ADVERTISEMENT

പോത്തൻകോട് കണ്ടൽ നിയാസ് മൻസിലിൽ വാടകയ്ക്കു താമസിച്ചിരുന്ന കണിയാപുരം കരിച്ചാറ കുളവരമ്പത്തു വീട്ടിൽ ഷാനുവിന്റെ (വിജി–33) മരണത്തിൽ ദുരൂഹതയുണ്ടെന്നും പോസ്റ്റ്മോർട്ടം സംബന്ധിച്ച വിവരങ്ങൾ ഇന്നു ലഭിക്കുമെന്നും മംഗലപുരം പൊലീസ്. ഇതിനുശേഷമേ സംഭവത്തിൽ വ്യക്തത പറയാനാകൂ. യുവതിക്കൊപ്പം താമസിച്ചിരുന്ന സുഹൃത്ത്, തമിഴ്നാട് തിരുനെൽവേലി സ്വദേശി രംഗനു(33) വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 5ന് ഷാനുവിന്റെ മക്കൾ സ്കൂളിൽനിന്നു വീട്ടിലെത്തിയപ്പോഴാണ് ഹാളിൽ മൃതദേഹം കണ്ടത്.

ഷാനുവിന്റെ 2 പവന്റെ സ്വർണമാലയും കമ്മലും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടിരുന്നു. ഇന്നലെ രാവിലെ തിരുവനന്തപുരം താലൂക്ക് തഹസിൽദാർ എം.എസ്.ഷാജുവിന്റെ സാന്നിധ്യത്തിൽ പൊലീസ് മഹസർ തയാറാക്കി. ഫൊറൻസിക്, സയന്റിഫിക് വിദഗ്ധർ സ്ഥലത്തെത്തി. മൃതദേഹത്തിനു സമീപം ചെറിയ, കനം കുറഞ്ഞ കയറിന്റെ കഷണം ഉണ്ടായിരുന്നു.

ADVERTISEMENT

വിവാഹം റജിസ്റ്റ‍ർ ചെയ്യാനിരുന്ന ദിവസം മരണം 

നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ തിങ്കളാഴ്ച വിവാഹം റജിസ്റ്റ‍ർ ചെയ്യാനിരിക്കെയാണ് ഷാനുവിന്റെ അപ്രതീക്ഷിത മരണമെന്ന് ബന്ധുക്കൾ. ഇതേ ദിവസം രംഗന്റെ ജന്മദിനവുമായിരുന്നു. വൈകിട്ട് കേക്കു മുറിച്ച് ആഘോഷിക്കാമെന്നു മക്കളോടും പറഞ്ഞിരുന്നു. 8 വ‍ർഷം മുൻപ് കണിയാപുരത്തിനു സമീപത്തെ ഹോട്ടലിൽ വച്ചായിരുന്നു രംഗനെ ഷാനു പരിചയപ്പെട്ടത്. എന്നാൽ, ഇടയ്ക്ക് ഇരുവരും അകന്നിരുന്നു. 

ADVERTISEMENT

ആറു മാസം മുൻപ് ഇവർ കരിച്ചാറയിലെ വാടകവീട്ടിൽ ഒരുമിച്ചു താമസം തുടങ്ങി. കഠിനംകുളത്ത് ക്ഷേത്രത്തിൽ വച്ച് താലികെട്ടും നടത്തി. എന്നാൽ റജിസ്റ്റർ ചെയ്തിരുന്നില്ല. വീട്ടിൽ കലഹം പതിവായിരുന്നെന്നും മക്കൾ പറഞ്ഞു. ഷാനുവിന്റെ ഭർത്താവ് ചിറയിൻകീഴ് ചെറുവള്ളിമുക്ക് സ്വദേശി ബിനു 8 വർഷം മുൻപ് മരിച്ചിരുന്നു. അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികൾ ഇപ്പോൾ അനാഥത്വത്തിന്റെ വക്കിലാണ്. ബന്ധുക്കളും നിസ്സഹായരാണ്. ബന്ധുവീട്ടിലേക്കാണു താൽക്കാലികമായി ഇവരെ മാറ്റിയത്.

സംരക്ഷണ ചുമതല ഏറ്റെടുക്കും

ADVERTISEMENT

കുട്ടികളുടെ താമസവും വിദ്യാഭ്യാസവും തുടർപഠനവും ഉൾപ്പെടെ സംരക്ഷണച്ചുമതല സിഡബ്ല്യുസി ഏറ്റെടുക്കാൻ തയാറെന്ന് ജില്ലാ അധ്യക്ഷ എ. ഷാനിബാ ബീഗം അറിയിച്ചു.

ADVERTISEMENT