Friday 15 February 2019 04:52 PM IST

കാട്ടിൽ ഒരു അയ്യപ്പനുണ്ട്, കാണാൻ പോയേക്കാം എന്നാണെങ്കിൽ ശബരിമലയെ വെറുതേ വിട്ടുകൂടേ...? ‘വനിത’യോടു നയം വ്യക്തമാക്കി പൃഥ്വിരാജ്

Sujith P Nair

Sub Editor

prithvi- ഫോട്ടോ; ഷെഹീൻ താഹ

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ നയം വ്യക്തമാക്കി നടൻ പൃഥ്വിരാജ്. പുതിയ ലക്കം ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യത്തിൽ നിലപാട് പരസ്യമാക്കിയത്. ഇതാദ്യമായാണ് ഏതെങ്കിലും ഒരു മാധ്യമത്തിനോട് അദ്ദേഹം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്.

പൃഥ്വിയുടെ വാക്കുകൾ–

പ്രായം കൂടും തോറും ദൈവങ്ങളിലും ബിംബങ്ങളിലുമൊക്കെയുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. മതത്തിൽ തീരെ വിശ്വാസമില്ല. പ്രപഞ്ചത്തെ മുഴുവൻ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നാണ് കരുതുന്നത്. കുട്ടിക്കാലം മുതൽക്കേ ക്ഷേത്രങ്ങളിൽ പോയി പ്രാർഥിച്ചിരുന്നതിനാൽ ഇപ്പോഴും അതു തുടരുന്നു. അമ്പലങ്ങളിൽ പോകാറുണ്ട്, വീട്ടിൽ പൂജാ മുറിയിൽ പ്രാർഥിക്കാറുമുണ്ട്. പള്ളികളിലും പോകും. വിശ്വാസത്തിന്റെ പേരിൽ നടക്കുന്ന വിവാദങ്ങൾ കാണുമ്പോൾ വിഷമം തോന്നാറുണ്ട്. എന്തിലാണോ വിശ്വാസം അതിൽ ഉറച്ചു വിശ്വസിക്കുക. സാത്താനിൽ ആണെങ്കിൽ അതിൽ അടിയുറച്ചു നിൽക്കുക.

ക്ഷേത്രത്തിൽ വിശ്വസിക്കുന്നവരാണെങ്കിൽ അതിന്റെ ആചാരങ്ങളിലും വിശ്വസിക്കണം. അല്ലെങ്കിൽ അതിന്റെ പേരിൽ പ്രശ്നങ്ങൾക്കു നിൽക്കരുത്. ശബരിമലയിൽ ദർശനത്തിനായി പോയ സ്ത്രീകൾ അയ്യപ്പനിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാൽ അതിൽ അഭിപ്രായം പറയാം. അതല്ലാതെ വെറുതേ കാട്ടിൽ ഒരു അയ്യപ്പനുണ്ട്, കാണാൻ പോയേക്കാം എന്നാണ് നിലപാടെങ്കിൽ എനിക്ക് ഒന്നേ പറയാനുള്ളൂ... നിങ്ങൾക്ക് പോകാൻ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതേ വിട്ടുകൂടേ... അതിന്റെ പേരിൽ എന്തിനാണ് ഇത്രയും പേർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. – പൃഥ്വിരാജ് ചോദിക്കുന്നു.

ഇതാ സുപ്രിയയുടെ രണ്ടു മുഖങ്ങൾ; പ്രണയാശംസ സെൽഫ് ട്രോളിൽ മുക്കി പൃഥ്വി; വൈറലായി ചിത്രം

മഞ്ജൂ, മുഖത്ത് കുറച്ചു കൂടി ‘ഇൻക്രഡുലെസ്നെസ്’ വേണം; പൃഥ്വിരാജിന്റെ ഇംഗ്ലീഷ് കേട്ട് പകച്ചു പോയത് ലൂസിഫർ ടീം, ട്രോളൻമാർക്ക് ചാകര