂർണചന്ദ്രന്റെ (33) മനസ്സിൽ തെളിയുന്ന മുഖങ്ങൾ ഇവരുടേതാണ്. പഠനത്തിനും താമസത്തിനും വഴിയൊരുക്കിയ സായിബാബ പ്രസ്ഥാനത്തിനോടുള്ള നന്ദി എന്നോണം വീടിന് ‘സായികൃപ’ എന്ന പേരിടുകയായിരുന്നു. 4 സെന്റും അതിലെ പുതിയ വീടും വാങ്ങി ജീവിതം കരുപ്പിടിപ്പിക്കാനൊരുങ്ങുകയാണ് പൂർണചന്ദ്രൻ.
സ്റ്റീൽ ബോംബിൽ തകർന്ന ജീവിതം
തമിഴ്നാട് വില്ലുപുരം കള്ളക്കുറിച്ചി സ്വദേശിയായ ശ്രീനിവാസന്റെയും കാളിയമ്മയുടെയും 4 മക്കളിൽ ഇളയ ആളാണ് അന്നത്തെ അമാവാസി. ജീവിക്കാനുള്ള വഴി തേടി കുടുംബം വടകരയിൽ എത്തുകയായിരുന്നു. പഴയ പാത്രങ്ങൾ അറ്റകുറ്റപ്പണി ചെയ്യുന്ന ജോലിയായിരുന്നു അച്ഛന്. കടത്തിണ്ണകളിലായിരുന്നു അന്തിയുറക്കം. അമാവാസിയുടെ 5–ാം വയസ്സിൽ അച്ഛൻ നഷ്ടമായി. പിന്നീട് കുടുംബം കണ്ണൂരിലേക്ക് ചേക്കേറി. മക്കളെ പോറ്റാൻ കാളിയമ്മ ഭിക്ഷയെടുത്തു. അമാവാസി ആക്രി പെറുക്കാനിറങ്ങി. 1998 ഒക്ടോബർ 26ന് ആക്രി പെറുക്കുന്നതിനിടെ കിട്ടിയ സ്റ്റീൽ ഡപ്പി ചുറ്റിക കൊണ്ട് അടിച്ചു തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. ആ സ്റ്റീൽ ബോംബിൽ തകർന്നത് 7 വയസ്സുള്ള അമാവാസിയുടെ വലതുകണ്ണും ഇടതുകയ്യും!
അമാവാസിയിൽ നിന്നു പൂർണചന്ദ്രനിലേക്ക്
വാർത്ത ശ്രദ്ധയിൽപെട്ട സത്യസായി ഓർഫനേജ് ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ അമാവാസിയെ ഏറ്റെടുത്തു സായിനികേതനിലും പിന്നീട് സായിഗ്രാമത്തിലും എത്തിച്ചു. 1991ൽ കൊടുങ്ങാനൂരിൽ സായിനികേതൻ ക്യാംപിലെത്തിയ സിപിഎം സൈദ്ധാന്തികൻ പി.ഗോവിന്ദപ്പിള്ളയും എഴുത്തുകാരി ജെ.ലളിതാംബികയും ചേർന്നാണ് അമാവാസിയുടെ പേര് ‘എസ്.കെ.പൂർണചന്ദ്രൻ’ എന്നാക്കിയത്. പഠനത്തോടൊപ്പം സംഗീതത്തിലും അറിവ് നേടി. തിരുവനന്തപുരം സംഗീത കോളജിൽ നിന്ന് സംഗീതത്തിൽ ബിരുദവും നേടി.
ജീവിതം നൽകിയ ഉമ്മൻ ചാണ്ടി
സത്യസായി ബാബ സമാധി ദിനത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഉമ്മൻ ചാണ്ടി ഭജന ആലപിച്ചു കൊണ്ടിരുന്ന പൂർണചന്ദ്രനെ പരിചയപ്പെടുന്നത്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടി താൻ അധികാരത്തിൽ വന്നാൽ ജോലി നൽകാമെന്നറിയിച്ചു. ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലേറിയതോടെ 2012 മേയ് 23ന് പൂർണചന്ദ്രന് പഠിച്ച സംഗീത കോളജിൽ തന്നെ ക്ലാർക്കായി നിയമനം നൽകി. ഇപ്പോൾ തിരുവനന്തപുരം സംസ്കൃത കോളജിൽ സീനിയർ ക്ലാർക്കാണ്. ജീവിതത്തിന് വഴിയൊരുക്കിയ ഉമ്മൻ ചാണ്ടിയുടെ സ്മൃതികുടീരത്തിൽ പ്രാർഥിച്ച ശേഷമാണ് ഇന്നലെ ഗൃഹപ്രവേശ ചടങ്ങു നടത്തിയത്. ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളെയും വീട്ടിലേക്കു ക്ഷണിച്ചിരുന്നു.